ഡി മറിയയുമായി ബാഴ്സലോണയും ചർച്ചയിൽ

പി എസ് ജി വിടുന്ന ഡി മറിയയെ യുവന്റസ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ബാഴ്സലോണയും താരത്തിനായി രംഗത്ത് എത്തിയിരിക്കുകയാണ്. ഡി മറിയ ബാഴ്സലോണയുമായി ചർച്ചകൾ നടത്തി എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. യുവന്റസ് ഡി മറിയക്ക് രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്യുമ്പോൾ ബാഴ്സലോണ ഒരു വർഷത്തെ കരാർ ആണ് ഓഫർ ചെയ്യുന്നത്‌. ഒരു വർഷം കഴിഞ്ഞ് അർജന്റീനയിലേക്ക് പോകാൻ താല്പര്യപ്പെടുന്ന ഡി മറിയയും ഒരു വർഷത്തെ കരാർ ആണ് രണ്ട് ക്ലബുകളോടും ആവശ്യപ്പെട്ടത്‌‌.

ഡി മറിയ സ്പെയിനിലേക്ക് പോകുമോ ഇറ്റലിയിലേക്ക് പോകുമോ എന്നത് ഡിമറിയയുടെ കുടുംബത്തോടു കൂടെ ആലോചിച്ചാകും താരം തീരുമാനിക്കുക. പി എസ് ജി വിടുമെന്ന് ഉറപ്പിച്ച ഡി മറിയ യുവന്റസിലേക്ക് എത്തുന്നതിന് അടുത്ത് എത്തിയ സമയത്താണ് ബാഴ്സലോണയും താരത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്‌. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്.

ഡാർവിൻ നൂനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനു ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചു. നൂനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 80മില്യന്റെ ഓഫർ ഒരുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഒപ്പം ഒരു താരത്തെ പകരം നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണ്. ഇപ്പോൾ സ്ട്രൈക്കറായി കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അറ്റാക്കിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. നൂനസിനായി ലിവർപൂളും രംഗത്ത് ഉണ്ട്. ഈ സീസണിൽ നൂനസ് ബെൻഫിക വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.

ടോട്ടനം താരം ബെഗ്വൈൻ അയാക്സിലേക്ക്

ടോട്ടനത്തിന്റെ വിങ്ങർ ആയ സ്റ്റീവൻ ബെർഗ്വൈനെ അയാക്സ് സ്വന്തമാക്കിയേക്കും. അയാക്സ് ബെർഗ്വൈനായി ആദ്യ ഓഫർ സമർപ്പിച്ചതായാണ് വിവരങ്ങൾ. അന്റോണിയോ കോണ്ടെയുടെ ഇഷ്ട താരങ്ങളിൽ ഒരാൾ അല്ല ബെർഗ്വൈൻ. പെരിസിചിന്റെ വരവോടെ ബെർഗ്വൈന്റെ അവസരങ്ങൾ ഇനിയും കുറയും. ഡച്ച് ക്ലബായ പി എസ് വി ഐന്തോവനിൽ നിന്നാണ് സ്പർസിലേക്ക് ബെർഗ്വൈൻ എത്തിയത്.

24കാരനായ താരത്തിനായി 30 മില്യണിൽ അധികമാണ് അന്ന് ടോട്ടൻഹാം ചിലവഴിച്ചത്. 2014 മുതൽ പി എസ് വിയിൽ ഉണ്ടായിരുന്ന ബെർഹെവൈൻ അവരുടെ വൈരികളായ അയാക്സിലേക്ക് പോകുന്നത് കൗതുകം ഉണർത്തും. ഹോളണ്ട് ദേശീയ ടീമിലേക്ക് എത്തേണ്ടതിനാൽ അയാക്സിൽ പോകുന്നത് ആകും ബെർഗ്വൈനും നല്ലത്.

ലകാസെറ്റ ആഴ്സണലിൽ നിന്ന് അകലുന്നു, ലിയോണോട് അടുക്കുന്നു

ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ ആഴ്സണൽ താരം ലകാസെറ്റയെ ഉടൻ സ്വന്തമാക്കും എന്ന് ഫബ്രിസിയോ പറയുന്നു. ലകാസെറ്റയെ ഫ്രീ ട്രാൻസ്ഫറിൽ ആകും ലിയോണിലേക്ക് പോകുന്നത്. ആഴ്സണലിനോട് ലകാസെറ്റ താൻ ലിയോണിലേക്ക് പോകും എന്ന് അറിയിച്ചതായാണ് വിവരങ്ങൾ. ഒബാമയങ്ങ് കഴിഞ്ഞ ട്രാൻസ്ഫറിൽ ആഴ്സണൽ വിട്ടിരുന്നു. ലകാസെറ്റെ കൂടെ പോകുന്നതോടെ ക്ലബ് തീർത്തും പുതിയ അറ്റാക്കിംഗ് താരങ്ങളിലേക്ക് പോകേണ്ടി വരും.

2017ൽ ലിയോണിൽ നിന്ന് തന്നെയ് ആയിരുന്നു ലകാസെറ്റ ലണ്ടണിൽ എത്തിയത്. അന്ന് വലിയ തുക ആഴ്സണൽ താരത്തിനായി മുടക്കിയിരുന്നു. മികച്ച പ്രകടനം ആഴ്സണലിൽ നടത്തി എങ്കിലും അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ പലപ്പോഴും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

ഹകീം സിയെച് ചെൽസി വിട്ടേക്കും

ചെൽസി ഈ സമ്മർ ട്രാൻസ്ഫർ വിൻഡൊയിൽ ഹക്കിം സിയെച്ചിനായി ഓഫറുകൾക്കായി കേൾക്കും. താരത്തെ ട്രാൻസ്ഫർ ചെയ്യാൻ ചെൽസി ഒരുക്കമാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നല്ല ഓഫറുകൾ വരിക ആണെങ്കിൽ ചെൽസി സിയെചിനെ വിൽക്കാൻ തയ്യാറാകും എന്നും ഫബ്രിസിയോ പറയുന്നു.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് നലൽ പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 29 കാരനായ സിയെച് ഈ സീസണിൽ പക്ഷെ 23 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇനിയും മൂന്ന് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.

അലോൺസോയെ ചെൽസി വിടാൻ അനുവദിക്കും, താരത്തിനായി ബാഴ്‌സലോണ രംഗത്ത്

പ്രതിരോധ താരം മാർക്കോസ് അലോൺസോയെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ അനുവദിക്കും. താരത്തിന് വേണ്ടി മികച്ച ഓഫർ ലഭിച്ചാൽ താരത്തിന് ക്ലബ് വിട്ടുപോവാം എന്നാണ് ചെൽസിയുടെ തീരുമാനം. താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് ടീമായ ബാഴ്‌സലോണ നേരത്തെ തന്നെ രംഗത്തുണ്ട്.

താരവും ബാഴ്‌സലോണയും തമ്മിലുള്ള വ്യക്തിഗത കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ അലോൺസോക്ക് മറ്റൊരു പ്രതിരോധ താരമായ ചിൽവെല്ലിന്റെ പരിക്കോടെ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ താരത്തിന് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടാൻ ആണ് താല്പര്യം.

പ്യാനിച് ഇറ്റലിയിലേക്ക് മടങ്ങിയേക്കും

ബാഴ്സലോണ താരമായ പ്യാനിചിനായി ഇറ്റാലിയൻ ക്ലബ് നാപോളി രംഗത്ത് എന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ ബാഴ്സലോണയിൽ നിന്ന് ലോണടിസ്ഥാനത്തിൽ തുർക്കി ക്ലബായ ബെസികസിൽ കളിക്കുകയാണ് പ്യാനിച്. താരം സീസൺ പൂർത്തിയാകുന്നതോടെ ബാഴ്സലോണയിൽ തിരികെയെത്തും. സാവിക്ക് പ്യാനിചിനെ ടീമിൽ നിലനിർത്താൻ താല്പര്യമില്ല. അതുകൊണ്ട് താരത്തെ വിൽക്കാൻ ആകും ബാഴ്സലോണയും ശ്രമിക്കുക.

വലിയ വേതനം നൽകേണ്ടി വരുന്നത് കൊണ്ട് തന്നെ പ്യാനിചിനെ ഒഴിവാക്കാൻ ബാഴ്സലോണ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ശ്രമിച്ചിരുന്നു. അന്ന് യുവന്റസും പി എസ് ജിയും ഒക്കെ താരത്തിനായി രംഗത്ത് വന്നിരുന്നു എങ്കിലും വേതനം പ്രശ്നമായത് കൊണ്ട് ട്രാൻസ്ഫർ നടന്നിരുന്നില്ല. മൂന്ന് വർഷം മുമ്പ് യുവന്റസിൽ നിന്നായിരുന്നു പ്യാനിച് ബാഴ്സലോണയിൽ എത്തിയത്‌. എന്നാൽ ബാഴ്സലോണയിൽ താരത്തിന് കാര്യമായി തിളങ്ങാൻ ആയില്ല

പോഗ്ബ യുവന്റസ് ചർച്ചയിൽ തീരുമാനം ആയില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന പോൾ പോഗ്ബയുടെ ഏജൻസി യുവന്റസുമായി ഇന്നലെ ചർച്ച നടത്തി. ഈ ചർച്ചയിൽ ഒന്നും തീരുമാനം ആയില്ല എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ ആവശ്യപ്പെടുന്ന വേതനം നൽകാൻ യുവന്റസ് തയ്യാറായില്ല. പോഗ്ബ 11 മില്യൺ യൂറോ ആണ് വാർഷിക വേതനമായി ആവശ്യപ്പെടുന്നത്. യുവന്റസ് 7.5 മില്യൺ നൽകാനേ ഒരുക്കമുള്ളൂ. ഇനി സീസൺ അവസാനിച്ച ശേഷം ഒരിക്കൽ കൂടെ താരവും യുവന്റസും തമ്മിൽ ചർച്ച നടത്തും.

മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും പോഗ്ബക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ ചെറിയ വേതനം ആണ് യുവന്റസ് ഇപ്പോൾ പോഗ്ബക്ക് മുന്നിൽ വെച്ചിരിക്കുന്നത്. യുവന്റസുമായുള്ള ചർച്ചകൾ ഫലം കണ്ടില്ല എങ്കിൽ പോഗ്ബ പി എസ് ജിയിലേക്ക് പോകുന്നത് പരിഗണിക്കും. പോഗ്ബയെ മാഞ്ചസ്റ്റർ സിറ്റി സമീപിച്ചു എങ്കിലും സിറ്റിയുടെ ഓഫർ പോഗ്ബ നിരസിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

റഫീനയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ സജീവമാക്കുന്നു

ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ അറ്റാക്കിങ് താരം റഫീനയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ സജീവമാക്കുന്നു. താരവുമായി ബാഴ്സലോണ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഇനി ലീഡ്സ് യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ഭാവി പോലെയാകും റഫീനയുടെ നീക്കം. ലീഡ്സ് യുണൈറ്റഡ് റിലഗേറ്റ് ചെയ്യപ്പെടുക ആണെങ്കിൽ റഫീനയുടെ റിലീസ് ക്ലോസ് 25 മില്യൺ യൂറോ ആയി കുറയും. അതിനായി കാത്തിരിക്കുകയാണ് ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ.

2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീന ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. ലീഡ്സ് പലപ്പോഴും സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ നടത്തുമ്പോഴുൻ റഫീന മികച്ചു നിൽക്കുന്നത് കാണാൻ ആയി. താരം ബ്രസീൽ ദേശീയ ടീമിലും സ്ഥിര സാന്നിദ്ധ്യമായി മാറിയിരുന്നു. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീന കളിച്ചിട്ടുണ്ട്.

ഡേവിഡ് ഒസ്പിന റയൽ മാഡ്രിഡിലേക്ക് എത്താൻ സാധ്യത

നാപോളിയുടെ ഗോൾ കീപ്പറായ ഡേവിഡ് ഒസ്പിന റയൽ മാഡ്രിഡിലേക്ക് എത്തും എന്ന് സൂചനകൾ. ഒസ്പിന മാഡ്രിഡിൽ കോർതോയുടെ പിറകിൽ രണ്ടാം ഗോൾ കീപ്പറായി കളിക്കാൻ തയ്യാറാണെന്ന് മാഡ്രിഡ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായാണ് വിവരങ്ങൾ. ഒസ്പിന നാപോളി മുന്നോട്ട് വെച്ച പുതിയ കരാർ ഒപ്പുവെച്ചിട്ടില്ല. കൊളംബിയൻ ഗോൾ കീപ്പർ ഇറ്റലി വിടാം തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

2018 മുതൽ ഒസ്പിന നാപോളിയിൽ ഉണ്ട്. നാപ്പോളിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാനും ഒസ്പിനക്ക് ആയിട്ടുണ്ട്. നേരത്തെ അഞ്ച് വർഷത്തോളം ആഴ്സണലിന് ഒപ്പം ഉണ്ടായിരുന്ന ഗോൾ കീപ്പറാണ്. ആഴ്സണലിൽ ഒസ്പിന ഒരിക്കലും ഒന്നാം ഗോൾ കീപ്പർ ആയിരുന്നില്ല. കൊളംബിയക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ ഒസ്പിന കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡും ആയുള്ള കരാർ അവസാനിക്കുന്ന പോൾ പോഗ്ബയെ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിക്കാൻ സാധ്യത എന്നു റിപ്പോർട്ട്

ഈ സീസണിന്റെ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും ആയുള്ള കരാർ അവസാനിക്കുന്ന പോൾ പോഗ്ബയ വൈരികൾ ആയ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിക്കാൻ സാധ്യത എന്നു റിപ്പോർട്ടുകൾ. ഈ സീസണിനു ശേഷം ക്ലബ് വിടുന്ന ബ്രസീലിയൻ മധ്യനിര താരം ഫെർണാണ്ടീന്യോക്ക് പകരക്കാരെ തേടുകയാണ് മാഞ്ചസ്റ്റർ സിറ്റി നിലവിൽ. വെസ്റ്റ് ഹാമിന്റെ ഡക്ലൻ റൈസിന് ആയി വലിയ തുക മുടക്കാൻ സിറ്റി തയ്യാറാവില്ല എന്നത് ഇതിനകം വ്യക്തമാണ്. അതിനാൽ ആണ് കുറഞ്ഞ തുകക്ക് പോഗ്ബയെ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമിക്കുന്നത്.

റെക്കോർഡ് തുകക്ക് യുണൈറ്റഡിൽ എത്തിയ മുൻ അക്കാദമി താരമായ പോഗ്ബ ഫ്രീ ആയി ആവും സിറ്റിയിൽ എത്തുക. പരിക്കും ഫോമില്ലായ്മയും വലക്കുന്നു എങ്കിലും പോഗ്ബയെ ടീമിൽ എത്തിക്കാൻ നിരവധി ടീമുകൾ രംഗത്ത് വന്നേക്കും എന്നാണ് സൂചന. താരത്തെ നിലവിൽ നിലനിർത്താൻ യുണൈറ്റഡിനോ ടീമിൽ നിൽക്കാൻ പോഗ്ബക്കോ താൽപ്പര്യം ഇല്ല. പോഗ്ബ സിറ്റിയിൽ എത്തിയാൽ 2009 ൽ കാർലോസ് ടെവസ് യുണൈറ്റഡിൽ നിന്നു സിറ്റിയിൽ എത്തിയതിന്റെ ആവർത്തനം ആവും അത്. അതേസമയം നിലവിൽ പോഗ്ബയുടെ ഏജന്റ് മിനോ റയോളയുടെ സമീപകാലത്തെ മരണം ഈ നീക്കം നടക്കാൻ ചെറിയ കാലതാമസം എടുക്കുന്നതിനു കാരണം ആയേക്കും.

മൂന്നാം തവണയും ഡക്ലൻ റൈസ് വെസ്റ്റ് ഹാം കരാർ നിഷേധിച്ചു, താരം ഈ സീസണിനു ശേഷം ക്ലബ് വിട്ടേക്കും

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഇംഗ്ലീഷ് മധ്യനിര താരം ഡക്ലൻ റൈസ് ക്ലബ് മുന്നോട്ട് വച്ച മൂന്നാം കരാറും നിഷേധിച്ചു. ഒരാഴ്ച 200000 പൗണ്ട് എന്ന വലിയ തുക മുന്നോട്ട് വച്ചിട്ടും ക്ലബും ആയിട്ട് കരാറിൽ ഒപ്പ് വക്കാൻ ഡക്ലൻ റൈസ് തയ്യാറായില്ല. കഴിഞ്ഞ കുറെ സീസണുകളിൽ ആയി വെസ്റ്റ് ഹാമിന്റെ നടും തൂൺ ആണ് റൈസ്.

നിലവിൽ 2024 വരെ ക്ലബും ആയി കരാർ ഉള്ള താരം ആണ് റൈസ്. എങ്കിലും പുതിയ കരാർ ഒപ്പ് വക്കാൻ തയ്യാർ ആവാത്ത താരം ക്ലബ് വിടാൻ തന്നെയാണ് ഒരുങ്ങുന്നത്. താരത്തെ ഒരിക്കലും വിൽക്കില്ല എന്നു പരിശീലകൻ ഡേവിഡ് മോയസ് മുമ്പ് വ്യക്തമാക്കിയിരുന്നു. താരത്തിന് ആയി ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം നിരവധി വാക്കിയ ക്ലബുകൾ രംഗത്ത് ഉണ്ട്. അതേസമയം യൂറോപ്പ ലീഗ് ജയിച്ചു ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയാൽ താരത്തെ നിലനിർത്താം എന്ന പ്രതീക്ഷയിൽ ആണ് വെസ്റ്റ് ഹാം.

Exit mobile version