ഗോകുലത്തിന് വീണ്ടും തോൽവി, മൂന്നാം ജയത്തോടെ ജംഷദ്പൂർ സെമിയിൽ

ഗ്രൂപ്പ്‌ സിയിൽ മൂന്നാം പരാജയവുമായി ഗോകുലം സൂപ്പർ കപ്പ് യാത്ര അവസാനിപ്പിച്ചു. ഇന്ന് ജംഷദ്പൂർ എഫ് സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മൂന്നിൽ മൂന്നും വിജയിച്ച് ജംഷദ്പൂർ സെമിയിലേക്ക് മുന്നേറി.

ഹോം ഗ്രൗണ്ടായ കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഹീറോ സൂപ്പർ കപ്പിലെ ആശ്വാസ ജയം തേടിയിറങ്ങിയ ഗോകുലം കേരളക്ക് വേണ്ടി സാമൂവൽ 36 ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. മൂന്ന് താരങ്ങളെ മറി കടന്ന് മലയാളി താരം സൗരവ് നൽകിയ പാസ്സിലായിരുന്നു ഗോൾ.
40 ആം മിനുട്ടിൽ ജംഷഡ്പൂർ സമനില ഗോൾ നേടി. ജംഷഡ്പൂരിന് വേണ്ടി ഹാരിസൺ സ്വയർ ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഫറൂഖ് ചൗധരി 59ആം മിനുട്ടിലും ഇഷാൻ പണ്ഡിറ്റ 69ആം മിനുട്ടിലും ജംഷഡ്പൂരിനു വേണ്ടി ഗോൾ നേടി. അവർ 3-1ന് മുന്നിൽ എത്തി. ആദ്യ പകുതിയിൽ ഗോകുലത്തിന് വേണ്ടി ഗോൾ നേടിയ സാമൂവൽ 62ആം മിനുട്ടിൽ ഗോകുലത്തിന് വേണ്ടി രണ്ടാം ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല.

സൂപ്പർ കപ്പ്; സെമിയും ഫൈനലും രാത്രി 7 മണിക്ക്

ഹീറോ സൂപ്പർ കപ്പിന്റെ സെമി ഫൈനലുകളും ഫൈനലുൻ രാത്രി 7 മണിക്ക് ആകും നടക്കുക എന്ന് അധികൃതർ അറിയിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ രാത്രി കിക്കോഫ് ടൈം 8.30 ആയിരുന്നു. എന്നാൽ അത് മാറ്റി അവസാന മൂന്ന് മത്സരങ്ങൾ 7 മണിക്ക് ആക്കാൻ സംഘാടകർ തീരുമാനിച്ചു. മൊന്ന് മത്സരങ്ങളും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആകും നടക്കുക.

ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ നടക്കുക. ഏപ്രിൽ 25ന് ഫൈനലും നടക്കും. ആദ്യ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയും ജംഷദ്പൂരും ആണ് ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ ഒരു ടീം ഒഡീഷ ആണ് രണ്ടാം ടീമിനെ നാളെ അറിയാൻ ആകും.

ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ച് ഒഡീഷ സൂപ്പർ കപ്പ് സെമി ഫൈനലിൽ

ഹൈദരബാദ് എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഒഡീഷ എഫ് സി സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് ഒഡീഷ പരാജയപ്പെട്ടത്. 11 ആം മിനുട്ടിൽ ബോർജ ഹരേര വലത് വിങ്ങിൽ നിന്നും കൊടുത്ത ഒന്നാന്തരം ക്രോസ്സ് ജാവിയർ സിവേരിയോ ഹെഡ് ചെയ്ത് ഗോളാക്കിയതോടെ ആണ് ഹൈദരാബാദ് ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ആണ് ഒഡീഷ തിരിച്ചടിച്ചത്.

54 ആം മിനുട്ടിൽ കോർണർ കിക്കിൽ നിന്നും ഹൈദരാബാദ് ബോക്സിൽ ഉണ്ടായ കൂട്ട പൊരിച്ചിലിനിടയിൽ ഡീഗൊ മൗറിസിയോ പന്ത് വലയിലാക്കി ഒഡിഷക്ക് വിലപ്പെട്ട സമനില ഗോൾ നേടി കൊടുത്തു. 59 ആം മിനുട്ടിൽ മുഹമ്മദ്‌ യാസിർ വലത് വിങ്ങിൽ നിന്നും തൊടുത്ത ഒന്നാന്തരം കിക്ക് ഒഡിഷ ഗോൾ പോസ്റ്റിന് തൊട്ടുരുമ്മി പോയി. 86 ആം മിനുട്ടിൽ മൗറിസിയോ പ്രതിരോധ താരത്തിന്റെ കാലിനിടയിലൂടെ നൽകിയ ഒന്നാന്തരം പാസ്സിൽ വിക്ട്ടർ റോഡ്രിഗസ് പന്ത് വലയിലാക്കി ഒഡിഷയെ വിജയത്തിലെത്തിച്ചു.
സ്കോർ 1-2.

ഇതോടെ മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോട് കൂടി ഒഡിഷ ഗ്രൂപ്പ് ബിയിൽ നിന്നും സെമിയിലേക്ക് പ്രവേശിച്ചു.
ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമടക്കം നാല് പോയിന്റോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒഡിഷ സെമിയിൽ ഗ്രൂപ്പ്‌ ഡിയിലെ ഒന്നാം സ്ഥാനക്കാരോട് ഏറ്റ് മുട്ടും .മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 22 ആം തിയതിയാണ് മത്സരം

ഈസ്റ്റ് ബംഗാൾ ഐസാൾ പോരാട്ടം സമനിലയിൽ, ജയമില്ലാതെ ഇരു ടീമുകൾക്കും മടങ്ങാം

ഈസ്റ്റ് വംഗാളും ഐസാളും അവരുടെ ഹീറോ സൂപ്പർ കപ്പ് ഒരു സമനിലയുമായി അവസാനിപ്പിച്ചു. രണ്ട് തോൽവിയുമായി ഐസ്വോളും രണ്ട് സമനിലയുമായി ഈസ്റ്റ് ബംഗാളും ഗ്രൂപ്പ് ബി യിലെ അവസാന പോരാട്ടം തുടങ്ങും മുമ്പ് തന്നെ സെമി പ്രതീക്ഷ അവസാനിച്ച അവസ്ഥയിലായിരുന്നു. ഇന്നത്തെ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്.

16 ആം മിനുട്ടിൽ മഹേഷ്‌ സിംഗ്‌ ഈസ്റ്റ് ബംഗാളിന് വേണ്ടി ആദ്യ ഗോൾ നേടി.ക്യാപ്റ്റൻ ഒലിവേരിയ നൽകിയ ത്രൂ പാസ്സിലായിരുന്നു ഗോൾ.
21 ആം മിനുട്ടിൽ വി പി സുഹൈർ വലത് വിങ്ങിൽ നിന്നും കൊടുത്ത ബോൾ സുമിത് ബാസി ഹെഡ് ചെയ്തു ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ നേടി.
43 ആം മിനുട്ടിൽ ഐസ്വോൾ ന്റെ ജപ്പാൻ താരം അകിറ്റൊ സൈറ്റോ ബോക്സിൽ നിന്നും കിട്ടിയ ബോൾ ഗോൾ പോസ്റ്റിലേക്കടിച്ചു. ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽജിത് തട്ടിയിട്ട പന്ത് വലത് വിങ്ങിൽ നിന്നും ഐസ്വേൾ മുന്നേറ്റ താരം ഡേവിഡ് ബോക്സിന്റെ ഒത്ത മധ്യത്തിൽ നിൽക്കുകയായിരുന്ന ലാൽഹുറെ ലുവാൻഗക്ക്
നൽകി. ലാൽഹുറെ പന്ത് വലയിലാക്കി. സ്കോർ 2-1

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഐസോൾ രണ്ടാം ഗോളും മടക്കി. ഐസോളിൻറെ മധ്യ നിരയിൽ നിന്നും വന്ന മുന്നേറ്റം ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽ ജിത്ത് തടഞ്ഞിട്ടു.
പന്ത് വീണ് കിട്ടിയ ഐസോൾ മിഡ്ഫീൽഡർ മഫേല വേഗത്തിൽ പന്ത് ഡേവിഡിന് കൈമാറി. ബോക്സിന് വെളിയിൽ സ്ഥാനം തെറ്റി കിടക്കുകയായിരുന്ന ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ കമൽജിത്തിന്റെ മുകളിലൂടെ താരം പന്ത് വലയിലേക്ക് അടിച്ചു കയറ്റി. സ്കോർ 2-2

സമനിലയിൽ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്, ബെംഗളൂരു സൂപ്പർ കപ്പ് സെമി ഫൈനലിൽ

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് 1-1 എന്ന സമനല ആണ് വഴങ്ങിയത്. സമനില നേടിയ ബെംഗളൂരു എഫ് സി സെമി ഫൈനലിലേക്കും മുന്നേറി.

മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെ സൗരവിന്റെ നേതൃത്വത്തിൽ രണ്ട് നല്ല മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിന് ആയെങ്കിലും ലക്ഷ്യം കണ്ടില്ല. 23ആം മിനുട്ടിൽ ആണ് ബെംഗളൂരു എഫ് സി ലക്ഷ്യം കണ്ടത്. റോയ് കൃഷ്ണയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സിയുടെ ഗോൾ. ഈ ഗോൾ ബെംഗളൂരു എഫ് സിയെ ശക്തരാക്കി. ഇതിനു ശേഷം ബെംഗളൂരു എഫ് സി നല്ല അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. എങ്കിലും ആദ്യ പകുതിയിൽ കളി 1-0 എന്ന് തുടർന്നു.

രണ്ടാം പകുതിയിൽ എല്ലാം നൽകി തിരിച്ചടിക്കാൻ ബാസ്റ്റേഴ്സിനായില്ല. ദിമിയുടെ ഒരു ഫ്രീകിക്ക് വന്നെങ്കിലും അത് ഗുർപ്രീതിന് വലിയ വെല്ലുവിളി ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ നടത്തിയിട്ടും ഫലം മാറിയില്ല. നിശുവിനും രാഹുലിനും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുവരുടെയും ഷോട്ടുകൾ ഗുർപ്രീതിനു നേരെ ആയിരുന്നു.76ആം മിനുട്ടിൽ ദിമിത്രിയോസിന്റെ ഒരു ഹെഡർ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സ്കോർ 1-1. അപ്പോഴും ബ്ലാസ്റ്റേഴ്സിന് സെമിയിൽ എത്താൻ ഒരു ഗോൾ കൂടെ വേണ്ടിയിരുന്നു.

80ആം മിനുട്ടിൽ വിബിന്റെ മികച്ച ഷോട്ട് ഗുർപ്രീത് തടഞ്ഞു. 81ആം മിനുട്ടിൽ ജീക്ന്റെ ഒരു ഇടം കാലൻ കേർളറും ഗോളിന് അടുത്ത് എത്തി. 95ആം മിനുട്ടിൽ ദിമിയുടെ ഒരു ഷോട്ടും ഗുർപ്രീത് തടഞ്ഞു. എത്ര ശ്രമിച്ചിട്ടും വിജയ ഗോൾ മാത്രം വന്നില്ല. കളി സമനിലയിൽ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ് സി ശ്രീനിധിയെ തോൽപ്പിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി. ബെംഗളൂരു 5 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചപ്പോൾ ശ്രീനിധയും ബ്ലാസ്റ്റേഴ്സും നാലു പോയിന്റ് മാത്രമെ നേടിയുള്ളൂ

കോഴിക്കോട് സ്റ്റേഡിയം നിറഞ്ഞു, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിടുകയാണ്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ്. ഇന്ന് വിജയിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ പ്രീതീക്ഷ വെക്കാൻ ആകൂ.

മികച്ച രീതിയിൽ ആണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരം ആരംഭിച്ചത്. വലതു വിങ്ങിലൂടെ സൗരവിന്റെ നേതൃത്വത്തിക് രണ്ട് നല്ല മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിന് ആയെങ്കിലും ലക്ഷ്യം കണ്ടില്ല. 23ആം മിനുട്ടിൽ ആണ് ബെംഗളൂരു എഫ് സി ലക്ഷ്യം കണ്ടത്. റോയ് കൃഷ്ണയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സിയുടെ ഗോൾ. ഈ ഗോൾ ബെംഗളൂരു എഫ് സിയെ ശക്തരാക്കി. ഇതിനു ശേഷം ബെംഗളൂരു എഫ് സി നല്ല അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. എങ്കിലും ആദ്യ പകുതിയിൽ കളി 1-0 എന്ന് തുടർന്നു.

ഇനി രണ്ടാം പകുതിയിൽ എല്ലാം നൽകി തിരിച്ചടിക്കുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

ബെംഗളൂരു എഫ് സിക്ക് എതിരായ ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു, ഷഹീഫ് ടീമിൽ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സൂപ്പർ കപ്പിലെ മൂന്നാം മത്സരത്തിനായുള്ള ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഇന്ന് വൈരികളായ ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് വിജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് എന്തെങ്കിലും സെമി പ്രതീക്ഷ ഉള്ളൂ. യുവ മലയാളി താരം ഷഹീഫ് ഇന്ന് ആദ്യ ഇലവനിൽ ഇടം നേടി.

യുവ മലയാളി താരം സച്ചിൻ സുരേഷ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നു. വിക്ടർ മോംഗിൽ, ലെസ്കോ എന്നിവരാണ് സെന്റർ ബാക്ക്സ്. നിശുവും ഷഹീഫും ഫുൾബാക്ക് ആകും. വിബിൻ, ഡാനിഷ്, സൗരവ്, രാഹുൽ, ദിമി, ജിയാന്നു എന്നിവരും ആദ്യ ഇലവനിൽ ഉണ്ട്. മത്സരം 8.30ന്
ആരംഭിക്കും. കളി തത്സമയം സോണി സ്പോർട്സിലും ഫാൻകോഡിലും കാണാം.

KBFC XI : Sachin; Nishu, Victor, Leskovic, Shaheef, Danish, Vibin, Saurav, Rahul, Giannu, Dimi 🟡🐘

മഞ്ചേരിയിലെ ഇന്നത്തെ സൂപ്പർ കപ്പ് പോരാട്ടം കാണാൻ ടിക്കറ്റ് വേണ്ട

ഇന്ന് മഞ്ചേരിയിൽ നടക്കുന്ന ഹീറോ സൂപ്പർ കപ്പ് പോരാട്ടം ഫുട്ബോൾ പ്രേമികൾക്ക് സൗജന്യമായി കാണാം. കാലിക്കറ്റ്‌ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിരുന്ന മത്സരം ആയിരുന്നു ഇന്ന് മഞ്ചേരി പയ്യനാടിലേക്ക് മാറ്റിയത്. ഇന്ന് 8-30ന് നടക്കുന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ്സ് പഞ്ചാബും ശ്രീനിധി ഡെക്കാനും ആണ് നേർക്കുനേർ വരുന്നത്. ഈ മത്സരത്തിന്റെ പ്രവേശനം ആണ് സൗജന്യമായിരിക്കുന്നത്. ഈ മത്സരത്തിന് ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.

ഇന്ന് കാലിക്കറ്റ് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി മത്സരത്തിന് ടിക്കറ്റ് വേണം. 125 രൂപയാണ് ആ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്. ആ മത്സരവും രാത്രി 8.30നാണ് നടക്കുന്നത്.

ഇന്ന് വീണ്ടും ഒരു കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടം

ഇന്ന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും നേർക്കുനേർ വരികയാണ്. ഐ എസ് എല്ലികെ വിവാദ പ്ലേ ഓഫ് മത്സരത്തിന്റെ ഓർമ്മകൾ എല്ലാവരും മറന്നു തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് രണ്ട് ടീമുകളും നേർക്കുനേർ വരും. ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് വൈരികൾ വീണ്ടും കണ്ടു മുട്ടുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയിച്ചാൽ മാത്രമെ വിദൂര സാധ്യത എങ്കിലും ഉണ്ടാവവുകയുള്ളൂ. നാലു പോയിന്റുള്ള ബെംഗളൂരു എഫ് സിക്കും സെമി ഫൈനൽ ഉറപ്പിക്കാൻ ഒരു വിജയം ഇന്ന് നേടണം. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് ഇവാൻ കലിയുഷ്നി ഉണ്ടാകില്ല. ഇന്ന് രാത്രി 8.30നാണ് മത്സരം. കളി തത്സമയം ഫാൻകോഡ് ആപ്പിലും സോണി സ്പോർട്സ് ചാനലിലും കാണാ.

ബെംഗളൂരു ആണ് എതിരാളികൾ എന്നത് കൊണ്ട് തന്നെ ഇന്ന് കോഴിക്കോട് സ്റ്റേഡിയത്തിൽ ജനസാഗരം തന്നെ എത്തും എന്നാണ് പ്രതീക്ഷ‌. അവസാനമായി ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരുവിനെ ബ്ലാസ്റ്റേഴ്സ് നേരിട്ടപ്പോൾ സുനിൽ ഛേത്രി ഒരു വിവാദ ഗോൾ നേടുകയും കളി നിർത്തിവെക്കേണ്ടതായും വന്നിരുന്നു.

സൂപ്പർ കപ്പിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്

ഹീറോ സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആവേശകരമായ വിജയം. ഇന്ന് അവർ മുംബൈ സിറ്റിയെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചു. മുംബൈ സിറ്റി എഫ്സിയുടെ മുന്നേറ്റങ്ങൾ കൊണ്ടാണ് കളി തുടങ്ങുന്നത്. ആറാം മിനുട്ടിൽ മുംബൈ സിറ്റി എഫ്സിയുടെ ചാങ്തെയുടെ കിക്ക് നോർത്ത് ഈസ്റ്റ് എഫ്സിയുടെ മലയാളി ഗോൾകീപ്പർ മിർഷാദ് തടഞ്ഞിട്ടു. 23 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റിന്റെ എമിൽ ബെന്നിയുടെ ഫ്രീകിക്ക് വിൽമാർ ജോർദാൻ ഹെഡ് ചെയ്തെങ്കിലും മുംബൈ പോസ്റ്റിൽ തട്ടി തെറിച്ചു.

32 ആം മിനുട്ടിൽ വലത് വിങ്ങിൽ നിന്നും നോർത്ത് ഈസ്റ്റിന്റെ ജോ സോഹ്റേയുടെ കിക്ക് മുംബൈയുടെ പ്രതിരോധ താരം മെഹത്താബ് സിംഗ്‌ ന്റെ കൈയിൽ തട്ടി റഫറി പെനാൽറ്റി വിധിച്ചു.പെനാൽറ്റിയെടുത്ത നോർത്ത് ഈസ്റ്റിന്റെ വിൽമാർ ജോർദാന് പിഴച്ചില്ല.സ്കോർ 1-0

50 ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്നും അലക്സിന്റെ നല്ല ഒന്നാന്തരം ഓട്ടത്തിൽ നിന്ന് പിറന്ന കീ പാസ്സ് ഗനി അഹമ്മദ് ഗോൾ പോസ്റ്റിലേക്കടിച്ചു .മുംബൈ സിറ്റി ഗോൾ കീപ്പർ ലാചെൻപ മുമ്പിലേക്ക് തടുത്തിട്ട ബോൾ വിൽമാർ ജോർദാൻ കൃത്യമായി വലയിലേക്കടിച്ചു. സ്കോർ 2-0.

67 ആം മിനുട്ടിൽ ആയുഷ് ചികാരയുടെ കിടിലൻ ഗോൾ കിക്ക് നോർത്ത് ഈസ്റ്റ് പോസ്റ്റിലിടിച്ചു.
84 ആം മിനുട്ടിൽ റാൽറ്റെ മുംബയുടെ ഗോൾ വ്യത്യാസം ഒന്നാക്കി കുറച്ചു. പക്ഷെ പരാജയം ഒഴിവായില്ല.

ചർച്ചിൽ ബ്രദേഴ്സ് ചെന്നൈയിൻ പോരാട്ടം സമനിലയിൽ

ഇന്ന് സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ ചെന്നൈയിനും ചർച്ചിൽ ബ്രദേഴ്സും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഇന്ന് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. 43ആം മിനുട്ടിൽ ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ് താപ്പയുടെ ക്രോസിൽ ആകാശ് സങ്വൻ തകർപ്പൻ ഹെഡ് ചെയ്തെങ്കിലും ചർച്ചിൽ ബ്രദേർസ് ഗോൾ കീപ്പർ നോറ ഫെർണാണ്ടസ് പുറത്തേക്ക് തടുത്തിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി മുന്നേറ്റങ്ങൾ നടത്തി. അറുപത്തിമൂന്നാം മിനുട്ടിൽ ചെന്നൈയിൽ എഫ്സിക്ക് ഫ്രീകിക്ക് ലഭിച്ചു. ക്യാപ്റ്റൻ അനിരുദ്ധ് താപ്പ എടുത്ത കിക്ക് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

എഴുപത്തിയൊന്നാം മിനുട്ടിൽ ചർച്ചിൽ താരം മാർട്ടിൻ നികോളാസ് ചാവേസ് എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പർ സമീക് മിത്ര തടുത്തിട്ടു.രണ്ടാം പകുതിൽ മലയാളി താരം പ്രശാന്ത് കളത്തിലിറങ്ങി.
അവസാന മിനിറ്റുകളിൽ വിജയ ഗോളിന് വേണ്ടി ചെന്നൈ അധ്വാനിച്ചു ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല.

ഗോകുലത്തിനെതിരെ അവസാന മിനുട്ട് ഗോളിൽ എഫ് സി ഗോവ ജയിച്ചു

ഐ എസ് എൽ ക്ലബായ എഫ് സി ഗോവ സൂപ്പർ കപ്പിൽ ഗോകുലം കേരളയെ പരാജയപ്പെടുത്തി. ഇന്ന് മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഗോവയുടെ വിജയം. 90ആം ഐകർ ആണ് ഗോവയുടെ വിജയ ഗോൾ നേടിയത്. ആദ്യ കളിയിൽ എ ടി കെ മോഹൻ ബഗാനോട്‌ 5-1 ന് പരാജയപ്പെട്ട ഗോകുലത്തിന്റെ സെമി പ്രതീക്ഷകൾ ഇതോടെ അവസാനിച്ചു.

ഇന്ന് ആദ്യ പകുതിയിൽ പറയത്തക്ക മുന്നേറ്റങ്ങൾ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
ആദ്യ പകുതിയിൽ fc ഗോവക്ക് 6 ഉം ഗോകുലത്തിന് 2 ഉം വീതം കോർണർ കിക്കുകൾ ലഭിച്ചെങ്കിലും കാര്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

സെക്കൻഡ് ഹാഫിൽ കളി ഉണർന്നു.49 ആം മിനുട്ടിൽ fc ഗോവയുടെ നോഹ് നൽകിയ ഒന്നാന്തരം ക്രോസ്സ് മകൻ ചോതി പോസ്റ്റിലേക്കടിച്ചെങ്കിലും ഗോകുലം മലയാളി ഗോൾ കീപ്പർ ഷിബിൻ രാജ് തടഞ്ഞിട്ടു. 51 ആം മിനിറ്റിൽ ഹാഫിൽ നിന്നും ഉയർന്ന് കിട്ടിയ പന്തുമായി ഇടത് വിങ്ങിൽ നിന്നും സൗരവ് ഓടി കയറി പോസ്റ്റിന്റെ വലത് മൂലയിലേക്ക് ഗോൾ കീപ്പറെയും മറികടന്ന് പ്ലേസ് ചെയ്തെങ്കിലും പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തേക്ക് പോയി .

67 ആം മിനുട്ടിൽ വലത് വിങ്ങിൽ നിന്നും സൗരവിന്റെ മറ്റൊരു ശ്രമം ഗോൾ കീപ്പർ പുറത്തേക്ക് തട്ടി രക്ഷപ്പെടുത്തി. 90 ആം മിനുട്ടിൽ fc ഗോവ വിജയ ഗോൾ നേടി.
ഗോകുലം കേരളയുടെ അബ്ദുൽ ഹക്കുവിന്റെ പിഴവിൽ നിന്നും കിട്ടിയ പന്ത് എഫ്സി ഗോവയുടെ നോഹ് ഗോളിലേക്ക് ശ്രമിച്ചു.ഗോകുലം ഗോൾ കീപ്പർ ഷിബിൻ രാജ് തടുത്തിട്ട പന്ത് റീബൗണ്ട് കിക്കിലൂടെ ഐക്കർ വലയിലാക്കി.

Exit mobile version