രണ്ട് വമ്പൻ മലയാളി താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് പുതിയ രണ്ട് മലയാളി താരങ്ങളെ സൈൻ ചെയ്യാൻ അടുത്തെത്തിയിരിക്കുന്നതായി വിവരങ്ങൾ ലഭിക്കുന്നു. ഗോകുലം കേരള എഫ് സിയുടെ യുവ സൂപ്പർ താരം അർജുൻ ജയരാജും, ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ ഉബൈദ് സി കെയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി സൈൻ ചെയ്യുന്നതിന്റെ അടുത്ത് എത്തിയിരിക്കുന്നത്. ഈ സൈനിംഗുകൾ പൂർത്തിയാവുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കാലത്ത് നടന്ന ഏറ്റവും മികച്ച സൈനിംഗുകൾ ആകും ഇത്.

മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള അർജുൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയുടെ കരുത്ത് കൂട്ടും. ഇപ്പോൾ വളർന്നു വരുന്ന മലയാളി ഫുട്ബോൾ താരങ്ങളിൽ പ്രധാനി കൂടിയാണ് അർജുൻ.

അർജുനെ സ്വന്തമാക്കാൻ ഡെൽഹി ഡൈനാമോസും ശ്രമിച്ചിരുന്നു എങ്കിലും ഗോകുലം കേരള എഫ് സി അർജുനെ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ഗോകുലം നിരസിക്കാൻ സാധ്യതയില്ല. ഈസ്റ്റ് ബംഗാൾ താരമായ ഉബൈദ് സി കെ മുമ്പ് കേരള ബ്ലാസ്റ്റേഴ്സുമായി സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരുന്ന താരമാണ്. ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ഉബൈദ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയാലും ഒന്നാം നമ്പറിനായി പോരിടാൻ ഉള്ള മികവുള്ള താരമാണ്. മുമ്പ് ഒ എൻ ജി സിക്കായും മഹാരാഷ്ട്രയ്ക്കായും കളിച്ചിട്ടുള്ള താരമാണ് ഉബൈദ്.

Advertisement