ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ഇറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ക്ലബായ ഷില്ലോങ് ലജോങ്ങിനെ നേരിടും. കേരള ബ്ലാസസ്റ്റേഴ്സ് ഇന്നലെ തന്നെ ഭുവനേശ്വറിൽ എത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആണ് മത്സരം നടക്കുക. കളി ജിയോ സിനിമയിൽ തത്സമയം കാണാം.

കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ടീമും ആയാണ് സൂപ്പർ കപ്പിന് എത്തിയിരിക്കുന്നത്. ആറ് വിദേശ താരങ്ങൾക്ക് വരെ സൂപ്പർ കപ്പിൽ ആദ്യ ഇലവനിൽ ഇറങ്ങാം. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ എല്ലാ വിദേശ താരങ്ങളെയും ആദ്യ ഇലവനിൽ ഇറക്കിയേക്കും. രാഹുൽ കെ പി, പ്രിതം കോടാൽ, ഇഷാൻ പണ്ടിത എന്നിവർ ഇന്ത്യൻ ടീമിനൊപ്പം ഖത്തറിൽ ആയതിനാൽ അവർ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല. പരിക്ക് കാരണം ലൂണയും ടീമിൽ ഇല്ല.

പരിക്ക് മാറിയ ജീക്സൺ, വിബിൻ എന്നിവർ ടീമിനൊപ്പം ഉണ്ട്.

സൂപ്പർ കപ്പ്; മോഹൻ ബഗാന് വിജയ തുടക്കം

കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടം വിജയിച്ച് തുടങ്ങി. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മോഹൻ ബഗാൻ വിജയിച്ചത്. 28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വില്യം ഒലിവേരയാണ് ശ്രീനിധിക്ക് ലീഡ് നൽകിയത്.

39ആം മിനുട്ടിൽ കമ്മിങ്സിലൂടെ മോഹൻ ബഗാൻ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ സദികുവിലൂടെ ബഗാൻ ലീഡും എടുത്തു. അവസാനം ബഗാന്റെ അഭിഷേക് സൂര്യവംശി ചുവപ്പ് കണ്ട് പുറത്തായി എങ്കിലും അവർക്ക് വിജയം പൂർത്തിയാക്കാൻ ആയി.

ബെംഗളൂരു വീണ്ടും ഫൈനലിൽ തോറ്റു, ഒഡീഷ എഫ് സി സൂപ്പർ കപ്പ് സ്വന്തമാക്കി

ഒഡീഷ എഫ് സിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം. ഇന്ന് ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഒഡീഷ എഫ് സി കിരീടത്തിൽ മുത്തമിട്ടത്. ഇരട്ട ഗോളുകളുമായി ഡിയേഗോ മൗറീസിയോ ആണ് വിജയശില്പിയായത്‌. ഐ എസ് എൽ ഫൈനലിനു പിന്നാലെ സൂപ്പർ കപ്പിലും ഫൈനലിൽ തോറ്റത് ബെംഗളൂരു എഫ് സിക്ക് വലിയ നിരാശ നൽകും.

സെമി ഫൈനൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ നിന്ന് ഒരു മാറ്റവുമായാണ് ബെംഗളൂരു ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയത്. ഹാവിയർ ഹെർണാണ്ടസിനെ പുറത്തിരുത്തി ജയേഷ് റാണയെ അവർ ആദ്യ ഇലവനിൽ ഇറക്കി. ഒഡീഷ സെമി ഫൈനൽ സ്റ്റാർട്ടിങ് ലൈൻ അപ്പിൽ നിന്ന് മാറ്റമൊന്നും വരുത്തിയില്ല.

മഴയിൽ കുതിർന്ന മൈതാനത്ത് ആദ്യ ഇരുപത് മിനുറ്റിൽ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും തണുത്ത മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായത്. 17,18 മിനിറ്റുകളിൽ തുടർച്ചയായ മൂന്ന് കോർണറുകൾ നേടിയെടുക്കാൻ ഒഡിഷക്കായെങ്കിലും ബോക്സിൽ നിന്ന് പന്ത് ലക്ഷ്യത്തിലേക്കെത്തിക്കാൻ കഴിഞ്ഞില്ല.
പിന്നീടുള്ള മിനിറ്റുകളിൽ കളിക്ക് ചൂട് പിടിച്ചു. 23 ആം മിനുറ്റിൽ മൗറീസിയോയുടെ ഒരു മുന്നേറ്റം ഫൗളിലൂടെ തടഞ്ഞതിന് ബെംഗളൂരുവിന്റെ സുരേഷ് സിംഗിന് റഫറി മഞ്ഞ കാർഡ് ലഭിച്ചു. ഒപ്പം ഫ്രീകിക്കും കിട്ടി.

ഫ്രീകിക്ക് എടുത്ത മൗറിസിയോയുടെ കിക്ക് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന്റെ ഒരു വലിയ അബദ്ധം കാരണം വലയിലേക്ക് വീണൂം. എളുപ്പം പിടിക്കാവുന്ന പന്ത് ആണ് തന്റെ കൈകൾക്ക് ഉള്ളിലൂടെ ഗുരൊരീത് വലയിലേക്ക് ഇട്ടത്‌. സ്കോർ 1-0. തിരിച്ചടിക്കാൻ ശ്രമിച്ച ബെംഗളൂരു 28
ആം മിനുറ്റിൽ കൗണ്ടർ അറ്റക്കിൽ ഉദാന്ത സിംഗിന്റെ പാസ്സിൽ സുനിൽ ചെത്രിയുടെ കിക്കിലൂടെ ഗോളിന് അടുത്തെത്തി.

38 ആം മിനുറ്റിൽ മൗറിസിയോയുടെയും ഒഡിഷയുടെയും ഈ കളിയിലെ രണ്ടാം ഗോൾ പിറന്നു. ഇതോടെ ആദ്യ പകുതി 2-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ബെംഗളൂരു കളിയിലേക്ക് തിരികെവരാൻ ശ്രമിച്ചു എങ്കിലും ഗോൾ വരാൻ സമയമെടുത്തു. 84ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെംഗളൂരു അവരുടെ ആദ്യ ഗോൾ കണ്ടെത്തി. സ്കോർ 2-1. ഇത് അവസാന നിമിഷങ്ങൾ ആവേശകരമാക്കി. എങ്കിലും കിരീടം ഒഡീഷയുടെ കൈകളിലേക്ക് തന്നെ എത്തി.

“സൂപ്പർ കപ്പ് ജയിക്കണം, എ എഫ് സി കപ്പിൽ എത്തണം” – ബെംഗളൂരു എഫ് സി കോച്ച്

ഇന്ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഹീറോ സൂപ്പർ കപ്പ് ഫൈനലിൽ ഒഡീഷ എഫ്‌സിയെ നേരിടുമ്പോൾ തന്റെ ടീമിന് കിരീടം നേടാൻ ആകും എന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് സൈമൺ ഗ്രേസൺ. സീസണിലെ ബെംഗളൂരു എഫ് സിയുടെ മൂന്നാമത്തെ ഫൈനൽ ആണിത്‌. ഡ്യൂറൻഡ് കപ്പിലും ഐ എസ് എൽ ഫൈബലിലും നേരത്തെ ബെംഗളൂരു എഫ് സി എത്തിയിരുന്നു.

ഈ സീസണിൽ തങ്ങൾ എത്രത്തോളം മുന്നേറി എന്നതിൽ തന്റെ ടീം അഭിമാനിക്കുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഗ്രേസൺ പറഞ്ഞു. “ഞങ്ങൾ മറ്റൊരു ഫൈനലിൽ എത്തിയിരിക്കുന്നു, മുമ്പത്തെ ഫൈനലുകൾ പോലെ, ഞങ്ങൾ ഈ ഫൈനലും വിജയിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളാൽ കഴിയുന്ന ഏറ്റവും മികച്ചത് ഞങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഹീറോ ഐ‌എസ്‌എൽ ഫൈനൽ പെനാൽറ്റിയിൽ തോറ്റതിൽ ഞങ്ങൾ നിരാശരായിരുന്നു” ഗ്രെയ്‌സൺ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹീറോ സൂപ്പർ കപ്പ് ജയിക്കണം എന്നും എ എഫ് സി കപ്പ് യോഗ്യത ഉറപ്പിക്കാനും ആകണം എന്നും അദ്ദേഹം പറഞ്ഞു. ഈ ഫൈനൽ വരെയുഅ യാത്ര ഞങ്ങൾക്ക് ഒരു വലിയ നേട്ടമാണ്, ഇനിയും കൂടുതൽ കാര്യങ്ങൾ നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് സൂപ്പർ കപ്പ് ഫൈനൽ പോരാട്ടം!! ബെംഗളൂരു ഒഡീഷക്ക് എതിരെ

ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് ഫൈനലിൽ ബെംഗളൂരു എഫ് സിയും ഒഡീഷ എഫ് സിയും നേർക്കുനേർ വരും. സെമി ഫൈനൽ പോരാട്ടത്തിൽ ജംഷഡ്പൂരിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിൽ എത്തിയത്. നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താണ് ഒഡിഷയ ഫൈനലിലേക്ക് വരുന്നത്.

ഗ്രൂപ്പ് എ യിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ചു പോയിന്റായിരുന്നു ബാംഗ്ലൂരിന്റെ സാമ്പാദ്യം.എന്നാൽ സെമി ഫൈനൽ പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരവും ജയിച്ച് ഒമ്പത് പോയിന്റ്റുമായെത്തിയ ജംഷഡ്പൂരിനെ രണ്ട് ഗോളുകൾക്ക് സെമിയിൽ മലർത്തിയടിച്ചു.
നിർണ്ണായക സമയങ്ങളിൽ അവസരത്തിനൊത്തുയരുന്ന താരങ്ങളും നിർണ്ണായ മത്സരങ്ങൾ വിജയിക്കാനുമുള്ള ടീമിന്റെ കഴിവുമാണ് ബാംഗ്ലൂരിന്റെ ശക്തി.

ഗ്രൂപ്പ്‌ ബിയിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റ്റുമായാണ് ഒഡിഷ സെമി പോരാട്ടത്തിനെത്തിയിരുന്നത്. ഗ്രൂപ്പ്‌ ഡിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമടക്കം ആറ് പോയിന്റ്റുമായിയെത്തിയ നോർത്ത് ഈസ്റ്റിനെ 3-1 ന് സെമിയിൽ തോൽപ്പിച്ചു.

രണ്ടാം ഹീറോ സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ബാംഗ്ളൂരു ഇറങ്ങുന്നത്. 2018ൽ ഈസ്റ്റ് ബംഗാളിനെ 4-1 ന് പരാജയപ്പെടുത്തി കൊണ്ട് അവർ മുമൊ ഹീറോ സൂപ്പർ കപ്പ് കിരീടം ചൂടിയിട്ടുണ്ട്. സീസണിലെ മൂന്നാം ഫൈനലാണ് സുനിൽ ഛേത്രിക്കും കൂട്ടർക്കും. ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റി എഫ്സിയെ 2-1 ന് തോൽപ്പിച്ച് കിരീടം ചൂടി. ഐ എസ് എൽ ഫൈനലിൽ എ ടി കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിരീടം നഷ്ട്ടമായി. ഇപ്പോൾ ഹീറോ സൂപ്പർ കപ്പിൽ ഒഡിഷയുമായി ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു.

ഒഡിഷ അവരുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.
വിക്റ്റർ റോഡ്രിഗസ്,പേഡ്രോ,ഡീഗോ മൗരിഷ്യോ,നന്ദ കുമാർ ,ജെറി തുടങ്ങിയവരാണ് ഒഡിഷയുടെ പ്രധാന താരങ്ങൾ.

ഒഡീഷ എഫ് സി സൂപ്പർ കപ്പ് ഫൈനലിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോല്പ്പിച്ചു കൊണ്ട് ഒഡീഷ എഫ് സി സൂപ്പർ കപ്പ് ഫൈനലിൽ എത്തി. ഫൈനലിൽ ബെംഗളൂരു എഫ് സിയെ ആകും ഒഡീഷ എഫ് സി നേരിടുക. ഇന്ന് ആദ്യ മിനുറ്റിൽ തന്നെ നിലവിലെ സൂപ്പർ കപ്പ് ടോപ്പ് ഗോൾ സ്കോറർ വിൽമർ ജോർദാൻ ആദ്യ ഗോൾ സ്കോർ ചെയ്തു.

പത്താം മിനുറ്റിൽ നന്ദ കുമാർ ഒഡിഷക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തി. ജെറിയുടെ ക്രോസ്സിൽ ഹെഡ് ചെയ്താണ് നന്ദകുമാർ ഗോൾ നേടിയത്. 18-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും ഡിയഗോ മൗറിസിയോയ്ർ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായ ഫ്രീ കിക്ക് ലഭിച്ചു. വിക്ടർ റൊമേറോ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

62 ആം മിനുറ്റിൽ ഒഡിഷ രണ്ടാം ഗോൾ നേടി. ഇടത് വിങ്ങിൽ നിന്നും നന്ദകുമാർ പന്തുമായി മുന്നേറി നോർത്ത് ഈസ്റ്റ് പ്രതിരോധ താരങ്ങൾക്കിടയിലൂടെ വിക്ട്ടർ റോഡ്രിഗസിന് കൈമാറി. വിക്ട്ടർ റോഡ്രിഗസ് പന്ത് നന്ദകുമാറിന് തന്നെ കൈമാറി.നന്ദകുമാർ നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ മിർഷാദിനെയും മറികടന്ന് പന്ത് വലയിലാക്കി.

86 ആം മിനുറ്റിൽ ഡീഗോ മൗറിസിയോയും ഒഡിഷക്ക് വേണ്ടി ഗോൾ കണ്ടെത്തിയതിയതോടെ സ്കോർ നില 3-1 ആയി. ഈ വരുന്ന 25ന് ആകും ഹീറോ സൂപ്പർ കപ്പ് ഫൈനൽ നടക്കുക.

ബെംഗളൂരു എഫ് സി സൂപ്പർ കപ്പ് ഫൈനലിൽ

ജംഷദ്പൂർ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സൂപ്പർ കപ്പ് ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ജയം. ബെംഗളൂരുവിന്റെ ടച്ചോട് കൂടിയാണ് ആദ്യ പകുതി തുടങ്ങുന്നത്. 3ആം മിനുട്ടിൽ ജംഷഡ്പൂരിന് കളിയിലെ ആദ്യ അവസരം ലഭിച്ചു. ജയ് ആസ്റ്റൺ ഗോളിന് ശ്രമിച്ച പന്ത് ബെംഗളൂരു കീപ്പർ ഗുർപീത് തടഞ്ഞിട്ടു. ഗോൾ പോസ്റ്റിൽ തട്ടി തെറിച്ച ബോൾ ജംഷഡ്പൂരിന്റെ നൈജീരിയൻ താരം ഡാനിയൽ ചിമ വലക്കുള്ളിലേക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

16 ആം മിനുട്ടിൽ ബെംഗളൂരുവിന്റെ നാല് താരങ്ങളെ ഡ്രിബിൾ ചെയ്ത് ഇമ്മാനുവൽ തോമസ് മുന്നിലോട്ട് കയറി ബോക്സിൽ നിൽക്കുകയായിരുന്ന ബോറിസിന് പന്ത് കൈമാറി. ബോറിസ് പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ഗുർപീത് തടുത്തിട്ടു.

23 ആം മിനുട്ടിൽ പന്തുമായി മുന്നേറുകയായിരുന്ന ഡാനിയൽ ചിമയെ ജിങ്കൻ പിറകിൽ നിന്ന് വീഴ്ത്തിയതിന് ജംഷഡ്പൂരിന് അനുകൂലമായി ബോക്സിന് തൊട്ട് പിറകെ നിന്നും ഫ്രീകിക്ക് ലഭിക്കുന്നു.ക്രിവിലിയാരോ എടുത്ത ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിൽ പുറത്ത് പോകുന്നു.
30 ആം മിനുട്ടിൽ ബാംഗ്ലൂരുവിന്റെ ജാവിയർ ഹെർണാണ്ടസ് പരിക്ക് പറ്റി പുറത്ത് പോയി.പകരം ജയേഷ് റാനെ കളത്തിലിറങ്ങി.

ആദ്യ പകുതിയിൽ ജംഷഡ്പൂരാണ് നന്നായി കളിച്ചത്. ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾ പ്രതിരോധത്തിൽ തട്ടി തെറിച്ച് കിട്ടിയ കൗണ്ടർ അറ്റാക്കുകളിലൂടെയാണ് ബാംഗ്ലൂർ മുന്നേറ്റം നടത്തിയത്.ജംഷഡ്പൂരിന്റെ ഇമ്മാനുവൽ തോമസ്, ക്രിവിലിയാരോ, ഡാനിയൽ ചിമ തുടങ്ങിയവർ ആദ്യ പകുതിയിൽ മികച്ച് കളിച്ചു.

രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനിറ്റുകളിൽ ബാംഗ്ളൂരു ഉണർന്ന് കളിച്ചു. 53 ആം മിനുറ്റിൽ ജംഷഡ്പൂരിന്റെ ബോറിസിനെ ഫൗൾ ചെയ്തതിന് ജിങ്കന് റഫറി മഞ്ഞ കാർഡ് നൽകി.
58 ആം മിനുറ്റിൽ ബാംഗ്ലൂരിന്റെ രണ്ടാം സബ് വന്നു. രോഹിത് കുമാറിനെ പിൻവലിച്ച് സ്പാനിഷ് താരം പാബ്ലോ പേരെസിനെയിറക്കി. 60ആം മിനുറ്റിൽ ജയേഷ് റാനെയെ ഫൗൾ ചെയ്തതിന് ജംഷാഡ് പൂർ ഡിഫണ്ടർ ഡിൻലിയാനക്ക് റഫറി മഞ്ഞ കാർഡ് നൽകി.

62 ആം മിനുറ്റിൽ വലത് വിങ്ങിൽ നിന്നും ശിവശക്തിയുടെ ബോക്സിലേക്കുള്ള ക്രോസ്സ് ജംഷഡ്പൂരിന്റെ ജിതേന്ദ്ര സിംഗിന്റെ തലയിൽ തട്ടി റിഫ്ലക്കറ്റായി ബാംഗ്ലൂരുവിന്റെ ജയേഷ് റാനെക്ക് കിട്ടി. പോസ്റ്റിന്റെ വലത് മൂലയിലേക്ക് തല കൊണ്ട് മറിച്ച് നൽകി ജയേഷ് റാനെ ബെംഗളൂരുവിനെ ഒരു ഗോളിന്റെ ലീഡിലെത്തിച്ചു.70 ആം മിനുറ്റിൽ റോയ് കൃഷ്ണയുടെ ഗോളി മാത്രം മുമ്പിൽ നിൽക്കെയുള്ള മുന്നേറ്റം ജംഷഡ്പൂർ മലയാളി ഗോൾക്കീപ്പർ തടഞ്ഞു.

77 ആം മിനുറ്റിൽ ജംഷഡ്പൂർ ഇമ്മാനുവൽ തോമസിനെ പിൻവലിച്ച് സൂപ്പർ കപ്പിൽ കഴിഞ്ഞ മൂന്ന് കളിയിലും ഗോൾ കണ്ടെത്തിയ ഹരിസൺ ഹിക്കിയെ കളത്തിലിറക്കി. 83 ആം മിനുറ്റിൽ ചേത്രി ബെംഗളൂരുവിനു വേണ്ടി രണ്ടാം ഗോൾ നേടി. റോയ് കൃഷ്ണയുടെ വലത് വിങ്ങിൽ നിന്നുമുള്ള ഒന്നാന്തരം കിക്ക് രഹനേഷ് മുകളിലേക്ക് ചാടിയുതിർന്ന് തടുത്തിട്ടു, ബോക്സിൽ വീണ പന്തിനെ ശിവ ശക്തി ഇടത് വിങ്ങിൽ നിൽക്കുകയായിരുന്ന ചെത്രിയിലേക്ക് മറിച്ച് നൽകി. ചേത്രി അനായാസം പന്ത് വലയിലേക്കടിച്ചു.

88 ആം മിനുറ്റിൽ മുന്നേറ്റ താരം റോയ് കൃഷ്ണയെ പിൻവലിച്ച് പ്രതിരോധ താരം ജോവോനോവിക് നെ കളത്തിലിറക്കി ബംഗ്‌ളൂരു പ്രതിരോധത്തിന് മൂർച്ച കൂട്ടി.ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞ ജംഷഡ്പൂരിന് രണ്ടാം പകുതിയിൽ അവസരത്തിനൊത്തുയരാൻ കഴിഞ്ഞില്ല.

ജംഷഡ്പൂർ മുന്നേട്ടങ്ങൾക്ക് മുന്നിൽ മതിൽ പോലെ നിന്ന ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗാണ് ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.

ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി ഇന്ന്, ബെംഗളൂരു എഫ് സി ജംഷദ്പൂരിന് എതിരെ

ഇന്ന് ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി പോരാട്ടമാണ്. ഗ്രൂപ്പ് എ ചാമ്പ്യൻമാരായ ബെംഗളൂരുവും ഗ്രൂപ്പ് സി ചാമ്പ്യൻമാരായ ജംഷഡ്പൂരും തമ്മിലാണ് ഫൈനലിനായി പോരാടുന്നത്. ഇന്ന് കാലിക്കറ്റ് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് ആണ് മത്സരം നടക്കുക.

ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിലും വിജയം നേടി ഒമ്പത് പോയിന്റ് നേടിയാണ് ജംഷഡ്പൂർ സെമിയിലെത്തിയത്. ഗോവയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കും എ ടി കെ യെ മൂന്ന് ഗോളുകൾക്കും ഗോകുലത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കുമാണ് ജംഷഡ്പൂർ തോൽപ്പിച്ചത്.

ഗ്രൂപ്പ് എ യിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായാണ് ബെംഗളൂരു സെമി പോരാട്ടത്തിനെത്തുന്നത്. ശ്രീനിധിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്‌സ് നെതിരെയും 1-1 സമനിലയും റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെതിരെ രണ്ട് ഗോളുകളുടെ വിജയവും അവർ നേടി.

ജംഷഡ്പൂരിൽ താരങ്ങളായ പ്രതിരോധ താരം ഉവൈസും ഗോൾ കീപ്പർ രഹനേഷും ടീമിലുണ്ട്.

ഹീറോ സൂപ്പർ കപ്പ് സെമി ലൈനപ്പായി

ഇന്ന് അവസാന ഗ്രൂപ്പ് ഘട്ടവും അവസാനിച്ചതോടെ ഹീറോ സൂപ്പർ കപ്പ് സെമി ഫൈനൽ ലൈനപ്പ് തീരുമാനം ആയി. ഗ്രൂപ്പ് എയിൽ നിന്ന് സെമിയിൽ പ്രവേശിച്ച ബെംഗളൂരു എഫ് സിയും ഗ്രൂപ്പ് സിയിൽ നിന്ന് സെമിയിൽ പ്രവേശിച്ച ജംഷഡ്പൂരും ആദ്യ സെമിയിൽ ഏറ്റുമുട്ടും. ഏപ്രിൽ 21 ന് രാത്രി 7 മണിക്ക് കാലിക്കറ്റ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആകും ഈ സെമി ഫൈനൽ നടക്കുക.

ഗ്രൂപ്പ്‌ ബിയിൽ നിന്ന് സെമിയിൽ പ്രവേശിച്ച ഒഡിഷയും ഗ്രൂപ്പ് ഡിയിൽ നിന്ന് സെമിയിൽ പ്രവേശിച്ച നോർത്ത് ഈസ്റ്റും ആകും രണ്ടാം സെമിയിൽ ഏറ്റുമുട്ടുക. ഏപ്രിൽ 22ന് രാത്രി 7 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആകും ഈ മത്സരം. രണ്ട് മത്സരവും തത്സമയം സോണി നെറ്റ്വർക്കിലും ഫാൻകോഡ് ആപ്പിലും കാണാം.

നോർത്ത് ഈസ്റ്റ് ഷോ!! സൂപ്പർ കപ്പ് സെമിയിലേക്ക്

ചർച്ചിൽ ബ്രദേഴ്സിനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പർ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. വിൽമാർ ജോർദാന്റെ ഹാട്രിക്ക് ആണ് നോർത്ത് ഈസ്റ്റിന് വലിയ വിജയം നൽകിയത്. വിൽമാർ ജോർദാൻ 27 ആം മിനുട്ടിലും 43 മിനുട്ടിലും നേടിയ ഗോളുകൾ ആദ്യ പകുതിയിൽ 2-0ന്റെ ലീഡ് നോർത്ത് ഈസ്റ്റിന് നൽകി.

രണ്ടാം പകുതിയിലും വിൽമാർ ജോർദാൻ ഗോളടി തുടർന്നു. 51,70 മിനിറ്റുകളിൽ വീണ്ടും സ്കോർ ചെയ്തതോടെ കളി നോർത്ത് ഈസ്റ്റിന്റെ കയ്യിലായി. ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്.79 ,92ആം ആം മിനുട്ടുകളിൽ മലയാളി താരം ഗനി അഹമ്മദ് കൂടെ ഗോൾ നേടി വലിയ വിജയത്തിലേക്ക് അവരെ എത്തിച്ചു.

വിജയത്തോട് കൂടി ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് സെമിയിലേക്ക് മാർച്ച്‌ ചെയ്തു. ഇന്ന് ചെന്നൈയിനെ 1-0ന് തോൽപ്പിച്ച മുംബൈ സിറ്റിയും ആറ് പോയിന്റിൽ എത്തി എങ്കിലും ഹെഡ് ടു ഹെഡിൽ നോർത്ത് ഈസ്റ്റ് സെമി ഉറപ്പിക്കുക ആയിരുന്നു.

അവസാന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ എഫ് സി ഗോവ പരാജയപ്പെടുത്തി

ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെതിരെ എഫ് സി ഗോവക്ക് വിജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് എഫ് സി ഗോവ വിജയിച്ചത്‌. അവസാന മിനുട്ടിൽ പിറന്ന ഗോളിൽ ആയിരുന്നു ഗോവൻ വിജയം.

ഫാരസ് ആർനൗറ്റ് ആണ് 89ആം മിനുട്ടിൽ ഗോവക്ക് ആയി വിജയ ഗോൾ നേടിയത്. ഇതോടെ രണ്ട് ജയവുമായി ഗോവ ഗ്രൂപ്പ്‌ സി യിൽ രണ്ടാമത് ഫിനിഷ് ചെയ്തു. മോഹൻ ബഗാൻ മൂന്നാൻ സ്ഥാനത്തും ഫിനിഷ് ചെയ്തു. നേരത്തെ മൂന്ന് കളിയിൽ നിന്നും മൂന്ന് വിജവുമായി ഗ്രൂപ്പ് സിയിൽ നിന്ന് ജംഷഡ്പൂർ സെമിയിലേക്ക് പ്രവേശിച്ചിരുന്നു.

നാളെ മഞ്ചേരിയിൽ ഒരു മത്സരം മാത്രം

ഗ്രൂപ്പ്‌ ഡിയിൽ മഞ്ചേരിയിൽ നാളെ ഒരു മത്സരം മാത്രം. മഞ്ചേരി പയ്യനാട് നാളെ നിശ്ചയിച്ചിരുന്ന രണ്ട് മത്സരങ്ങളിൽ ഒന്ന് കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാകുൻ നടക്കുക എന്ന് അധികൃതർ അറിയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകുന്നേരം 5-00 pm നിശ്ചയിച്ചിരുന്ന ചർച്ചിൽ ബ്രദേഴ്സ് -നോർത്ത് ഈസ്റ്റ് മത്സരം രാത്രി എട്ടര മണിക്ക് കാലിക്കറ്റ്‌ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

മുംബൈ സിറ്റി-ചെന്നൈയിൻ മത്സരം ഫിക്ച്ചർ പ്രകാരം രാത്രി എട്ടര മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തന്നെ നടക്കും. ഗ്രൂപ്പ്‌ ഡിയിലെ ഈ രണ്ട് മത്സരവും പരസ്പരം നിർണ്ണായകമായത് കൊണ്ടാണ് ഒരേ സമയം രണ്ട് വേദികളിൽ മത്സരം നടത്താൻ ടൂർണമെന്റ് കമ്മറ്റി തീരുമാനിച്ചത്.

Exit mobile version