സൂപ്പര്‍ ലീഗ് കേരള; കണ്ണൂരിൽ ടിക്കറ്റിന് വെറും 99 രൂപ

സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യം
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റിന് 69 രൂപ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളിലായിയാണ് ടിക്കറ്റുകള്‍ ഉള്ളത്. 99 രൂപയുടെ ഗ്യാലറി, 149 രൂപയുടെ ഡിലക്‌സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.

സ്ത്രീകള്‍ക്കും 2013 ഡിസംബര്‍ 15 ന് ശേഷം ജനിച്ച 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗ്യാലറിയില്‍ പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. സ്‌കൂള്‍ കേളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ് ഉണ്ടായിരിക്കുന്നതാണ്. ഓഫ്‌ലൈനിലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് പാസ് ലഭിക്കുക. കൂടാതെ 149,199 രൂപയുടെ ടിക്കറ്റുകള്‍ എടുക്കുന്നവരുടെ കൂടെ ഒരു സ്ത്രിയ്ക്കും 12 വയസ്സിന് താഴെ ഉള്ള രണ്ട് കുട്ടികള്‍ക്കും ഡിലക്‌സ്, പ്രീമിയം വിഭാഗത്തില്‍ പ്രവേശിക്കാവുന്നതാണ്.

ഒരു ടിക്കറ്റ് എടുത്താല്‍ നാല് പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കും. അതോടൊപ്പം 20 ശതമാനം വിലകുറവില്‍ അഞ്ച് മത്സരങ്ങളുടെ സീസണ്‍ ടിക്കറ്റും ഓണ്‍ലൈനില്‍ ലഭ്യമാണ്.
www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, തൃകരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. കൂടാതെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ ഓര്‍ഗനൈസിംങ് കമ്മിറ്റി ഓഫീസിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കുന്നതാണ്.

ജേഴ്‌സികള്‍ വാങ്ങാം
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം, എവേ, പരിശീലന ജേഴ്‌സികള്‍ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ താഴെചൊവ്വ, തൃകരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളില്‍ നിന്ന് വാങ്ങാവുന്നതാണ്.

പ്രതിരോധം കാക്കാൻ പുതിയ വിദേശതാരം-സീകർ ഒസെരിൻജോറെഗിയെ സൈൻ ചെയ്ത് മലപ്പുറം എഫ്സി

മലപ്പുറം: സുപ്പർ ലീഗ് കേരളയിലെ ഇനി വരാൻ പോകുന്ന മത്സരങ്ങൾക്ക് മുന്നോടിയായി പ്രതിരോധം കൂടുതൽ ശക്തമാക്കി മലപ്പുറം ഫുട്ബോൾ ക്ലബ്.സ്പാനിഷ് സെന്റർ ബാക്ക് താരം സീകർ ഒസെരിൻജോറെഗിയെയാണ് പുതിയതായി എംഎഫ്സി ടീമിലെത്തിച്ചിരിക്കുന്നത്. 28 വയസ്സു പ്രായമുള്ള ഈ പ്രതിരോധ താരം സ്പെയിനിലെ നിരവധി ക്ലബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. സ്പാനിഷ് ലീഗുകളിൽ പ്രതിരോധ നിരയിലെ തന്റെ മികച്ച പ്രകടനങ്ങളും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തുമുള്ള സീകർ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന മലപ്പുറത്തിനൊരു മുതൽക്കൂട്ടാകും.

സീകർ ഒരു മുൻ സ്പാനിഷ് യൂത്ത് ഇന്റർനാഷണൽ കൂടിയാണ്.അണ്ടർ-16 മുതൽ അണ്ടർ-19 വരെയുള്ള എല്ലാ തലങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.2015ൽ പോർച്ചുഗൽ, കോസ്റ്റാറിക്ക, കാനറി ദ്വീപ്‌സ് എന്നിവയെ പരാജയപ്പെടുത്തി അറ്റ്ലാന്റിക് കപ്പ് നേടിയ സ്പെയിൻ അണ്ടർ-18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു അദ്ദേഹം.സ്പെയിന് പുറത്ത് വേറൊരു ലീഗിൽ ഇതാദ്യമായാണ് സീകർ കളിക്കാൻ എത്തുന്നത്. സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ സോം മാരെസ്മെ എഫ്‌സിയിൽ നിന്നാണ് താരം മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. 41-ഓളം മത്സരങ്ങളിൽ സോം മാരെസ്മെക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.

2007ൽ അത്‌ലറ്റിക് ബിൽബാവോയുടെ അക്കാദമിയിലുടെയാണ് സീകർ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. പിന്നീട് ബിൽബാവോയുടെ തന്നെ യൂത്ത്, റിസർവ് ടീമുകളിലൂടെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിലെക്കെത്തി. തുടർന്ന് സെഗുണ്ട ഡിവിഷൻ ബി ക്ലബ്ബുകളായ ടോളിഡോ, പെന സ്പോർട്, റയൽ സോസിഡാഡ്, കോർണെല്ല, റയൽ ബെറ്റിസ്, സബാഡെൽ, എബ്രോ, ലോഗ്രോണസ് ,അമോറെബിയേറ്റ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്. മലപ്പുറം എഫ്സിയുടേത് ഒരു സ്പാനിഷ് പരിശീലകനായത് കൊണ്ട് തന്നെ സീകറിന് ടീമിന്റെ തന്ത്രങ്ങളുമായി പെട്ടന്ന് ഇണങ്ങാൻ കഴിയും.

സൂപ്പർ ലീഗ് കേരള; ജവഹര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സരം ക്രമമായി

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സരം ക്രമമായി. അഞ്ച് ഹോം മത്സരങ്ങളാണ് ജവഹര്‍ സ്‌റ്റേഡിയത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സിനുള്ളത്. നവംബര്‍ 7 ന് വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. രാത്രി 7.30 നാണ് എല്ലാ മത്സരങ്ങളും നടക്കുക.
നവംബര്‍ 10 ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, നവംബര്‍ 19 ന് മലപ്പുറം എഫ്‌സി, നവംബര്‍ 23 ന് ഫോഴ്‌സ കൊച്ചി എഫ്‌സി, നവംബര്‍ 28 ന് കാലിക്കറ്റ് എഫ്‌സി എന്നിവരാണ് കണ്ണൂരിന്റെ എതിരാളി.


കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണം, ഓഫീസ് ഉദ്ഘാടനം, ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം എന്നിവ ഒക്ടോബര്‍ 31 ന് നടക്കും. അഞ്ച് ഹോം മത്സരങ്ങള്‍ക്ക് പുറമെ അഞ്ച് എവേ മത്സരങ്ങളാണ് ടീമിനുള്ളത്. അതില്‍ നാല് എവേ മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന്് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുമായി തോല്‍വി അറിയാതെ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് കുതിപ്പ് തുടരുകയാണ്. അവസാന എവേ മത്സരത്തില്‍ തൃശൂര്‍ കേര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആദ്യ സീസണില്‍ കോഴിക്കോട് ആണ് നടന്നത്.

സുപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ് ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. അതോടൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തിരികെ എത്തുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഫിക്സ്ചറുകൾ;

2025 നവംബര്‍ 7
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തൃശൂര്‍ മാജിക് എഫ്‌സി

2025 നവംബര്‍ 10
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി

2025 നവംബര്‍ 19
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs മലപ്പുറം എഫ്‌സി

2025 നവംബര്‍ 23
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs ഫോഴ്‌സ കൊച്ചി എഫ്‌സി

2025 നവംബര്‍ 28
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
Vs കാലിക്കറ്റ് എഫ്‌സി

റണ്‍ വിത്ത് വാരിയേഴ്‌സ്; റണ്‍ നവംബര്‍ 2 ന്

കണ്ണൂര്‍: റണ്‍ വിത്ത് വാരിയേഴ്‌സ് എന്ന മുദ്രാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സഹകരണത്തോടെ റണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2 ന് ഞായറാഴ്ച കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് തവക്കര ബസ്റ്റാന്റ്, പ്രഭാത് ജംഗ്ഷന്‍, കണ്ണൂര്‍ ലൈറ്റ് ഹൗസ് റോഡ്, പയ്യാമ്പലം ബീച്ച് വരെ 5 കിലോമീറ്റര്‍ നീളുന്നതാണ് റണ്‍. പരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം ക്യാഷ് പ്രൈസ് നല്‍ക്കുന്നതായിരിക്കും. ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഇരുവിഭാഗങ്ങള്‍ക്കും 7000, 3500, 2500, രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍ക്കും. മത്സരത്തില്‍ പങ്കെടുക്കുന്നു എല്ലാവര്‍ക്കും മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ജേഴ്‌സി, റിഫ്രഷ്‌മെന്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.


റണ്ണില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 1 ന് രാത്രി 8 മണിക്ക് മുമ്പായി www.kannurwarriorsfc.com എന്ന വെബ് സൈറ്റിലോ, കിംസ് ശ്രീചന്ദിന്റെ സമൂഹ്യമാധ്യമത്തിലോ നല്‍കിയിട്ടുള്ള ലിംങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. നവംബര്‍ 2 ന് രാവിലെ 5.30 മുതല്‍ 6.00 മണി വരെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 890 7212 027.

സൂപ്പർ ലീഗ് കേരള; ഓരോ ഗോളടിച്ച് കാലിക്കറ്റും കണ്ണൂരും

കോഴിക്കോട് : അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയിൽ വീണ്ടും സമനില. ഒരു ചുവപ്പ് കാർഡും രണ്ട് ഗോളുകളും കണ്ട മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്സിയും ഓരോ ഗോളടിച്ചു പിരിഞ്ഞു. ഇ എം എസ് സ്റ്റേഡിയത്തിൽ കാലിക്കറ്റിനായി
മുഹമ്മദ്‌ അർഷാഫും കണ്ണൂരിനായി
എസിയർ ഗോമസും ഗോൾ നേടി. കാലിക്കറ്റിന്റെ മുഹമ്മദ്‌ ആസിഫ് ആദ്യപകുതിയിൽ ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടു. നാല് കളികളിൽ എട്ട് പോയന്റുള്ള കണ്ണൂർ ഒന്നാംസ്ഥാനത്തും അഞ്ച് പോയന്റുള്ള കാലിക്കറ്റ്‌ നാലാംസ്ഥാനത്തും നിൽക്കുന്നു.

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ എബിൻദാസിനെ ഫൗൾ ചെയ്ത കാലിക്കറ്റിന്റെ മുഹമ്മദ്‌ ആസിഫ് മഞ്ഞക്കാർഡ് കണ്ടു. ഇതിനായി ബോക്സിന് തൊട്ടുപുറത്തു നിന്ന് കണ്ണൂരിന് ലഭിച്ച ഫ്രീകിക്ക് എസിയർ ഗോമസിന് മുതലാക്കാനായില്ല. പതിനേഴാം മിനിറ്റിൽ കാലിക്കറ്റിന് അനുകൂലമായ ഫ്രീകിക്ക്. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തിയെട്ടാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോൾ നേടി. ക്യാപ്റ്റൻ പ്രശാന്ത് എടുത്ത താഴ്ന്നുവന്ന കോർണർ മുഹമ്മദ്‌ അജ്സൽ ക്ലിയർ ചെയ്ത് നൽകിയപ്പോൾ കരുത്തുറ്റ ഷോട്ടിലൂടെ അണ്ടർ 23 താരം മുഹമ്മദ്‌ അർഷാഫ് കണ്ണൂരിന്റെ വലയിലെത്തിച്ചു 1-0. മുപ്പത്തിയെട്ടാം മിനിറ്റിൽ സ്പാനിഷ് താരങ്ങളുടെ മികവിൽ കണ്ണൂർ ഗോൾ തിരിച്ചടിച്ചു. അഡ്രിയാൻ സെർദിനേറോ നീക്കിനൽകിയ പന്ത് ഓടിപ്പിടിച്ച എസിയർ ഗോമസ് കാലിക്കറ്റ്‌ ഗോളി ഹജ്മലിന് ഒരവസരവും നൽകാതെ പോസ്റ്റിൽ നിക്ഷേപിച്ചു 1-1. ആദ്യപകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന്റെ ആസിഫ് ചുവപ്പ് കാർഡ് വാങ്ങി പുറത്തേക്ക് പോയി. അഞ്ചാം മിനിറ്റിൽ തന്നെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചിരുന്ന ആസിഫ് നാൽപ്പത്തിരണ്ടാം മിനിറ്റിൽ പന്ത് കൈകൊണ്ട് തടയാൻ ശ്രമിച്ചപ്പോൾ റഫറി രണ്ടാം മഞ്ഞക്കാർഡും ചുവപ്പും നൽകുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മുന്നേറ്റനിരയിൽ നിന്ന് അനികേത് യാദവിനെ പിൻവലിച്ച കാലിക്കറ്റ്‌ പ്രതിരോധത്തിൽ സച്ചു സിബിയെ കൊണ്ടുവന്നു. അൻപത്തിയഞ്ചാം മിനിറ്റിൽ കാലിക്കറ്റിന് വീണ്ടും മഞ്ഞക്കാർഡ്. എതിർതാരത്തെ ഇടിച്ചതിന് ജോനാഥൻ പെരേരക്ക് നേരെയാണ് റഫറി കാർഡുയർത്തിയത്.
കണ്ണൂർ സിനാൻ, അർഷാദ്, കരീം സാംബ് എന്നിവരെയും കാലിക്കറ്റ്‌ ആഷിഖിനെയും കളത്തിലിറക്കി. എഴുപത്തിയാറാം മിനിറ്റിൽ ഇടതുവിങിലൂടെ മുന്നേറി കാലിക്കറ്റിന്റെ ഫെഡറിക്കോ ഹെർനാൻ ബോസോ പോസ്റ്റിലേക്ക് കോരിയിട്ട പന്ത് ക്രോസ് ബാറിൽ തട്ടി മടങ്ങി. 16089 കാണികൾ മത്സരം വീക്ഷിക്കാനെത്തി.

നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ നാളെ (ഒക്ടോബർ 31) ഫോഴ്‌സ കൊച്ചി എഫ്സി, തൃശൂർ മാജിക് എഫ്സിയെ നേരിടും. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

മൊറോക്കൻ മുന്നേറ്റ താരം അബ്ദെൽഹയ്യ് ഫോർസിയെ സൈൻ ചെയ്ത് മലപ്പുറം എഫ്‌സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ സീസണിൽ ശേഷിക്കുന്ന മൽസരങ്ങൾക്ക് മുമ്പായി മുന്നേറ്റത്തിന് കരുത്ത് കൂട്ടി മലപ്പുറം ഫുട്ബോൾ ക്ലബ്. അറ്റാക്കുകൾക്ക് കൂടുതൽ മൂർച്ഛയേകാൻ മൊറോക്കൻ താരം അബ്ദെൽഹയ്യ് ഫോർസിയെയാണ് പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിംഗറായും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് അബ്ദെൽഹയ്യ്. 27 വയസ്സാണ് പ്രായം. ഇതാദ്യമായാണ് ഇദ്ദേഹം ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നത്. മൊറോക്കോയിലെ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

മൊറോക്കൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ആർ‌സി‌എ സെമാമ്രയിൽ നിന്നാണ് താരം ഇപ്പോൾ മലപ്പുറം എഫ്‌സിയിൽ ചേരുന്നത്. സെമാമ്രയ്‌ക്കായി 43 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടുകയും 9 അസിസ്റ്റുകളും നൽകുകയും ചെയ്‌തിട്ടുണ്ട്. രാജ കാസബ്ലാങ്ക, ഒളിമ്പിക് സാഫി, സി‌എ കെനിഫ്ര, കെ‌എ‌സി‌എം മാരാകേഷ് തുടങ്ങിയ മൊറോക്കോയിലെ മറ്റ് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. മികച്ച പാസ്സുകൾ നൽകുന്നതിലും നല്ല പന്തടക്കവുമാണ് ഫോർസിയെ വ്യത്യസ്താനാക്കുന്നത്.

പയ്യനാട് വീണ്ടും സമനിലപൂട്ട്, മലപ്പുറം എഫ്സി vs തിരുവനന്തപുരം കൊമ്പൻസ്

മലപ്പുറം: ആവേശം അലതലിയ മലപ്പുറം_കൊമ്പൻസ് എഫ്സി പോരാട്ടം സമനിലയിൽ കലാശിച്ചു. ജയത്തിനായി പോരാടിയെങ്കിലും സമനില പൂട്ട് പൊട്ടിക്കാൻ എംഎഫ്സിക്ക് കഴിഞ്ഞില്ല. പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിൻറെ തുടർച്ചയായ മൂന്നാം സമനിലയാണിത്. മലപ്പുറത്തിന് വേണ്ടി ജോൺ കെന്നഡിയും കൊമ്പൻസിന് വേണ്ടി പെനാൽട്ടിയിലൂടെ ഓട്ടമെറും ഗോൾവല കുലുക്കി. 21426ഓളം കാണികളാണ് ഇന്നത്തെ മത്സരം കാണാൻ ഗാലറിയിലെത്തിയത്.

ടീം ലൈനപ്പിലേക്ക് വരുമ്പോൾ കഴിഞ്ഞ മൽസരത്തെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളാണ് കോച്ച് മിഗ്വേൽ കോറൽ വരുത്തിയിട്ടുള്ളത്. അക്ബറിന് പകരം ഇർഷാദിനെയും നിതിൻ മധുവിന് പകരം സഞ്ജു ഗണേഷിനെയും ഇലവനിൽ ഉൾപ്പെടുത്തി.മുന്നേറ്റത്തിൽ റോയ് കൃഷണ, ഗനി നിഗം, അഭിജിത് എന്നിവരെ ഇറക്കി 4-2-1-3 ഫോർമേഷനിലാണ് ടീമിനെ ഇത്തവണ വിന്യസിച്ചത്. മധ്യനിരയിൽ ഫാകുണ്ടോ ബല്ലാർഡോ, ബദ്ർ, ഇർഷാദ് എന്നിവരും പ്രതിരോധത്തിൽ സ്പാനിഷ് താരം ഐറ്റർ അൽദലൂർ, അബ്ദുൽ ഹക്കു, സഞ്ജു ഗണേഷ്,ജിതിൻ പ്രകാശ് എന്നിവരും അണിനിരന്നു. ഗോൾ കീപ്പറായി മുഹമ്മദ് അസ്ഹറും ഇറങ്ങി.

എംഎഫ്സിയുടെ മികച്ചൊരു മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിട്ടിൽ തന്നെ ഫകുണ്ടോ കൊടുത്ത പാസ്സ് കൊമ്പൻസ് ബോക്സിൽ അപകടം ഉണ്ടാക്കുമെന്ന് തോന്നിച്ചെങ്കിലും അഭിജിത്തിന് പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. പത്താം മിനിട്ടിൽ കൊമ്പൻസിൻറെ മുന്നേറ്റം കീപ്പർ അസ്ഹർ മികച്ചൊരു സേവിലൂടെ തടഞ്ഞു . അടുത്ത മിനിറ്റിൽ തന്നെ മലപ്പുറത്തിന് ഗോൾ അവസരം കിട്ടിയെങ്കിലും കൊമ്പൻസിൻറെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. റോയ് കൃഷ്‌ണയുടെ ക്രോസ്സിൽ ഫകുണ്ടോയുടെ ഷോട്ടായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ തിരുവനന്തപുരത്തിൻറെ കോർണർ കിക്ക് അസർ കയ്യിലൊതുക്കി. 16-ാം മിനിറ്റിൽ വലിയൊരു ഗോളവസരം തുറന്ന് കിട്ടിയെങ്കിലും ക്യാപ്റ്റൻ ഐറ്ററിൻറെ കിക്ക് കൊമ്പൻസ് കീപ്പർ ആര്യൻ തടഞ്ഞു. 25മത്തെ മിനിറ്റിൽ അഭിജിതിൻറെ വലത് വിംഗിലുടെയുള്ള മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്തിൽ ഇർഷാദ് ഒരു പവർഷോട്ട് തൊടുത്ത് വിട്ടെങ്കിലും പോസ്റ്റിനോട് തൊട്ട് ചാരി പുറത്തേക്കാണ് പോയത്. 37-ാം മിനിറ്റിൽ കൊമ്പൻസ് താരം ഓട്ടമെർ അടിച്ച കിക്ക് ഐറ്റർ മികച്ച ബ്ലോക്കിലൂടെ അപകടം ഒഴിവാക്കി. ആദ്യ പകുതി അങ്ങനെ ഇരു ടീമിനും ഗോൾ അടിക്കാൻ കഴിയാതെ സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിൻറെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടാണ് മലപ്പുറം കളത്തിലിറങ്ങിയത്. ജിതിന് പകരക്കാരനായി ടോണിയും ഫകുണ്ടോയ്ക്ക് പകരം ജോൺ കെന്നഡിയും ഗനി നിഗമിന് പകരക്കാരനായി റിഷാദ് ഗഫൂറും കളത്തിലിറങ്ങി . 57-ാം മിനിറ്റിൽ വലത് വിംഗിൽ നിന്ന് ടോണി മികച്ച ക്രോസ്സ് കൊടുത്തങ്കിലും പന്തിൽ തലവെക്കാൻ ബോക്സിൽ മലപ്പുറം താരങ്ങൾ ആരുമുണ്ടായിരുന്നില്ല. 60-ാം മിനിറ്റിൽ ഇർഷാദിന് പകരക്കാരനായി അഖിൽ പ്രവീണിറങ്ങി. തൊട്ടടുത്ത നിമിഷം തന്നെ കെന്നഡിയുടെ ഷോട്ട് കൊമ്പൻസ് കീപ്പർ ആര്യൻ തടുത്തിട്ടു. പിന്നീട് 69-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് ബദ്ർ എടുത്ത ഫ്രീകിക്കിൽ ജോൺ കെന്നഡിയുടെ കിടിലനൊരു ഹെഡ്ഡർ ഗോൾ ! ഗാലറിയൊന്നാകെ ആർത്തു വിളിച്ച നിമിഷം.

75-ാം മിനിറ്റിൽ മലപ്പുറത്തിൻറെ ബോക്സിൽ നടന്ന കൂട്ടപൊരിച്ചിലിനിടയിൽ കൊമ്പൻസിന് റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത ഓട്ടമെർ ഗോളാക്കി മാറ്റി. 87-ാം മിനിറ്റിൽ റോയ് കൃഷ്ണക്ക് പകരക്കാരനായി പുതിയ സൈനിംഗ് ഫോർസിയെ കളത്തിലിറക്കി. തുടർന്ന് കളിയുടെ അവസാന നിമിഷങ്ങളിൽ തുടരെയുള്ള അറ്റാക്കുകൾ മലപ്പുറത്തിൻറെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരം ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഈ സമനിലയോടെ, മലപ്പുറം എഫ്‌സി 6 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അടുത്ത മത്സരം നവംബർ 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോർസ കൊച്ചിക്കെതിരെയാണ്. സീസണിലെ എംഎഫ്‌സിയുടെ ആദ്യ എവേ മത്സരമാണിത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മലബാര്‍ ഡെര്‍ബി

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ വടക്കന്‍ വീരഗാഥ. മലബാറിലെ ശക്തരായ കണ്ണൂര്‍ വാരിയേഴ്‌സ് എഫി.സി.യും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ 29 ബുധനാഴ്ച രാത്രി 7.30 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. കണക്കുകള്‍ നോക്കുമ്പോള്‍ കാലിക്കറ്റിനാണ് മുന്‍തൂക്കം. സൂപ്പര്‍ ലീഗില്‍ ആദ്യ സീസണില്‍ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒരു മത്സരത്തില്‍ കാലിക്കറ്റ് എഫ്‌സി വിജയിച്ചു.


സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ തോല്‍വി അറിയാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ കുതിപ്പ്. മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് സംമ്പാദ്യം. പോയിന്റ് പട്ടികയില്‍ മുന്നിലുമാണ്. പരിചയസമ്പന്നനായ ഗോള്‍കീപ്പറര്‍ ഉബൈദ് സി.കെ.യും അച്ചടക്കത്തോടെ കളിക്കുന്ന നിക്കോയും വികാസും നയിക്കുന്ന പ്രതിരോധവുമാണ് ടീമിന്റെ കരുത്ത്. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് മത്സരം സ്വന്തം വരുതിയിലാക്കും. മധ്യനിരയില്‍ കരുത്തുമായി ഏണസ്റ്റീന്‍ ലവ്‌സാംബയുണ്ട്. മത്സരത്തില്‍ ഉടനീളം ധാരളം ഗോളവസരം ലഭിക്കുന്നുണ്ടെങ്കിലും കൃത്യമായി ലക്ഷ്യം കാണാന്‍ ടീമിന് സാധിക്കുന്നില്ല. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളടി വീരന്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ പരിക്ക് മാറി തിരിച്ചെത്തിയത് ടീമില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫോഴ്‌സ കൊച്ചികെതിരെ രണ്ടാം പകുതിയില്‍ പകരകാരനായി എത്തി അഡ്രിയാന്‍ വിജയ ഗോളും നേടി.


മുങ്ങിപോകുമെന്ന് പ്രതീക്ഷിച്ചിരുന്ന കപ്പല്‍ തീരത്തോട് അടുക്കുന്ന പ്രതീക്ഷയിലാണ് കാലിക്കറ്റ് എഫ്‌സിക്കുള്ളത്. ആദ്യ മത്സരത്തില്‍ ഫോഴ്‌സ കൊച്ചിയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിലെ തോല്‍വി ടീമിന്റെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ മലപ്പുറം എഫ്‌സിക്കെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും മൂന്ന് ഗോള്‍ നേടാന്‍ സാധിച്ചത് ടീമിന് ഗുണം ചെയ്യും. ഗോള്‍ കീപ്പറും മനോജും റിച്ചാര്‍ഡും നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. മധ്യനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പ്രതിരോധ താരം റിച്ചാര്‍ഡ് പരിക്ക് പറ്റി പുറത്തുപോയിയിരുന്നു. അറ്റാക്കിംങില്‍ കരുത്തുമായി മലയാളി താരം മൂഹമ്മദ് അജ്‌സലുമുണ്ട്. മലപ്പുറത്തിന് എതിരെ രണ്ട് ഗോളാണ് താരം നേടിയത്. ആദ്യ സീസണിലെ ചാമ്പ്യന്‍മാരും ഇത്തവണത്തെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിന് വീരും വാശിയും ഏറും.

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ നവംബര്‍ 7 മുതല്‍ കണ്ണൂരില്‍; സംഘാടക സമിതി രൂപീകരണം ഒക്ടോബര്‍ 31 ന്

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ നവംബര്‍ 7 മുതല്‍ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. കണ്ണൂര് വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഫോഴ്‌സ കൊച്ചി, തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സി , കാലിക്കറ്റ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എന്നീ ടീമുകള്‍ക്കെതിരെ ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങളായിരിക്കും കണ്ണൂരില്‍ നടക്കുക. വിവിധ ഗ്രൗണ്ടുകളിലായി ആകെ 30 ലീഗ് റൗണ്ട് മല്‍സരങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുമായിരിക്കും നടക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തില്‍ 15,000 ത്തോളം കാണിളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.


കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 31 ന് 4 മണിക്ക് ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. ആലോചനാ യോഗത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് എം കെ നാസര്‍ അധ്യക്ഷനായി. കണ്ണൂര്‍ വാരിയേഴ്സ് ക്ലബ്ബ് ചെയര്‍മാന്‍ ഡോ. എംപി ഹസ്സന്‍ കുഞ്ഞി ഖത്തറില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു. വാരിയേഴ്സ് ക്ലബ്ബ് ഡയരക്ടര്‍ മുഹമ്മദ് സാലി, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പി കെ ജഗനാഥന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി കെ ബൈജു, ഷാഹിന്‍പള്ളിക്കണ്ടി, പികെ വേലായുധന്‍, സി സെയ്ദ്, പിടികെ റെയിസ് തുടങ്ങിയവര്‍ സംസാരിച്ചു.

നാലാം അങ്കത്തിനൊരുങ്ങി മലപ്പുറം എഫ്സി! നാളെ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും

മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. ഒക്ടോബർ 28ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു കലാശിച്ചത്. തിരുവനന്തപുരത്ത് നടന്ന കളിയിൽ 1-1, പയ്യനാട് നടന്ന കളിയിൽ 2-2 എന്നിങ്ങനെയായിരുന്നു ഫലം.

ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളിൽ ഒന്നാണ് മലപ്പുറം. ഒരു ജയവും രണ്ട് സമനിലയും ഉൾപ്പെടെ അഞ്ച് പോയിന്റാണ് ടീമിന്റെ സമ്പാദ്യം . നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. കൊമ്പൻസാണെങ്കിൽ രണ്ട് തോൽവിയും ഒരു ജയമുൾപെടെ അഞ്ചാം സ്ഥാനത്താണ്. അവസാനം നടന്ന ഹോം മത്സരത്തിൽ തൃശ്ശൂരുമായി ഒരു ഗോളിന് തിരുവനന്തപുരം പരാജയപെട്ടിരുന്നു. മലപ്പുറമാണെങ്കിൽ കാലിക്കറ്റിനെതിരെ 3 -1 ന് തോറ്റിടത്ത് നിന്ന് 3-3ൻറെ വലിയ തിരിച്ചുവരവ് കഴിഞ്ഞ കളിയിൽ നടത്തിയിരുന്നു. എന്നിരുന്നാലും ആദ്യ ഇലവനിൽ ഇത്തവണ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.

ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് പോകുന്നതിന് മുൻപ് സ്വന്തം കാണികൾക്കു മുന്നിൽ ഹോം മത്സരത്തിലെ മൂന്ന് പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്കെത്തുകയെന്നത് തന്നെയാണ് മലപ്പുറം എഫ്സിയുടെ ലക്ഷ്യം. നവംബർ 4ന് കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിക്കെതിരെയാണ് മലപ്പുറത്തിൻറെ അടുത്ത മത്സരം. ടിക്കറ്റ്ജീനി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മലപ്പുറം എഫ്സിയുടെ ഹോം മൽസരങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. മൽസര ദിവസങ്ങളിൽ പയ്യനാട് സ്റ്റേഡിയത്തിൽ ടിക്കറ്റ് കൗണ്ടറുകളിലൂടെയുള്ള വിൽപനയുമുണ്ടാകും. 99 രൂപ മുതൽ 499 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ.

ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ്

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ താഴെ ചൊവ്വ സെക്യൂറ മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ്, എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ടീം ക്യാപ്റ്റന്‍മാരായ , ഏണസ്റ്റീന്‍ ലവ്‌സാംബ, ഉബൈദ് സി.കെ., മധ്യനിരതാരം അസിയര്‍ ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കോട്ട് അവതരിപ്പിച്ചത്. വീരന്‍ എന്ന പേര് നല്‍കിയ കടുവയാണ് മാസ്‌ക്കോട്ട്.


കണ്ണൂരിന്റെ പോരാളികളെ അനുസ്മരിച്ചാണ് വീരന്‍ എന്ന പേര് മാസ്‌ക്കോട്ടിന് നല്‍കിയത്. പുരാതന യുദ്ധകാലത്ത് വിവിധ ആധിപത്യശക്തികള്‍ക്കെതിരെ അനേകം സമരങ്ങളും വിപ്ലവങ്ങളും നടന്ന നാടാണ് കണ്ണൂര്‍. കൂടാതെ കണ്ണൂരും വടക്കന്‍ മലബാറും ലോകത്തിലെ ഏറ്റവും പുരാധന യുദ്ധകലകളിലൊന്നായ കളരിപ്പയറ്റിന്റെ ജന്മഭൂമിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവരുടെ വീരകഥകള്‍ ഇന്നും വടക്കന്‍ പാട്ടുകള്‍ മുഖേന ജനകീയ പരമ്പരാഗതത്തിന്റെ ഭാഗമാകുന്നു.

സ്വാതന്ത്രസമരത്തിലും കണ്ണൂര്‍ സജീവമായ പങ്കുവഹിച്ചു. തുടര്‍ന്ന് നിരവധി കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത ഏറ്റുമുട്ടലുകളും രക്തസാക്ഷിത്വങ്ങളും ഇവിടെ നടന്നത് ഈ മണ്ണിന്റെ പോരാട്ടചൈതന്യത്തെ കൂടുതല്‍ ശക്തമാക്കി.കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സര ദിവസവും മറ്റുപരിപാടികള്‍ക്കും ആരാധകര്‍ക്ക് ആവേശമായി വീരന്‍ ഉണ്ടാകും.


കണ്ണൂരിന്റെ ശക്തി, ധൈര്യം, ദൃഢനിശ്ചയം, ആധിപത്യം എന്നിവയുടെ പ്രതീകമായിയാണ് വീരന്‍ എന്ന മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചെതെന്നും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ കളിക്കുന്ന എല്ലാ താരങ്ങളില്‍ നിന്നും കണ്ണൂരിനായി പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു. ആരാധകര്‍ക്ക് വേണ്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ 6 മണിവരെ പയ്യാമ്പലം ബീച്ചില്‍ വെച്ചും, 6 മണി മുതല്‍ 8 മണിവരെ സെക്യൂറ മാളിലും വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിജയക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് പ്രത്യേകം സമ്മാനവും നല്‍ക്കും.


6 ഗോൾ ത്രില്ലർ! എന്നിട്ടും സമനില തെറ്റാതെ മലപ്പുറവും കാലിക്കറ്റും

മഞ്ചേരി: കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മത്സരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ്‌ എഫ്സിയും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരള മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി
മുഹമ്മദ്‌ അജ്സൽ രണ്ടും
പ്രശാന്ത് ഒരു ഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കോഴിക്കോട്ടുകാർ ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ്‌ അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ്‌ അജ്സ്‍ലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (1-0). പതിനഞ്ചാം മിനിറ്റിൽ അജ്സലിന് വീണ്ടും അവസരം. പക്ഷെ, മലപ്പുറം ഗോളി നെഞ്ചുകൊണ്ട് തടുത്തു. ഇരുപതാം മിനിറ്റിൽ കോഴിക്കോട് ക്യാപ്റ്റൻ പ്രശാന്തിന്റെ മിസ്പാസ് പിടിച്ചെടുത്ത മലപ്പുറത്തിന്റെ ഗനി നിഗം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ഫക്കുണ്ടോ ഡാനിയലിനെതിരെ പരുക്കൻ അടവ് പുറത്തെടുത്ത കാലിക്കറ്റിന്റെ ജോനാഥൻ പരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചു. മുപ്പത്തിയെട്ടാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ അക്ബർ സിദ്ധീഖിന് പകരം മലപ്പുറം അഖിലിനെ കളത്തിലിറക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കാലിക്കറ്റിന് വീണ്ടും ഗോളവസരം. പക്ഷെ, പ്രശാന്തിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ്‌ പോസ്റ്റിൽ കയറി (1-1).

കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ്‌ ലീഡെടുത്തു. ഇടതുവീങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). ആക്രമണം ശക്തമാക്കാൻ മലപ്പുറം റിഷാദ് ഗഫൂർ, ജോൺ കെന്നഡി എന്നിവരെ കൊണ്ടുവന്നു. പ്രശാന്തിന് പകരം കാലിക്കറ്റ്‌ അനികേത് യാദവിനും അവസരം നൽകി. എഴുപത്തിരണ്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്ന് പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ്‌ അജ്സൽ. മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും നനഞ്ഞുകുതിർന്ന പിച്ചിൽ സ്കോറിങ് ദുഷ്കരമായി. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാനാവാതെ കളിക്കാർ കുഴഞ്ഞു. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). 22956 കാണികൾ മത്സരം കാണാനെത്തി

മൂന്നാം റൗണ്ടിലെ അവസാന മത്സരം ഒക്ടോബർ 24 ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക.

ലൈവ്:

മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.

Exit mobile version