ഫ്രഞ്ച് മധ്യനിര താരം ടോട്ടൻഹാമിലേക്ക്, മുടക്കുന്നത് റെക്കോർഡ് തുക

പതിനെട്ട് മാസങ്ങൾക്ക് ശേഷം നടത്തുന്ന ആദ്യ ട്രാൻസ്ഫറിന് സ്പർസ് ഒരുങ്ങിയതായി റിപ്പോർട്ടുകൾ. ലിയോണിന്റെ മധ്യനിര താരം ടാൻഗോയ് എൻടോമ്പലെയെ സ്പർസ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. ഫ്രാൻസിൽ നിന്നുള്ള റിപോർട്ടുകൾ പ്രകാരം ഏതാണ്ട് 62 മില്യൺ യൂറോ നൽകിയാണ് സ്പർസ് ഫ്രഞ്ച് താരത്തെ ലണ്ടനിൽ എത്തിക്കുന്നത്. തരത്തിനായി യുണൈറ്റഡ്, യുവന്റസ് ടീമുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും സ്പർസാണ് വിജയിച്ചത്.

ഫ്രഞ്ച് ദേശീയ ടീം അംഗമാണ് എൻടോമ്പലെ. ഫ്രാൻസിനായി ഇതുവരെ നാല് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 22 വയസുകാരനായ എൻടോമ്പലെയെ ഇന്ന് ലോക ഫുട്‌ബോളിൽ ഏറ്റവും മികച്ച യുവ മധ്യനിര താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്‌. നേരത്തെ ലിയോണിന്റെ പ്രസിഡന്റും താരം ക്ലബ്ബ് വിട്ടേക്കും എന്ന് സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ 49 മൽസരങ്ങൾ ലിയോണിനായി കളിച്ച താരം 3 ഗോളുകളും 8 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ബാഴ്സലോണയിലേക്ക് വരാൻ ശമ്പളം കുറയ്ക്കാനും നെയ്മർ തയ്യാർ

ബാഴ്സലോണയിലേക്ക് തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ വേതനം കുറക്കാനും നെയ്മർ തയ്യാറാകുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ പി എസ് ജിയിൽ സമ്പാദിക്കുന്നതിൽ നിന്ന് വൻ തുക തന്നെ കുറവ് വരാൻ സാധ്യതയുണ്ട് എങ്കിലും ബാഴ്സലോണയിലേക്ക് വരാൻ തന്നെ ഉറച്ചിരിക്കുകയാണ് നെയ്മർ.

400000യൂറോ ആഴ്ചയിൽ സമ്പാദിക്കുന്ന വിധത്തിലാകും പുതിയ നെയ്മർ കരാർ. ഒരു സീസണിൽ 21 മില്യണാകും ബാഴ്സലോണയിലെ നെയ്മറിന്റെ സമ്പാദ്യം. ഇപ്പോൾ പി എസ് ജിയിൽ ഇത് 36 മില്യണാണ്‌. ഇത് മാത്രമല്ല ബാഴ്സലോണ ആരാധകരോട് പരസ്യമായി ക്ഷമ പറയാനും നെയ്മർ സമ്മതിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ ആദ്യം തന്നെ ഗ്രീസ്മെനെ സ്വന്തമാക്കാൻ ബാഴ്സലോണ

അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പർ സ്റ്റാറായിരുന്ന അന്റോണിയോ ഗ്രീസ്മെൻ അടുത്ത ദിവസങ്ങളിൽ തന്നെ ബാഴ്സലോണയിൽ എത്തും. അത്ലറ്റിക്കോ മാഡ്രിഡ് വിടുമെന്ന് നേരത്തെ തന്നെ അറിയിച്ച ഗ്രീസ്മെനെ ജൂലൈ ഒന്നിനു തന്നെ ബൈ ഔട്ട് ക്ലോസ് നൽകി സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്.

120 മില്യണാണ് ഗ്രീസ്മെന്റെ ബൈ ഔട്ട് ക്ലോസ്. പി എസ് ജിയും താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും ഗ്രീസ്മെൻ ബാഴ്സലോണയിലേക്ക് തന്നെ ആകും പോവുക. അവസാന അഞ്ചു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിലെ ഏറ്റവും പ്രധാന താരമായിരുന്നു ഗ്രീസ്മെൻ.

കഴിഞ്ഞ സീസണിൽ തന്നെ ഗ്രീസ്മെൻ ബാഴ്സലോണയിൽ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയിൽ ആകുന്നതിനാൽ ക്ലബിൽ തന്നെ ഗ്രീസ്മെൻ തുടരുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രീസ്മെൻ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.

സിലെസൻ ബാഴ്സലോണ വിട്ട് വലൻസിയയിലേക്ക്

ബാഴ്സലോണയുടെ ഗോൾകീപ്പർ സിലെസൻ ക്ലബ് വിടുന്നതിന് അടുത്ത് എത്തിയിരിക്കുന്നു. സ്പാനിഷ് ക്ലബായ വലൻസിയയിലേക്കാകും സിലെസൻ പോവുക. സിലെസൻ ഇന്ന് വലൻസിയയിൽ മെഡിക്കൽ പൂർത്തിയാക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പറായി ഏറെ കാലം ചിലവഴിച്ച സിലെസൻ ഇനിയും രണ്ടാമനാകാൻ താല്പര്യമില്ലാത്തതിനാൽ ആണ് ക്ലബ് വിടുന്നത്.

താൻ ബാഴ്സലോണ വിടും എന്ന് നേരത്തെ തന്നെ സിലെസെൻ വ്യക്തമാക്കിയിരുന്നു. ഹോളണ്ടിന്റെ ഗോൾ കീപ്പറായ സിലെസണ് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ടായിരുന്നു. സ്പെയിനിൽ തന്നെ നിൽക്കാനുള്ള സിലെസെന്റെ താല്പര്യമാണ് വലൻസിയയിലേക്ക് താരത്തെ എത്തിക്കുന്നത്. നേരത്തെ വലൻസിയയുടെ സിലെസനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങളെ ബാഴ്സലോണ എതിർത്തിരുന്നു.

“അടുത്ത സീസണിൽ എവിടെ കളിക്കും എന്ന് ഉറപ്പില്ല” – കൗട്ടീനോ

തന്റെ ബാഴ്സലോണ ഭാവി എന്താകുമെന്ന് അറിയില്ല എന്ന് ബ്രസീലിയൻ താരം കൗട്ടീനോ. ബാഴ്സലോണയുമായി തനിക്ക് ഇനിയും കരാർ ഉണ്ട് പക്ഷെ ഇപ്പോൾ തന്റെ ഭാവിയെ കുറിച്ച് തനിക്ക് തന്നെ അറിയില്ല എന്ന് കൗട്ടീനോ പറഞ്ഞു. കഴിഞ്ഞ സീസൺ താൻ ആഗ്രഹിച്ചതു പോലെ അല്ല നടന്നത്. അതിന്റെ നിരാശയുണ്ട്. കൗട്ടീനോ പറഞ്ഞു.

കൗട്ടീനോയെ സ്വന്തമാക്കാം പി എസ് ജി അടക്കം നിരവധി ക്ലബുകൾ ഇപ്പോൾ രംഗത്തുണ്ട്. നെയ്മറിനെ കൊണ്ടു വരാൻ വേണ്ടി കൗട്ടീനോയെ ബാഴ്സലോണ പി എസ് ജിക്ക് കൈമാറും എന്നും അഭ്യൂഹമുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഒന്നും കൗട്ടീനോ പ്രതികരിച്ചില്ല. താൻ ഇപ്പോൾ കോപ അമേരിക്ക പോരാട്ടങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. അതു കഴിഞ്ഞ് മാത്രമേ ഭാവി കാര്യങ്ങൾ ചിന്തിക്കുകയുള്ളൂ. കൗട്ടീനോ പറഞ്ഞു.

ബുഫണെ സ്വന്തമാക്കാൻ ലീഡ്സും പോർട്ടോയും

ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പറെ സ്വന്തമാക്കനുള്ള ശ്രമങ്ങക്കുമായി രണ്ട് ക്ലബുകൾ രംഗത്ത്. ഇംഗ്ലീഷ് കബായ ലീഡ്സ് യുണൈറ്റഡും പോർച്ചുഗീസ് ക്ലബായ പോർട്ടോയുമാണ് ബുഫണായി രംഗത്തുള്ളത്. ഈ സീസൺ അവസാനത്തോടെ പി എസ് ജി വിട്ട ബുഫൺ ഇനി ഏതു ക്ലബിലാകും കളിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.

പോർട്ടോ ബുഫൺ വേണ്ടി വൻ ഓഫർ തന്നെയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഐകർ കസിയസ് ഉടൻ വിരമിക്കും എന്നതിനാലാണ് അത്രയും പരിചയസമ്പത്തുള്ള ബുഫണെ പകരക്കാരനായി കൊണ്ടു വരാൻ പോർട്ടോ ശ്രമിക്കുന്നത്. ലീഡ്സ് ആകട്ടെ എങ്ങനെ എങ്കിലും ചാമ്പ്യൻഷിപ്പ് കടമ്പ കടക്കണം എന്ന് ഉറച്ചാണ് മുന്നോട്ട് പോകുന്നത്. ബുഫൺ അടക്കം പല പ്രമുഖരെയും ലീഡ്സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്‌.

എവിടെ കളിക്കുമെന്ന് അറിയില്ല എന്ന് ഹാമസ് റോഡ്രിഗസ്

റയൽ മാഡ്രിഡിന്റെ കൊളംബിയൻ താരം ഹാമസ് റോഡ്രിഗസ് താൻ ഈ വരും സീസണിൽ എവിടെയാകും കളിക്കുക എന്ന് ഉറപ്പില്ല എന്ന് ആവർത്തിച്ചു. ഇന്ന് കോപ അമേരിക്ക മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു ഹാമസ്. എവിടെ താൻ കളിക്കുൻ എന്ന് തനിക്ക് അറിയില്ല. കോപ അമേരിക്കയ്ക്ക് ശേഷം മാത്രമേ അത് ചിന്തിക്കുകയുള്ളൂ. ഹാമസ് പറഞ്ഞു.

എന്നാൽ നാപോളി തന്നെ സ്വന്തമാക്കാൻ വലിയ ശ്രമം തന്നെ നടത്തുന്നുണ്ട് എന്നും. ഒരു ക്ലബ് തന്നോട് ഇത്ര സ്നേഹം കാണിക്കുന്നതിൽ സന്തോഷമുണ്ട് എന്നും ഹാമസ് പറഞ്ഞു. ഇറ്റാലിയൻ ക്ലബായ നാപോളിയിലേക്ക് തന്നെ ആകും ഹാമസ് പോവുക എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഏകദേശം 40 മില്യണോളം ഹാമസിനു വേണ്ടി നാപോളി റയൽ മാഡ്രിഡിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ തുക റയൽ അംഗീകരിക്കുകയാണെങ്കിൽ ട്രാൻസ്ഫർ നടക്കും.

ബാഴ്സലോണ ആരാധകരോട് മാപ്പു പറയാൻ ഒരുങ്ങി നെയ്മർ

ബാഴ്സലോണയിലേക്ക് തിരികെ വരാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ബാഴ്സലോണ ആരാധകരോട് പരസ്യമായി ക്ഷമ പറയാൻ ഒരുങ്ങുകയാണ് നെയ്മർ. മുമ്പ് ബാഴ്സലോണയിൽ നാലു വർഷത്തോളം കരാർ ബാക്കിയിരിക്കെ വൻ തുക വാഗ്ദാന ചെയ്ത പി എസ് ജിയിലേക്ക് നെയ്മർ കൂടു മാറിയിരുന്നു. ഇപ്പോൾ പി എസ് ജി വിട്ട് ബാഴ്സയിലേക്ക് വരാൻ ശ്രമിക്കുകയാണ് നെയ്മർ.

എന്നാൽ ബാഴ്സലോണ നെയ്മറിനെ എടുക്കണമെങ്കിൽ ആദ്യം നെയ്മറിനോട് ആരാധകർക്ക് ഉള്ള രോഷം പോകേണ്ടതുണ്ട്‌ അതിനായി നെയ്മർ പരസ്യമായി ബാഴ്സലോണ ആരാധകരോട് മാപ്പു പറയും എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ബ്രസീലിയൻ ഇതിഹാസം റിവാൾഡോ നെയ്മറിനോട് പരസ്യമായി മാപ്പു പറയാൻ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ബാഴ്സലോണ ക്ലബ് അധികൃതരും ഇതാവശ്യപ്പെട്ടതായാണ് വിവരങ്ങൾ.

“ഡി ലിറ്റിനെ കൂടെ യുവന്റസ് സ്വന്തമാക്കിയാൽ പിന്നെ ഇറ്റാലിയൻ ലീഗ് നടത്തേണ്ട കാര്യമില്ല”

അയാക്സിന്റെ ക്യാപ്റ്റൻ ഡി ലിറ്റിനെ കൂടെ യുവന്റസ് സ്വന്തമാക്കുകയാണെങ്കിൽ പിന്നെ സീരി എ നടത്തേണ്ടതില്ല എന്ന് മുൻ റയൽ മാഡ്രിഡ് പരിശീലകൻ ഫാബിയോ കപെല്ലോ. യുവന്റസും ഡിലിറ്റുമായി കരാർ ധാരണായി എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് കപെല്ലോയുടെ പ്രതികരണം. ഡി ലിറ്റ് കൂടെ വന്നാൽ പിന്നെ അടുത്ത സീസണിൽ ഇറ്റലിയിൽ കിരീട പോരാട്ടമേ ഉണ്ടാകില്ല. കപെല്ലോ പറഞ്ഞു.

ഡി ലിറ്റിന്റെ സാന്നിദ്ധ്യം യുവന്റസിനെ ചാമ്പ്യന്മാരാക്കും അതുകൊണ്ട് ഈ സീസൺ ഉപേക്ഷിച്ച് അതിന്റെ അപ്പുറത്തെ സീസൺ നോക്കിയാൽ മതി എന്നും കപ്പെല്ലോ പറഞ്ഞു. ഡിലിറ്റ് ഗംഭീര താരമാണ്. ഡി ലിറ്റ് ഉണ്ടെങ്കിൽ ഫുൾബാക്കുകൾക്ക് ധൈര്യത്തിൽ മുന്നേറാൻ കഴിയും എന്നും അയാക്സിൽ നടത്തിയതൊക്കെ യുവന്റസിലും ഡി ലിറ്റ് ആവർത്തിക്കും എന്നും കപ്പെല്ലോ പറഞ്ഞു.

“നെയ്മർ പി എസ് ജി വിടരുത്”

നെയ്മർ പി എസ് ജി വിട്ടു പോകരുത് എന്ന് സഹതാരം മാർക്വിനോസ്. പി എസ് ജിയുടെ സെന്റർ ബാക്കായ മാർക്കിനോസ് നെയ്മറിന്റെ അഭാവം ക്ലബിനെ കാാര്യമായി തന്നെ ബാധിക്കും എന്ന് വിശ്വസിക്കുന്നു. നെയ്മർ ടീമിനൊപ്പം തുടരണമെന്നാണ് തന്റെ ആഗ്രഹം. നെയ്മർ പി എസ് ജിക്ക് അത്ര പ്രാധാന്യമുള്ള താരമാണ് മാർക്കിനോസ് പറഞ്ഞു.

നെയ്മറിനെ പോലുള്ള താരങ്ങളെ ക്ലബിലേക്ക് കൊണ്ടു വരാൻ അല്ല ക്ലബിൽ നിലനിർത്താനാണ് പാട് എന്നും അദ്ദേഹം പറഞ്ഞു. ലോക റെക്കോർഡ് തുകയ്ക്കായിരുന്നു നെയ്മർ രണ്ട് സീസൺ മുമ്പ് പ്രമുഖ എസ് ജിയിൽ എത്തിയത്. എന്നാൽ ഇപ്പോൾ ക്ലബ് വിടാൻ ഒരുങ്ങുകയാണ് നെയ്മർ. നെയ്മർ ഒരു വലിയ താരമാണ് എന്നതിനപ്പുറം മികച്ച മനുഷ്യനാണ്‌. നെയ്മറിന്റെ സാന്നിദ്ധ്യം എല്ലാവരെയും സന്തോഷത്തിലാക്കാറുണ്ട് എന്നും മാർക്കിനോസ് പറഞ്ഞു.

“സലാ ബാഴ്സലോണയിലേക്ക് പോകണം” എറ്റു

ലിവർപൂൾ താരമായ മൊഹമ്മദ് സലാ ലിവർപൂൾ വിട്ട് ബാഴ്സലോണയിലേക്ക് പോകണം എന്ന് മുൻ ബാഴ്സലോണ താരം സാമുവൽ എറ്റു. മൊഹമ്മദ് സലായ്ക്ക് ഈ ലോകത്തെ ഏറ്റവും മികച്ച കളിക്കാർ ആകാനുള്ള എല്ലാ യോഗ്യതയും ഉള്ള താരമാണ് സലാ. അതുകൊണ്ട് പ്രീമിയർ ലീഗിൽ ഒതുങ്ങരുത് എന്ന് എറ്റു പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച താരമാകണം എങ്കിൽ സലാ ലോകത്തെ ഏറ്റവും മികച്ച ലീഗിൽ പോകണം. സ്പാനിഷ് ലീഗാണ് ഈ ലോകത്തെ ഏറ്റവും മികച്ച ലീഗ്. അവിടേക്കാണ് സല പോകേണ്ടത്. എറ്റു പറഞ്ഞു. സ്പെയിനിലും ബാഴ്സലോണയിലേക്ക് മാത്രമേ സലാ പോകാവു എന്നും എറ്റു പറഞ്ഞു. എന്നാൽ ലിവർപൂൾ വിട്ടു പോകാനുള്ള യാതൊർ താല്പര്യവും ഇതുവരെ സലാ പ്രകടിപ്പിച്ചിട്ടില്ല.

മാൻസുകിചിനെ ടീമിലെത്തിക്കാൻ ലാസിയോ

യുവന്റസ് സൂപ്പർ താരം മരിയോ മാൻസുകിചിനെ സ്വന്തമാക്കാൻ ശ്രമിച്ച് ലാസിയോ. യുവന്റസിൽ നിന്നും മാൻസുകിച് ഈ ട്രാൻസ്ഫർ ജാലകത്തിൽ പുറത്ത് പോകുമെന്നത് ഏതാണ്ടുറപ്പായി കഴിഞ്ഞു. യുവന്റസ് പരിശീലകൻ അല്ലെഗ്രിക്ക് പകരക്കാരനായി മൗറിസിയോ സാരി ടൂറിനിൽ എത്തിക്കഴിഞ്ഞു. സാരിയുടെ ഗെയിം പ്ലാനിൽ 33 കാരനായ മാൻസുകിചിന് റോളുണ്ടാകില്ലെന്നതുറപ്പായി കഴിഞ്ഞു.

അക്രമണത്തിന്റെ കടിഞ്ഞാൺ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കയ്യിലായിരിക്കും. 2021 വരെ യുവന്റസിൽ തുടരാനുള്ള കരാർ മാൻസുകിച്ചിനുണ്ട്. 4 മില്ല്യൺ യൂറോയാണ് പ്രതിവർഷം മാൻസുകിചിന് ലഭിക്കുന്നത്. ഈ ഉയർന്ന പ്രതിഫലം നൽകാൻ ലാസിയോ തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണാം. 2015ലാണ് അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ഇറ്റലിയിലേക്ക് താരമെത്തിയത്.

Exit mobile version