ഫിലിപ് കോസ്റ്റിച്ചിനെ ലക്ഷ്യമിട്ട് വെസ്റ്റ്ഹാം

ഫ്രാങ്ക്ഫർട്ടിൽ നിന്നും സെർബിയൻ താരം ഫിലിപ് കോസ്റ്റിച്ചിനെ എത്തിക്കാനുള്ള ശ്രമങ്ങളുമായി വെസ്റ്റ് ഹാം മുന്നോട്ട്. കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫർടിന് മുന്നിൽ തങ്ങളുടെ ഔദ്യോഗിക ഓഫർ വെസ്റ്റ്ഹാം സമർപ്പിച്ചിരുന്നു. ഏകദേശം പതിനേഴ് മില്യണോളം യൂറോയാണ് വെസ്റ്റ്ഹാം താരത്തിനായി മുടക്കാൻ തയ്യാറായിരിക്കുന്നത് എന്നാണ് സൂചനകൾ. ഇതിന് പിറകെ കോസ്റ്റിച്ചുമായി വ്യക്തിപരമായ ചർച്ചകളും ടീം ആരംഭിച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ യൂറോപ്പ ജേതാക്കളായ ഫ്രാങ്ക്ഫർട്ടിന്റെ അഭിവാജ്യ ഘടകം ആയിരുന്നു ഈ ഇരുപതിയൊമ്പത്കാരൻ. ഇടത് വശത്ത് മധ്യനിരയിലും വിങ് ബാക്ക് ആയും വിങ്ങർ ആയും ഒരു പോലെ ഇറങ്ങാൻ സാധിക്കുന്ന താരമാണ്. 2018ൽ ബുണ്ടസ് ലീഗ ടീം തന്നെയായ ഹാംബർഗറിൽ നിന്നാണ് ഫ്രാങ്ക്ഫെർട്ടിൽ എത്തിയത്. ഫ്രാങ്ക്ഫെർട്ടിനായി നൂറ്റിഎഴുപതോളം മത്സരങ്ങളിൽ ഇറങ്ങി.

യൂറോപ്പ ജേതാക്കൾ ആയ ഫ്രാങ്ക്ഫെർട് യുവേഫ സൂപ്പർ കപ്പിൽ റയലിനെ നേരിട്ടാകും സീസൺ ആരംഭിക്കുക. കോസ്റ്റിച്ച് വെസ്റ്റ്ഹാമിലേക്ക് കൂടുമാറിയാൽ ചാമ്പ്യൻസ് ലീഗിൽ ഇത്തവണ മത്സരിക്കാനുള്ള അവസരം കൂടിയാണ് താരത്തിന് നഷ്ടമാവുക. അതേ സമയം മികച്ച പ്രതിഫലം നൽകി താരത്തെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ്ഹാം.