ബെൽജിയം മധ്യനിര താരം ഫ്രഞ്ച് ലീഗ് വണ്ണിൽ നിന്നു വെസ്റ്റ് ഹാമിലേക്ക്

ഫ്രഞ്ച് ലീഗ് വൺ ടീം ആയ ലില്ലെയിൽ നിന്നു ബെൽജിയം മധ്യനിര താരം അമഡൗ ഒനാന വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക്. നേരത്തെ വെസ്റ്റ് ഹാമിന്റെ ഓഫർ നിരസിച്ച ഫ്രഞ്ച് ക്ലബ് നിലവിൽ പുതിയ ഓഫർ സ്വീകരിച്ചു എന്നാണ് സൂചനകൾ. ഏതാണ്ട് 40 മില്യൺ യൂറോക്ക് ആവും താരം ലണ്ടനിൽ എത്തുക.

നിലവിൽ താരവും ആയി ഇതിനകം ധാരണയിൽ എത്തിയ വെസ്റ്റ് ഹാം 2027 വരെയുള്ള കരാർ ആണ് താരവും ആയി ഒപ്പ് വക്കുക എന്നാണ് സൂചന. ഉയർന്ന ശാരീരിക ക്ഷമതയും മികച്ച കളി മികവും ഉള്ള താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആവും എന്നു തന്നെയാണ് വെസ്റ്റ് ഹാം പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ക്ലബ് വിട്ട ക്ലബ് ഇതിഹാസം മാർക് നോബിളിനു അടക്കം പകരക്കാരനായി ആവും താരം വെസ്റ്റ് ഹാമിൽ എത്തുക.

പാബ്ലോ മാരി ഇറ്റലിയിലേക്ക്, താരം ക്ലബ് വിടും എന്ന പ്രതീക്ഷയിൽ ആഴ്‌സണൽ

ആഴ്‌സണലിന്റെ സ്പാനിഷ് പ്രതിരോധ താരം പാബ്ലോ മാരി ഇറ്റാലിയൻ സീരി എയിലേക്ക്. കഴിഞ്ഞ സീസണിൽ യുഡിനെസെയിൽ ലോണിൽ കളിച്ച താരം ക്ലബ് വിടും എന്ന പ്രതീക്ഷയാണ് ആഴ്‌സണലിനും ഉള്ളത്. ടീം അഴിച്ചു പണിയുന്നതിന്റെ ഭാഗമായി പല താരങ്ങളും ക്ലബ് വിടും എന്ന പ്രതീക്ഷയാണ് ആഴ്‌സണലിന്.

നിലവിൽ ഇറ്റാലിയൻ സീരി എ ക്ലബ് എ.സി മാൻസയാണ് മാരിയെ സ്വന്തമാക്കാൻ മുന്നിലുള്ളത്. ക്ലബും ആയി നിലവിൽ മാരിയുടെ ഏജന്റ് ചർച്ച നടത്തുന്നുണ്ട്. അതേസമയം താരത്തിന്റെ മുൻ ക്ലബ് യുഡിനെസെയും വെറോണയും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ആയും വാർത്തകൾ ഉണ്ട്. എം.എൽ.എസിൽ നിന്നു ആഴ്‌സണലിൽ എത്തിയ ശേഷം ശരിക്കും താളം കണ്ടത്താൻ മാരിക്ക് ആയിരുന്നില്ല.

ബെൻഫിക്ക പ്രതിരോധ താരത്തെയും ലില്ലെ മധ്യനിരതാരത്തെയും ലക്ഷ്യമിട്ട് ആഴ്‌സണൽ

ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും താരങ്ങളെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്ത. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ ഇടത് ബാക്ക് അലഹാൻഡ്രോ ഗ്രിമാൾഡോക്ക് ആയി ഉടൻ ആഴ്‌സണൽ ഓഫർ മുന്നോട്ട് വക്കും എന്നാണ് സൂചന. ബെൻഫിക്കയിൽ അവസാന വർഷ കരാറിൽ ഉള്ള 25 കാരനായ സ്പാനിഷ് താരത്തിന് 7 മില്യൺ യൂറോ അടുത്തു തുക ആവും ആഴ്‌സണൽ മുന്നോട്ട് വക്കുക. തങ്ങളുടെ ഇടത് ബാക്ക് കിരെൺ ടിയേർണിക്ക് പറ്റിയ ഒരു ബാക് അപ്പ് ആയിട്ടാണ് സ്പാനിഷ് താരത്തെ ആഴ്‌സണൽ പരിഗണിക്കുന്നത്.

അതേസമയം ബ്രസീലിയൻ താരം റഫീനിയോയെ ടീമിൽ എത്തിക്കാൻ സാധിക്കാത്ത ആഴ്‌സണൽ ഫ്രഞ്ച് ക്ലബ് ലില്ലെയുടെ ജർമ്മനിയിൽ ജനിച്ച കൊസോവൻ വിങർ ഏദൻ സെഗ്രോവയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് ആയാണ് സൂചന. താരത്തിന് ആയി ആഴ്‌സണൽ ലില്ലെയെ ഓഫറും ആയി സമീപിച്ചത് ആയി കൊസോവൻ മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബേസലിൽ നിന്നു 7 മില്യൺ യൂറോക്ക് കഴിഞ്ഞ വർഷം ടീമിൽ എത്തിയ താരത്തെ വിൽക്കാൻ ലില്ലെ ഒരുക്കമല്ല എന്നാണ് സൂചന. മികച്ച ഭാവി കാണുന്ന താരത്തിന് ആയി ആഴ്‌സണൽ 10 മില്യൺ യൂറോക്ക് മുകളിൽ മുടക്കാൻ തയ്യാറായേക്കും എന്നാണ് സൂചന.

നാപോളിയുടെ കൗലിബലിയെ റാഞ്ചാൻ യുവന്റസ്

ഇറ്റാലിയൻ ക്ലബ്ബായ നാപോളിയുടെ പ്രതിരോധതാരം കാലിദു കൗലിബലിയെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം ആരംഭിച്ചു. 31കാരനായ പ്രതിരോധ താരത്തിന്റെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് യുവന്റസ് താരത്തിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 30മില്ല്യൺ യൂറോ നൽകാനാണ് യുവന്റസ് തീരുമാനിച്ചിരിക്കുന്നത്.

സെനഗൽ താരമായ കൗലിബലി 2014മുതൽ നാപോളിയിൽ ഉണ്ട്. മേജർ ലീഗ് സോക്കറിലേക്ക് പറന്ന കെയ്ലിനിക്കും ക്ലബ്ബ് വിടാൻ ഒരുങ്ങി നിൽക്കുന്ന മത്തിയാസ് ഡി ലൈറ്റിനും പകരക്കാരെ എത്തിക്കാനാണ് ഇപ്പോൾ യുവന്റസ് ശ്രമിക്കുന്നത്. അതേ സമയം യൂറോപ്പിലെ മറ്റു ടീമുകളും കൗലിബാലിക്കായി ശ്രമം തുടങ്ങിക്കഴിഞ്ഞു.

യുവന്റസിന്റെ ഡി ലിറ്റിനെ റാഞ്ചാൻ ബയേൺ മ്യൂണിക്കും !

യുവന്റസിന്റെ ഡച്ച് താരം മത്തിയാസ് ഡി ലിറ്റിനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കും രംഗത്ത്. കരാർ നീട്ടാൻ ഉള്ള ചർച്ചകൾ വഴി മുട്ടിയതോടെ യുവന്റസ് വിടാൻ മത്തിയാസ് ഡി ലൈറ്റ് നിർബന്ധിനായത്. അതിന് പിന്നാലെ തന്നെ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി രംഗത്ത് വന്നിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബയേൺ സ്പോർട്ട്സ് ഡയറക്ടർ ബ്രാസോയും പരിശീലകൻ നാഗെൽസ്മാനും ഡി ലിറ്റിനെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

SINGAPORE, SINGAPORE – JULY 21: Matthijs de Ligt of Juventus in action during the International Champions Cup match between Juventus and Tottenham Hotspur at the Singapore National Stadium on July 21, 2019 in Singapore. (Photo by Pakawich Damrongkiattisak/Getty Images)

ഡി ലിറ്റിനും മ്യൂണിക്കിലെക്ക് പറക്കാനാണ് താത്പര്യം എന്നും റിപ്പോർട്ടുകളുണ്ട്. സാദിയോ മാനെയുടെ ട്രാൻസ്ഫറിന്റെ പിൻപറ്റി ഡിലിറ്റിനെ എത്തിക്കാനാണ് ശ്രമം. എങ്കിലും യുവന്റസ് ആവശ്യപ്പെടുന്ന വലിയ തുക നൽകാൻ (60-80മില്ല്യൺ യൂറോ) ബയേൺ തയ്യാറാകുമോ ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു. ചെൽസി ഉയർന്ന തുക നൽകാൻ സന്നദ്ധമാണെങ്കിൽ താരത്തെ കൈമാറാൻ യുവന്റസ് സന്നദ്ധമായേക്കും

പിഎസ്ജി പ്രതിരോധ താരത്തെ നോട്ടമിട്ട് മിലാൻ

പിഎസ്ജിയുടെ പ്രതിരോധതാരം അബ്ദു ഡിയലോയെ ടീമിലെത്തിക്കാൻ മിലാന്റെ ശ്രമം. 26കാരനായ ഡിയാലോയെ 15മില്ല്യൺ നൽകി പ്രതിരോധം ശക്തമാക്കാനാണ് എസി മിലാന്റെ ശ്രമം. അലെസിയോ റോമഗ്നോലിക്ക് പകരക്കാരനായി പ്രതിരോധം ശക്തമാക്കാനാണ് മുൻ ബൊറുസിയ ഡോർട്ട്മുണ്ട് താരത്തിനായി മിലാന്റെ ശ്രമം.

2019ൽ 32മില്ല്യൺ യൂറോ നൽകിയാണ് താരത്തിനെ പിഎസ്ജി സ്വന്തമാക്കിയത്. ഈ കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ ഡിയാലോ പിഎസ്ജിക്കായി കളിച്ചിരുന്നു. ലില്ലെയുടെ ബോട്ട്മാനുമായി ഒരു വെർബൽ അഗ്രിമന്റ് മിലാന് ഉണ്ടായിരുന്നെങ്കിലും സൗദി ബാക്കപ്പുമായി ന്യൂകാസിൽ യുണൈറ്റഡ് ബോട്ട്മാനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരുന്നു. പണമിറക്കി മിഡ്ഫീൽഡും അറ്റാക്കും മികച്ചതാക്കാൻ ശ്രമിക്കുന്ന മിലാന് ഡിയാലോയെ ടീമിലെത്തിച്ച് ചുരുങ്ങിയ ചിലവിൽ പ്രതിരോധവും ശക്തമാക്കാൻ സാധിക്കും

അൽവാരസിന് പകരക്കാരനായി സുവാരസിനെ ടീമിൽ എത്തിക്കാൻ ശ്രമം നടത്തി റിവർ പ്ലേറ്റ്

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂട് മാറിയ തങ്ങളുടെ മുന്നേറ്റ നിര താരം ജൂലിയൻ അൽവാരസിന് പകരക്കാരനായി ലൂയിസ് സുവാരസിനെ ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തി അർജന്റീനൻ വമ്പന്മാർ ആയ റിവർ പ്ലേറ്റ്. അർജന്റീനൻ ജേതാക്കൾ ആയ റിവറിന് മുൻ ലിവർപൂൾ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് താരമായ ഉറുഗ്വേ താരം സുവാരസിനെ ലാറ്റിൻ അമേരിക്കയിലേക്ക് തിരികെ കൊണ്ടു പോവാൻ പക്ഷെ കാര്യങ്ങൾ അത്ര എളുപ്പം അല്ല.

അത്ലറ്റികോ മാഡ്രിഡും ആയുള്ള കരാർ അവസാനിച്ച ശേഷം നിലവിൽ ഫ്രീ ഏജന്റ് ആയ ലൂയിസ് സുവാരസിന് യൂറോപ്പിൽ തുടരാൻ ആണ് താൽപ്പര്യം എന്നാണ് സൂചനകൾ. ഈ ആഴ്ച താരവും ആയി ചർച്ച നടത്താൻ ആണ് അർജന്റീന ടീമിന്റെ തീരുമാനം. അർജന്റീന ക്ലബും ആയി സുവാരസ് കരാറിൽ എത്തുമെങ്കിൽ വർഷങ്ങൾക്ക് ശേഷം ലാറ്റിൻ അമേരിക്കൻ മണ്ണിലേക്ക് താരത്തിന്റെ തിരിച്ചു വരവ് ആവും അത്.

റൊണാൾഡോ ബയേണിലേക്കോ? അഭ്യൂഹങ്ങൾക്ക് തുടക്കം

ഫുട്ബോൾ ലോകത്ത് ഒരു വലിയ അഭ്യൂഹ കോലാഹലത്തിന് തുടക്കമിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമം ആയ എ എസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു എന്നാണ് അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യത ഉണ്ട് എന്നും ബയേൺ റൊണാൾഡോയെ സ്വന്തമാക്കാ‌ൻ ആഗ്രഹിക്കുന്നു എന്നും എ എസ് റിപ്പോർട്ട് ചെയ്യുന്നു. ലെവൻഡോസ്കിക്ക് പകരക്കാരനായാണ് റൊണാൾഡോയെ ബയേൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്.

എന്നാൽ എ എസിന്റെ റിപോർട്ടിനെ ട്രാൻസ്ഫർ വാർത്ത വിദഗ്ദ്ധർ ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റൊണാൾഡോ കഴിഞ്ഞ സീസണിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. റൊണാൾഡോ ഗോളടിച്ചു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ ആകാത്തത് റൊണാൾഡോക്ക് നിരാശനൽകിയിരുന്നു. എങ്കിലും താൻ യുണൈറ്റഡിൽ തുടരും എന്ന് തന്നെ ആയിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.

ബയേൺ ആകട്ടെ മാനെയെ ടീമിൽ എത്തിച്ചു കഴിഞ്ഞു എങ്കിലും അവർ ലെവൻഡോസ്കിക്ക് പകരം ഒരു നമ്പർ 9നെ തന്നെ നോക്കുന്നുണ്ട്. റൊണാൾഡോ ബയേണിലേക്ക് പോകുമെന്ന വാർത്ത ഇനി ട്രാൻസ്ഫർ വിൻഡോയെ ചൂടുപിടിപ്പിക്കും.

ടീം വിടാൻ സന്നദ്ധൻ, യുവന്റസിനോട് നാല് മില്യൺ ആവശ്യപ്പെട്ട് റാംസി

കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കി നിൽക്കെ യുവന്റസിൽ നിന്നും പുറത്തു കടക്കാൻ ആരോൺ റാംസി. റേഞ്ചേഴ്‌സിലേക്ക് കൈമാറാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ താരവുമായുള്ള കരാർ റദ്ദാക്കാൻ യുവന്റസും സന്നദ്ധരാണ്. നാല് മില്യൺ യൂറോയാണ് താരം യുവന്റസിനോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇത്ര ഉയർന്ന തുക നൽകാൻ യുവന്റസ് സന്നദ്ധരാവുമോ എന്നുറപ്പില്ല. ഏകദേശം 2 മില്യൺ യൂറോ വെയിൽസ് താരത്തിന് നൽകാനാണ് യുവന്റസ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകൾ.

2019 ൽ യുവന്റസിലെത്തിയ താരത്തിന് പരിക്ക് മൂലം പലപ്പോഴും ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആകെ എഴുപതോളം മത്സരങ്ങളിൽ മാത്രമാണ് മൂന്ന് സീസണുകളിലായി ഇറങ്ങാൻ സാധിച്ചത്. അവസാന സീസണിൽ റേഞ്ചേഴ്‌സിൽ ലോണിൽ കളിക്കുകയായിരുന്നു. കൈമാറ്റം സ്ഥിരമാക്കാൻ താരവും യുവന്റസും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിടെയാണ് കരാർ റദ്ദാക്കാനുള്ള സാധ്യതകളിലേക്ക് കടന്നത്. ടീമിലെ ഉയർന്ന സാലറി നേടുന്ന താരങ്ങളിൽ ഒരാളാണ് റാംസി. കാർഡിഫ് അടക്കമുള്ള ക്ലബുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ട്.

ഇലയ്ക്സ് മോറിബയെ എത്തിക്കാൻ വേണ്ടി അയാക്‌സ് ശ്രമം

ലെപ്സീഗ് താരം ഇലയ്ക്‌സ് മോറിബയെ ടീമിൽ എത്തിക്കാൻ അയാക്‌സിന്റെ ശ്രമിച്ചേക്കും. ബയേണിലേക്ക് ചേക്കേറിയ ഗ്രാവെൻബെർഷിന് പകരക്കാരൻ ആയാണ് മധ്യനിര താരത്തെ അയാക്‌സ് നോട്ടമിട്ടത്.

2021ലാണ് ബാഴ്‌സ ടീമംഗം ആയിരുന്ന മോറിബ ലെപ്സിഗിലേക്ക് എത്തിയത്. കോമാന് കീഴിൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും താരം ബുണ്ടസ് ലീഗയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ആദ്യ ഇലവനിൽ ഇടം പിടിക്കാൻ ബുദ്ധിമുട്ടിയതോടെ ജനുവരിയിൽ ലോണിൽ വലൻസിയയിൽ എത്തി.

ബാഴ്‌സക്ക് വേണ്ടി പതിനെട്ടും ലെപ്സിഗിന് വേണ്ടി ആറും വലൻസിയക്ക് വേണ്ടി പതിനാലും മത്സരങ്ങൾ കളിച്ചു. സ്പെയിൻ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഗ്വിനിയക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ട് കെട്ടിയത്.

മുൻ ബാഴ്‌സ അസിസ്റ്റന്റ് കോച്ച് ആൽഫ്രഡ് ഷ്രൂഡർ മാനേജർ ആയി വന്നതും മോറിബക്ക് വേണ്ടിയുള്ള അയക്‌സിന്റെ നീക്കത്തിൽ നിർണായകമായി . കോമന്റെ കീഴിൽ താരം ആദ്യമായി ബാഴ്‌സ സീനിയർ ടീമിൽ ഇടം പിടിച്ചപ്പോൾ ഷ്രൂഡർ ആയിരുന്നു ടീമിന്റെ അസിസ്റ്റന്റ് കോച്ച്. താരത്തിന്റെ കൈമാറ്റതുകയുടെ 10% ബാഴ്‌സലോണക്ക് ലഭിക്കും. ഷ്രൂഡറുടെ സാന്നിധ്യം താരത്തിന്റെയും നീക്കങ്ങളെ സ്വാധിനിച്ചേക്കും.

വീണ്ടും സ്‌ക്രീനിയക്ക് വേണ്ടി പി എസ് ജി രംഗത്ത്

ഇന്റർ മിലാന്റെ സ്ലോവാക്യൻ പ്രതിരോധ താരം സ്ക്രിനിയറിൽ വീണ്ടും താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന് പിഎസ്ജി പുതുതായി കൊണ്ടു വരാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് സ്ക്രിനിയർ.
എന്നാൽ ഇന്റർ മിലാൻ ഇതുവരെ പിഎസ്ജിയോട് ചർച്ചക്ക് സമ്മതം മൂളിയിട്ടില്ല. ഇന്ററിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഈ ഇരുപത്തിയേഴുകാരന് ഇന്റർ എത്ര വിലയിടും എന്നതും പിഎസ്ജി ഉറ്റു നോക്കുന്നുണ്ട്. സ്‌ക്രിനിയർക്ക് പുറമെ മറ്റൊരു പ്രതിരോധ താരം ബസ്തോനിക്കും മറ്റ് ക്ലബ്ബുകളിൽ നിന്നും ഓഫർ ഉള്ളതിനാൽ ഇന്ററിന്റെ പ്രതികരണം എന്താകും എന്നത് ഇതു വരെ വ്യക്തമല്ല.

നിലവിൽ തങ്ങളുടെ ആദ്യ മുൻഗണന ഡിബാല അടക്കമുള്ളവരുടെ കൈമാറ്റത്തിൽ ആയതിനാൽ അതിന് ശേഷം മാത്രമേ പിഎസ്ജിയുമായി കൂടുതൽ ചർച്ചകളിലേക്ക് ഇന്റർ മിലാൻ കടക്കാൻ സാധ്യതയുള്ളൂ.

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് മിലാൻ സ്ക്രിനിയർ. 2017ലാൻ ഇന്റർ മിലാന്റെ നിരയിൽ എത്തുന്നത്. ഇതുവരെ 215 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി ഇറങ്ങി. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ സീരി എ ജേതാക്കൾ ആയപ്പോൾ ടീമിലെ നിർണായക സാന്നിധ്യം ആയി.

റെനാറ്റോ സാഞ്ചേസിനെ സ്വന്തമാക്കാൻ എ സി മിലാൻ ശ്രമിക്കുന്നു

പോർച്ചുഗീസ് യുവതാരം റെനാറ്റോ സാഞ്ചേസ് ലില്ലെ വിടാൻ സാധ്യത. സീരി എ ചാമ്പ്യന്മാരായ എ സി മിലാൻ ആണ് റെനാറ്റോ സാഞ്ചേസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ സാഞ്ചേസ് മിലാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ചെറുപ്പം മുതലെ വലിയ ക്ലബുകൾ പിറകിൽ ഉള്ള താരമാണ് റെനാറ്റോ. താരം മുമ്പ് പല വലിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട് എങ്കിലും അപ്പോഴൊന്നും പ്രതീക്ഷയ്ക്ക് ഒത്ത് തിളങ്ങാൻ ആയിരുന്നില്ല.

എന്നാൽ അവസാന വർഷങ്ങളിൽ തന്റെ പൊടൻഷ്യലിലേക്ക് റെനാറ്റോ ഉയർന്നിട്ടുണ്ട്. 2019 മുതൽ താരം ലില്ലെയിൽ ഉണ്ട്. ലില്ലെക്ക് ഒപ്പം സാഞ്ചേസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗീസ് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യം ആണ് സാഞ്ചസ്. മുമ്പ് ബെൻഫികയ്ക്ക് ആയി കളിച്ചാണ് സാഞ്ചസ് ലോക ശ്രദ്ധ നേടിയത്. അവിടെ നിന്ന് ബയേണിലേക്ക് എത്തിയ സാഞ്ചേസിന് പക്ഷെ അവിടെ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ബയേണിൽ അധികം അവസരവും സാഞ്ചേസിന് കിട്ടിയിരുന്നില്ല.

2016 യൂറോ കപ്പിൽ പോർച്ചുഗലിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കുവഹിച്ച താരവുമാണ് റെനാറ്റോ.

Exit mobile version