
മത്സരത്തിന്റെ 90 മിനുട്ടും മത്സരം നിയന്ത്രിച്ചിട്ടും ഇറ്റലിക്ക് ജയിക്കാനായില്ല. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരത്തിൽ മിലാനിൽ സ്വീഡനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ ഇറ്റലി 2018 റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ഉണ്ടാവില്ല. ഇറ്റലിയുടെ ആക്രമണങ്ങളെ മത്സരത്തിൽ ഉടനീളം തടുത്ത സ്വീഡൻ അങ്ങനെ ആദ്യ പ്ലെ ഓഫ് മത്സരത്തിൽ നേടിയ ഏക ഗോളിന്റെ പിൻബലത്തിൽ റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. 1958 ന് ശേഷം ആദ്യമായാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പോകുന്നത്. തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ ഇതിഹാസ താരം ബുഫണും ഡി റോസിയും രാജ്യാന്തര കരിയറിന് അവസാനവും കുറിച്ചു. ഇരുവരും വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇറ്റാലിയൻ ഫുട്ബോളിലെ ഒരു യുഗമാണ് അവസാനിക്കുന്നത്.
കഴിഞ്ഞ ആഴ്ച സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് ജയിച്ച സന്ദർശകർക്ക് സാൻ സിറോയിൽ തോൽവി ഒഴിവാക്കിയാൽ തന്നെ യോഗ്യത നേടാമായിരുന്നു. ജയം അനിവാര്യമായിരുന്ന ഇറ്റലി തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയും സ്വീഡിഷ് പ്രതിരോധ നിരയുടെ നിശ്ചയദാർഢ്യവും ഇറ്റലിക്ക് തടസ്സമായി. മത്സരത്തിന്റെ ആദ്യ 20 മിനുട്ടിൽ ഇരു ടീമുകൾക്കും പെനാൽറ്റി അവസരങ്ങൾ ഉണ്ടായെങ്കിലും റഫറിയുടെ തെറ്റായ തീരുമാനങ്ങൾ വിനയായി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കെ സീറോ ഇമ്മോബിലെയുടെ ഷോട്ട് ഗോളായെന്ന് ഉറച്ചെങ്കിലും സ്വീഡിഷ് പ്രതിരോധകാരൻ അന്ദ്രീയാസ് ഗ്രാൻക്വിസ്റ് പന്ത് ക്ലിയർ ചെയ്തു. രണ്ടാം പകുതിയിലും ഇറ്റാലി ഗോളിനായി നിരന്തരം പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇറ്റലിയുടെ ആധിപത്യം തുടർന്നപ്പോൾ സ്വീഡന് ഇറ്റാലിയൻ ഗോൾ മുഖത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ പോലുമായില്ല. 83 ആം മിനുട്ടിൽ സ്വീഡൻ ഇറ്റാലിയൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. പിന്നീട് ഇറ്റലിക്ക് കാര്യമായി ഒന്നും ചെയാനായില്ല. അങ്ങനെ ആദ്യ പാദത്തിൽ ജേക്കബ് യോഹൻസൻ നേടിയ ഗോളിന് സ്വീഡൻ ജയവും യോഗ്യതയും ഉറപ്പിച്ചു.
ഇറ്റാലിയൻ പരിശീലകൻ വെന്റുറയുടെ ചില തീരുമാനങ്ങളും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പാണ്. മികച്ച ഫോമിൽ ഉള്ള ഇൻസൈനയെ മത്സരത്തിൽ കളിപ്പിക്കാതിരുന്നതാണ് അതിൽ പ്രധാനം. യോഗ്യത നേടാൻ പറ്റാതായതോടെ വെന്റുറയും സ്ഥാനം രാജി വച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial