കല്പകഞ്ചേരിയിൽ ഫിഫയെ തച്ചുതകർത്ത് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

- Advertisement -

ഫിഫാ മഞ്ചേരിക്ക് ഒരു മറക്കാൻ ഒരു പരാജയവും കൂടെ. ഇന്നലെ മെഡിഗാഡ് അരീക്കോടിനെതിരെ ആയിരുന്നു എങ്കിൽ ഇന്ന് കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസ് സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനെതിരെ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഇന്ന് ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തിയത്. സെമി ആദ്യ പാദത്തിലും സൂപ്പറിനായിരുന്നു വിജയം. ഇതോടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് കടന്നു.

കളിയുടെ തുടക്കം മുതൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനായിരുന്നു മുൻതൂക്കം. കളിയുടെ 6ാം മിനുട്ടിൽ പാട്രിക്കിലൂടെ സൂപ്പർ സ്റ്റുഡിയോ ലീഡെടുത്തു. മിനുട്ടുകൾക്കകം തന്നെ സൂപ്പർ ആ ലീഡ് ഇർഷാദിലൂടെ ഇരട്ടിയാക്കി. ആദ്യ പകുതിയുടെ അവസാനം വരെ സൂപ്പർ ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ ഫ്രാൻസിസിലൂടെ ഒരു ഗോൾ മടക്കി ഫിഫാ മഞ്ചേരി തിരിച്ചുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും രണ്ടു ഗോൾ കൂടെ ഫിഫയുടെ വലയിൽ എത്തിച്ച് സൂപ്പർ അതിനെ തടയുക ആയിരുന്നു. 4-1ന് വിജയിക്കുക ആയിരുന്ന സൂപ്പറിന്റെ വലയിലേക്ക് ഫൈനൽ വിസിലിനു തൊട്ടുമുമ്പ് കുട്ടന്റെ ബൂട്ടിൽ നിന്നും ഒരു ഗോൾ കൂടെ വീണു. എങ്കിലും ജയം സൂപ്പറിന് തന്നെ സ്വന്തം.

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഇത് സീസണിലെ ഒമ്പതാം ഫൈനലാണ്. ബ്ലാക്കും അൽ മദീന ചെർപ്പുള്ളശ്ശേരിയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ നേരിടുക.

Advertisement