അക്കാദമി ലോകത്തെ വിപ്ലവമായി കമറുദ്ദീനും അൽ ഇത്തിഹാദ് അക്കാദമിയും

- Advertisement -

അൽ ഇത്തിഹാദ് അക്കാദമി എന്നൊരു അക്കാദമി അങ്ങ് ദുബായിയുടെ മണ്ണിൽ ഉണ്ട്. ജീവിതത്തിനായി സ്വന്തം മണ്ണ് വിട്ട് പ്രവാസ ലോകത്ത് ചേക്കേറിയവർക്ക് അവരുടെ കാല്പന്തുകളിയുടെ ഭ്രമവും നാട്ടിൽ ഉപേക്ഷിക്കേണ്ട വന്ന കാലമുണ്ടായിരുന്നു. അതിന് പരിഹാരം തേടിയ ഒരു ചാവക്കാടുകാരന്റെ കഥയാണ് കമറുദ്ദീൻ എന്ന ഫുട്ബോൾ സ്നേഹിയുടേത്.

ചാവക്കാടുകാരനായ അറക്കൽ കമറുദ്ദീൻ ജനിച്ചതും വളർന്നതും ഒക്കെ അബുദാബിയിലാണ്. സ്കൂൾ കാലഘട്ടത്തിലേ ഫുട്ബോൾ രംഗത്തും മറ്റു കായിക ഇനങ്ങളിലും സജീവമായിരുന്ന കമറുദ്ദീന് പക്ഷെ പ്രവാസി ആയിരുന്നു എന്നതു കൊണ്ട് തന്റെ ഫുട്ബോൾ കരിയർ പ്രൊഫഷണൽ രംഗത്തേയ്ക്ക് വളർത്താൻ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. പ്രൊഫഷണൽ കളിക്കാരനാവുക എന്ന തന്റെ ആഗ്രഹം ചെറിയ ക്ലബുകളിൽ ബൂട്ട് കെട്ടി അവസാനിപ്പിക്കേണ്ടി വന്നു കമറുദ്ദീന്. അദ്ദേഹത്തിന്റെ ഫുട്ബോൾ സ്വപ്നങ്ങൾ പക്ഷെ അദ്ദേഹത്തെ വിട്ടു പോയില്ല.

കമറുദ്ദീന്റെ ഫുട്ബോൾ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് ആറു വർഷങ്ങൾക്ക് മുമ്പാണ്. തന്റെ മകനെ അക്കാദമിയിലേക്ക് ചേർക്കാൻ വേണ്ടി യു എ ഇയിലെ ഫുട്ബോൾ അക്കാദമികളിൽ ചെന്നപ്പോൾ നിരാശയും ഞെട്ടലുമാണ് ഉണ്ടായത്. ഒരു സാധാരണക്കാരന് താങ്ങാൻ കഴിയാത്ത അത്ര വലിയ തുകയാണ് ഫീസായി ആ അക്കാദമികൾ ചോദിച്ചത്. പ്രവാസികളായ കുട്ടികൾ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്ന ചിന്ത കമറുദ്ദീനെ ഇത്തിഹാദ് അക്കാദമി എന്നൊരു അക്കാദമി തുടങ്ങുന്നതിൽ എത്തിച്ചു.

2012ൽ യു എ ഇ സ്വദേശികളായ കുറച്ചുപേരുടെ സഹകരണത്തോടെ സ്ഥലം എടുത്ത് അൽ ഇത്തിഹാദ് എന്ന അക്കാദമി ആരംഭിച്ചു. വിദേശ കോച്ചുകളെയും എത്തിയ മികച്ച സൗകര്യങ്ങളും ഒരുക്കി മിതമായ നിരക്കിൽ കുട്ടികൾക്ക് ഫുട്ബോൾ കളിച്ച് വളരാൻ ഒരവസരം. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്ന സഹൽ അബ്ദുൽ സമദ്, ബെംഗളൂരു എഫ് സി അക്കാദമി താരം ജേക്കബ് ജോൺ,ഗോകുലം എഫ് സി കഴിഞ്ഞ വർഷം ക്ലബിലെത്തിച്ച വിദേശി ബദർ തുടങ്ങി നിരവധി താരങ്ങളുടെ വളർച്ചയ്ക്കുള്ള വേദിയായി ഇത്തിഹാദ് അക്കാദമി. ഇത്തിഹാദ് അക്കാദമി താരമായിരുന്ന നീലകണ്ഠൻ ആനന്ദ് ഫിഫാ അണ്ടർ 17 ലോകകപ്പ് ഫൈനൽ ട്രയൽസിനായി തിരഞ്ഞെടുക്കപ്പെട്ട് ജർമ്മനിയിൽ വരെ പോയിരുന്നു. നീലകണ്ഠൻ ആനന്ദ് ഇപ്പോൾ മെറിറ്റിൽ സ്കോളർഷിപ്പ് നേടി ഡി എസ് കെ ശിവജിയൻസിയിലാണ്. ഇത്തിഹാദ് അക്കാദമി താരമായ സെയ്ദ് ബിൻ വാലീദിന് ദു ലാലിഗാ ടീമിലേക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ പര്യടനങ്ങൾ ഒരുക്കി കുട്ടികൾക്ക് മികച്ച ടീമുകളുമായി കളിക്കാനും ഇത്തിഹാദ് അക്കാദമി അവസരം ഒരുക്കുന്നുണ്ട്. അടുത്തിടെ ഖത്തറിലും ഇത്തിഹാദ് അക്കാദമി ആരംഭിച്ചു. സമീപഭാവിയിൽ തന്നെ കുവൈറ്റിലും ഒരു ഇത്തിഹാദ് അക്കാദമി വരും.

വിദേശത്തു മാത്രമല്ല കേരളത്തിലും ഇത്തിഹാദിന് വേരുകളുണ്ട്. വയനാട് ഒരു പുതിയ റെസിഡൻഷ്യൽ അക്കാദമി ഇത്തിഹാദ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇത്തവണ യൂത്ത് ഐ ലീഗിൽ എല്ലാ ഏജ് ഫോർമാറ്റിലും വയനാടിനെ പ്രതിനിധീകരിച്ച് ഇത്തിഹാദ് അക്കാദമി ഉണ്ടാകും. കണ്ണൂരിലും ഇത്തിഹാദ് അക്കാദമി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂരിലെ അക്കാദമിയിലെ കുട്ടികളെ അബുദാബിയിൽ നടന്ന ദുബൈ സൂപ്പർ കപ്പിന് കൊണ്ടുപോവുകയും അവിടെ ആ ടീം മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ആ ടീമിൽ കളിച്ചാണ് ഇപ്പോൾ സന്തോഷ് ട്രോഫി താരമായ സഹൽ അബ്ദുൽ സമദ് അബുദാബി ഇത്തിഹാദ് അക്കാദമിയിലേക്ക് എത്തുന്നത്. മുംബൈയിലും ഗോവയിലും അക്കാദമിയുള്ള ഇത്തിഹാദിന്റെ അടുത്ത അക്കാദമി വരുന്നത് കോട്ടയത്താണ്.

ഈ അക്കാദമിയുടെ വളർച്ചയുടെ ഒക്കെ നെടുംതൂൺ കമറുദ്ദീൻ തന്നെയാണ്. ഒരു കളിക്കാരന് ഏറ്റവും വിലപിടിപ്പുള്ളതും കിട്ടാൻ പ്രയാസവുമായത് അവസരങ്ങളാണെന്ന് ചെറുപ്പത്തിലേ മനസ്സിലാക്കിയ കമറുദ്ദീൻ തന്റെ ജീവിതം തന്നെ അവസരങ്ങൾ സൃഷ്ടിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. യു എ യിൽ ഒരു എയർലൈൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന കമറുദ്ദീന് ഈ യാത്രയ്ക്ക് ഒപ്പം പൂർണ്ണ പിന്തുണയുമായി ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബവുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement