പുത്തൻ പ്രതീക്ഷകളുമായി ഇന്ത്യൻ U-17 താരം ഋഷിദത്ത് കേരള ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിൽ നിന്നും അവസാന നിമിഷത്തിൽ പുറത്തായെങ്കിലും ഋഷിദത്ത് വന്നെത്തിയിരിക്കുന്നത് ഫുട്ബോൾ എന്ന കളിയെ നെഞ്ചിലേറ്റി കൊണ്ടു നടക്കുന്ന കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയിലേക്ക്. ഇന്നലെയാണ് ബ്ലാസ്റ്റേഴസ് ഈ മലയാളി യുവ താരവുമായി കരാറിൽ എത്തിയത്. 3 വർഷത്തേക്കാണ് ഈ കൗമാരതാരം ഇന്നലെ ഒപ്പു വെച്ചത്.

തൃശൂർ ജില്ലയില്ലെ ഫുട്ബോളിന്റെ ഈറ്റില്ലമായ എരുമപെട്ടിയിലാണ് ഋഷി താമസിക്കുന്നത്. ഡിഫെൻസിവ് മിഡ്ഫീൽഡിൽ കളിക്കുന്ന ഈ 17 വയസ്സുകാരൻ ഇന്ത്യൻ അണ്ടർ 17,അണ്ടർ 19 ടീമുകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. മിഡ്‌ഫീൽഡിലെ പന്തടക്കവും കളി നിയന്ത്രിക്കുന്നതിൽ പുലർത്തുന്ന മികവുമാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഋഷിയുമായി കോൺട്രാക്ട് ചെയാൻ താൽപ്പര്യം തോന്നിപ്പിച്ചത്.

7 വർഷങ്ങൾക്കു മുമ്പ് എരുമപ്പെട്ടി സ്കൂൾ ഗ്രൗണ്ടിലാണ് ഋഷി തന്റെ ഫുട്ബോളിലെ ആദ്യ ബാലപാഠങ്ങൾ പഠിക്കുന്നത്. എരുമപ്പെട്ടി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഋഷിയുടെ ആദ്യകാല പരിശീലകർ എരുമപ്പെട്ടി സ്കൂളിലെ കായികാധ്യാപകൻ ഹനീഫയും സെൻട്രൽ എക്സിർസൈസ് കോച്ച് ഹമീദും ആയിരുന്നു. അണ്ടർ 14 ജില്ലാ, കേരള ടീമുകളിലെ തകർപ്പൻ പ്രകടനം ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിലേക്കുള്ള ക്യാമ്പിലേക്ക് വഴി തുറക്കുകയായിരുന്നു.

2013ൽ ഇന്ത്യൻ ക്യാമ്പിൽ എത്തിയ ഋഷി മികച്ച പ്രകടനങ്ങളിലൂടെ മിന്നി നിൽക്കുന്ന സമയത്താണ് ചെറിയൊരു ഹർമ്സ്ട്രിങ് ഇഞ്ചുറി വില്ലനായെത്തുന്നത്. ഏതൊരു കളിക്കാരനെയും പോലെ പരിക്കുകളിൽ തളരാതെ വീണ്ടും കഠിനാധ്വാനത്തിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും അവസാന ട്രിയൽസിൽ പുറത്താവുകയായിരുന്നു.
തന്റെ 17 -ആം വയസിൽ തന്നെ ഇന്ത്യൻ അണ്ടർ 19 ടീമിൽ സ്ഥിരംഗമായിരുന്ന ഈ കൗമാര താരം മഞ്ഞക്കടലിനു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഉടൻ തന്നെ ബൂട്ട് കെട്ടുമെന്ന പ്രതീക്ഷയിലാണ് ഋഷിയുടെ വീട്ടുകാരും നാട്ടുകാരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇറാഖിനോട് ഗോൾരഹിത സമനില, ഇന്ത്യയുടെ ഭാവി നേപ്പാൾ-പലസ്തീൻ പോരാട്ടത്തിൽ
Next articleടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു