മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് റോഹോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനൻ ഡിഫൻഡർ മാർക്കോസ് റോഹോ ക്ലബ് വിടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റോഹോ പോകുമെന്ന അഭ്യൂഹങ്ങൾ താരം തന്നെ നിഷേധിച്ചു. അർജന്റീന ക്ലബായ ബോകാ ജൂനിയേഴ്സുമായി ചർച്ച നടത്തി എന്നും എന്നാൽ ഇപ്പോൾ മാഞ്ചസ്റ്ററിൽ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നും റോഹോ പറഞ്ഞു. സോൾഷ്യാറുമായി ചർച്ചകൾ നടത്തി എന്നും പരിശീലകന്റെ പ്ലാനിൽ താൻ ഉണ്ടെന്നും റോഹോ പറഞ്ഞു.

2021 ജൂൺ വരെ താരത്തിന് ക്ലബിൽ കരാർ ഉണ്ട്. പരിക്ക് കാരണം യുണൈറ്റഡിന്റെ സ്റ്റാർടിങ് ഇലവനിൽ പലപ്പോഴും കളിക്കാൻ പോലും സാധിക്കാത്ത റോഹോ ടീമിൽ തുടരുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷമുണ്ടാവില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും ബുദ്ധിമുട്ടുന്നത് ഡിഫൻസിൽ ആയതിനാൽ തന്നെ പുതിയ താരങ്ങൾ ഡിഫൻസിൽ വരണമെന്നാണ് യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കുന്നത്. 28കാരനായ റോഹോ 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനൊപ്പം യൂറോ കപ്പ്, എഫ് എ കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് എന്നിവ റോഹോ നേടിയിട്ടുണ്ട്. എങ്കിലും ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരമായിരുന്നില്ല റോഹോ.