ബെൻസിമയെ റാഞ്ചാൻ നാപോളിയും ആഞ്ചലോട്ടിയും

റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസിമയെ സ്വന്തമാക്കാൻ നാപോളി. നാപോളിയുടെ പുതിയ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ നിർദ്ദേശ പ്രകാരമാണ് സീരി എ ക്ലബ് ശ്രമിക്കുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഞ്ചലോട്ടി വന്നതിൽ പിന്നെ ഒട്ടേറെ മാറ്റങ്ങളാണ് നാപോളിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ജോർജ്ജിന്യോയെ സിറ്റിയിലേക്ക് നൽകുന്നതും ഇതിന്റെ ഭാഗമാണ്. അൻപത് മില്യൺ യൂറോയാണ് ബെൻസീമയ്ക്ക് വേണ്ടി റയൽ ഇട്ടിരിക്കുന്ന വിലയെന്നാണ് റിപ്പോർട്ടുകൾ. മുപ്പതുകളിലുള്ള താരത്തിന് അത്രയും തുക നാപോളി നൽകാൻ സാധ്യതയില്ല.

കഴിഞ്ഞ സീസണിൽ റയലിന് വേണ്ടി 12 ഗോളുകളും 11 അസിസ്റ്റുകളുമാണ് ഫ്രഞ്ച് താരത്തിന്റെ സമ്പാദ്യം. ഒരു വർഷം 8.5 മില്യണാണ് റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയായ ബെൻസീമയ്ക്ക് റയൽ നൽകുന്നത്. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. 2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial