വരാനെയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ്, 2026വരെയുള്ള കരാർ

Img 20210717 110530
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വരാനെയെ സ്വന്തമാക്കാനുള്ള ശ്രമം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയ്ക്ക് വേണ്ടി ഔദ്യോഗിക ബിഡ് സമർപ്പിക്കും. 50 മില്യന്റെ ഓഫർ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ മാഡ്രിഡിന് നൽകുക. വരാനെ നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താരം പ്രീമിയർ ലീഗിനെ ഒരുപാട് ഇഷ്ടപ്പെടുന്നുമുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചു വർഷം നീളമുള്ള കരാറാണ് വരാനെയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വരാനെ ടീമിൽ എത്തിയാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ ലീഗിലെ തന്നെ മികച്ച ഡിഫൻസാക്കി മാറ്റിയേക്കും. ഇപ്പോൾ ഹാരി മഗ്വയർ, ലൂക് ഷോ, വാൻ ബിസാക എന്നിവർ ഉള്ള ഡിഫൻസ് ലൈനിൽ വരാനെ കൂടെ എത്തിയാൽ യുണൈറ്റഡിന് അത് വലിയ കരുത്താകും. ലിൻഡെലോഫ്, എറിക് ബയി, ടുവൻസെബെ, അലക്സ് ടെല്ലസ് എന്നിവർ സ്ക്വാഡ് ശക്തമാക്കുകയും ചെയ്യും.

ഇതിനകം തന്നെ സാഞ്ചോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വരാനെയെ കൂടെ സ്വന്തമാക്കിയാൽ ഇത് അവർക്ക് ഒരു വലിയ ട്രാൻസ്ഫർ വിൻഡോ ആയും മാറും. ഒരുപാട് കിരീടങ്ങൾ റയൽ മാഡ്രിഡിനൊപ്പം നേടിയിട്ടുള്ള താരമാണ് വരാനെ. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഒലെയുടെ ടീമിന് വലിയ ഗുണം ചെയ്യും.