വിനീഷ്യസ് ജൂനിയറിനെ തന്റെ ക്ലബിൽ എത്തിക്കാൻ റൊണാൾഡോ ശ്രമം

ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ ക്ലബായ റയൽ വല്ലാഡോലിഡിൽ ഒരു വൻ നീക്കത്തിനായി ഒരുങ്ങുന്നു. ബ്രസീലിന്റെ ഭാവി വാഗ്ദാനം എന്ന് കരുതപ്പെടുന്ന വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റൊണാൾഡോ ആരംഭിച്ചതായാണ് അഭ്യൂഹങ്ങൾ. റയൽ മാഡ്രിഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ വിനീഷ്യസിനെ സ്വന്തമാക്കാനാണ് വല്ലാഡോലിഡ് ശ്രമിക്കുന്നത്. ജനുവരിയിൽ ആയിരിക്കും ഈ നീക്കം നടക്കാൻ സാധ്യത.

റയൽ മാഡ്രിഡിൽ വിനീഷ്യസിന് അവസരങ്ങൾ കുറവായിരിക്കും എന്നതാണ് റൊണാൾഡോയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. വിനീഷ്യസിന് തന്റെ ക്ലബിലായാൽ സ്ഥിരം സ്റ്റാർട്ട് റൊണാൾഡോ ഉറപ്പ് നൽകും. 17 കാരനായ വിനീഷ്യസ് ഈ സീസണിലാണ് റയൽ ജേഴ്സിയിൽ എത്തിയത്. റൊണാൾഡോയും ഈ സീസണിലാണ് സ്പെയിനിൽ ഒരു ക്ലബ് സ്വന്തമാക്കിയത്.

ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയിൽ നിന്നായിരുന്നു വിനീഷ്യസ് റയൽ മാഡ്രിഡിൽ എത്തുന്നത്. ഒരു സീസൺ മുമ്പ് തന്നെ റയൽ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു എങ്കിലും കഴിഞ്ഞ സീസണിൽ ബ്രസീലിൽ തന്നെ കളിക്കാൻ താരത്തെ വിടുകയായിരുന്നു.

കഴിഞ്ഞ‌ സീസണിൽ ഫ്ലമെംഗോയ്ക്കായി സീനിയർ അരങ്ങേറ്റം നടത്തിയ വിനീഷ്യസിന് അവിടെ 19 ഗോളുകളിൽ പങ്കുണ്ടായിരുന്നു‌.

Previous articleവിജയമൊരുക്കി ബൗളര്‍മാര്‍, ഇന്ത്യയ്ക്ക് ഏകദിന പരമ്പര
Next articleവാറ്റ്ഫോർഡിനെതിരെ പ്രധാന താരങ്ങൾ ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്