യോവിക്കിനെ സ്വന്തമാക്കാൻ റയൽ ശ്രമം തുടങ്ങി

ബുണ്ടസ്ലീഗെയിൽ ഈ സീസണിലെ കിടിലൻ ഫോം കൊണ്ട് ശ്രദ്ധേയനായ ഫ്രാങ്ക്ഫർട്ട് താരം ലൂക്ക യോവികിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ താരത്തെ റയൽ ഔദ്യോഗികമായി സ്വന്തമാക്കും എന്നാണ് സ്പാനിഷ് മാധ്യമമായ എ എസ് റിപ്പോർട്ട് ചെയ്യുന്നത്.

സെർബിയൻ ദേശീയ താരമായ യോവിക് 60 മില്യൺ യൂറോയോളം വിലയുള്ള താരമാണ്. 21 വയസുകാരനായ താരം ബെൻഫിക്കയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2018 ൽ ലോൺ അടിസ്ഥാനത്തിൽ ഫ്രാങ്ക്ഫർട്ടിൽ എത്തിയ താരത്തെ ഈ ഏപ്രിൽ മാസത്തിൽ മാത്രമാണ് ഫ്രാങ്ക്ഫർട്ട് സ്ഥിരമായി സൈൻ ചെയ്തത്. വെറും 7 മില്യൺ മാത്രം വില കൊടുക്കേണ്ടി വന്ന താരത്തെ 2 മാസങ്ങൾക്ക് ശേഷം ഇത്ര ഭീമമായ തുകക്ക് വിൽക്കുന്നത് ജർമ്മൻ ക്ലബ്ബിന് വൻ ലാഭമാണ് സമ്മാനിക്കുക.

ഈ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി ഇതുവരെ 27 ഗോളുകൾ താരം നേടിയിട്ടുണ്ട്.