പാട്രിക്കിന്റെ ഹാട്രിക്ക് നഷ്ടം, ജയിച്ചിട്ടും സൂപ്പർ സ്റ്റുഡിയോ പുറത്ത്, ഉഷ ഫൈനലിൽ

ജയിച്ചിട്ടും തോറ്റ് കൊണ്ട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്. കൊളത്തൂർ അഖിലേന്ത്യാ സെവൻസിലാണ് നാടകീയമായ് രണ്ടാം പാദ സെമി ഫൈനൽ ഇന്ന് നടന്നത്. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു എങ്കിലും ഫൈനലിലേക്ക് കടക്കാൻ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ആയില്ല.

ആദ്യ പാദത്തിൽ ഉഷാ എഫ് സി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉഷാ എഫ് സി പരാജയപ്പെടുത്തി ഇരുന്നു. ഗോൾ ശരാശരി സെവൻസിലെ ഇരുപാദ സെമികളിൽ കണക്കിലാക്കില്ല എന്നതാണ് സൂപ്പറിന് വില്ലനായത്. ഒരോ മത്സരവും ഒരോ ടീം വിജയിച്ചതായി കണക്കാക്കുന്നതിനാൽ ഫൈനലിലേക്ക് കടക്കുന്നതാര് എന്നറിയാൻ എക്സ്ട്രാ ടൈം കളിക്കുക ആയിരുന്നു. എക്സ്ട്രാ ടൈമിൽ ഒരു ഗോളിന് ഉഷാ എഫ് സി വിജയിച്ചതോടെ ഉഷ ഫൈനലിലേക്ക് കടന്നു.

ഇന്ന് ഫൈനൽ ലഭിക്കാത്തതോടെ സൂപ്പറിന് നഷ്ടമായത് പാട്രിക്ക് നടത്തിയ മികച്ച പ്രകടനമാണ്. സൂപ്പർ ഇന്നു നേടിയ നാലു ഗോളുകളിൽ മൂന്നു പാട്രിക്കിന്റെ വക ആയിരുന്നു. ഇർഷാദാണ് ബാക്കി ഒരു ഗോൾ നേടിയത്. ഉഷാ എഫ് സിക്ക് ഫൈനലിൽ മെഡിഗാഡ് അരീക്കോട് ആണ് എതിരാളികൾ.