ഡാഞ്ചുമ ഇനി എവർട്ടണൊപ്പം കളിക്കും

20230121 090735

വിയ്യാറയൽ താരം അർനോട് ഡാഞ്ചുമ സീസണിന്റെ ശേഷിക്കുന്ന ഭാഗം എവർടണിനൊപ്പം ചെലവഴിക്കും. വിയ്യാറയലുമായി ഇംഗ്ലീഷ് ക്ലബ്ബ് ലോൺ കരാറിൽ എത്തി. എന്നാൽ ലോൺ കാലവധിക്ക് ശേഷം താരത്തെ എവർടൺ സ്വന്തമാക്കില്ല. പ്രീമിയർ ലീഗിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് ആണിത്.

തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർടൻ മുന്നേറ്റം ശക്തമാക്കുന്നതിനാണ് നെതർലന്റ്സ് മുന്നേറ്റ താരത്തെ എത്തിക്കുന്നത്. നേരത്തെ ഉനയ് ഉമരിക്ക് കീഴിൽ വിയ്യാറയൽ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ഡാഞ്ചുമക്ക് എന്നാൽ കിക്കെ സെറ്റിയന് കീഴിൽ അത്ര നല്ല സമയമല്ല. ഇതോടെയാണ് കൂടുമാറാനുള്ള നീക്കങ്ങൾ ഇരുപത്തിയഞ്ചുകാരൻ ആരംഭിച്ചത്. നേരത്തെ ബേൺമൗത്തിന് വേണ്ടി പ്രീമിയർ ലീഗിൽ ബൂട്ടു കെട്ടിയിട്ടുണ്ട് താരം. വിയ്യാറയലിൽ 51 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ സ്വന്തമാക്കി. മുന്നേറ്റ നിരയുടെ മോശം പ്രകടനം ഡാഞ്ചുമയിലൂടെ ഒരു പരിധി വരെ മറികടക്കാം എന്നാണ് എവർടൻ കണക്ക് കൂട്ടുന്നത്. സതാംപ്ടൻ, നോട്ടിങ്ഹാം ഫോറെസ്റ്റ് എന്നീ ടീമുകളും താരത്തിന് പിറകെ ഉണ്ടായിരുന്നു.