
കഴിഞ്ഞ വർഷം ആഘോഷമാക്കി എ ഐ എഫ് എഫ് നടപ്പിലാക്കിയ സൂപ്പർ കപ്പ് ഇനി ഉണ്ടായേക്കില്ല. പ്രഥമ സൂപ്പർ കപ്പ് പരാജയപ്പെട്ടതാണ് എ ഐ എഫ് എഫിനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്. സീസൺ അവസാനം ഇങ്ങനെ ഒരു കപ്പ് ടൂർണമെന്റ് വെക്കുന്നതിനെ വിവിധ ക്ലബുകളും പരിശീലകരും എതിർത്തിരുന്നു. സൂപ്പർ കപ്പ് വൻ സാമ്പത്തിക ബാധ്യതയാണ് ക്ലബുകൾക്ക് നൽകുന്നത് എന്ന് മിനേർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജ് പറഞ്ഞിരുന്നു.
തുടക്കത്തിൽ സൂപ്പർ കപ്പിൽ നിന്ന് പിന്മാറാനും മിനേർവ പഞ്ചാബ് ശ്രമിച്ചിരുന്നു. ഒരാവശ്യവും ഇല്ലാത്ത ടൂർണമെന്റാണ് ഇതെന്ന് മുൻ ജംഷദ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പലും വിമർശിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ ഐ എസ് എല്ലിലെ ക്ലബുകൾ പലരും പ്രമുഖ വിദേശതാരങ്ങളെ ഉൾപ്പെടുത്താതെയായിരുന്നു ടൂർണമെന്റിൽ എത്തിയത്. വിജയിച്ചത് കൊണ്ട് ഒരു ഏഷ്യൻ യോഗ്യതയോ ഒന്നും നേടാൻ ഇല്ലാത്ത ടൂർണമെന്റ് എന്തിനാണ് നടത്തുന്നത് എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം.
ഫെഡറേഷൻ കപ്പ് ഇല്ലാതാക്കിയാണ് സൂപ്പർ കപ്പ് കൊണ്ടു വന്നിരുന്നത്. അന്തിമ തീരുമാനം ആയില്ല എങ്കിലും സൂപ്പർ കപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പരിഹാരം തേടിതുടങ്ങിയിരിക്കുകയാണ് എ ഐ എഫ് എഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
