Forca Kochi SLK

കണ്ണൂരിനെ വീഴ്ത്തി ഫോഴ്സ കൊച്ചി സൂപ്പർ ലീഗ് കേരള ഫൈനലിൽ

സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി ഫൈനലിൽ. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫോഴ്സ കൊച്ചി ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ ഫോഴ്സ കൊച്ചി കാലിക്കറ്റ് എഫ് സിയെ ആകും നേരിടുക.

ഇന്ന് മത്സരത്തിൽ ഇരുടീമുകളും കരുതലോടെയാണ് തുടക്കത്തിൽ കളിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളോ നല്ല അവസരമോ ഇരു ടീമുകളും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ ആണ് ടീമുകൾ അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ തുടങ്ങിയത്.

72ആം മിനുട്ടിൽ ഡോറിൽട്ടൺ ഒരു ബൈസൈക്കിൾ കിക്കിലൂടെ ഫോഴ്സ കൊച്ചിക്ക് ലീഡ് നൽകി. ഈ ഗോൾ കഴിഞ്ഞ് ഏഴ് മിനുട്ടുകൾക്ക് ശേഷം ഡോറിൽട്ടൺ വീണ്ടും ഫോഴ്സ കൊച്ചിക്കായി ഗോൾ നേടി. ഇത്തവണ കണ്ണൂർ വാരിയേഴ്സ് ഗോൾ കീപ്പറിന്റെ പിഴവ് ഗോളിനെ സഹായിച്ചു. ഈ ഗോളുകളോടെ ഡോറിൽട്ടണ് ഈ സീസണിൽ 7 ഗോളുകൾ ആയി.

കണ്ണൂർ ചില മാറ്റങ്ങൾ മത്സരത്തിന്റെ അവസാനം വരുത്തി നോക്കി എങ്കിലും കളിയിലേക്ക് തിരികെ വരാൻ അവർക്ക് ആയില്ല.

Exit mobile version