സൂപ്പർ കപ്പിൽ കളിക്കും എന്ന് റിയൽ കാശ്മീർ

സൂപ്പർ കപ്പിൽ കളിക്കും എന്ന് റിയൽ കാശ്മീർ. ഐലീഗ് ക്ലബുകളുടെ പ്രതിഷേധത്തിൽ അഭിപ്രായ വ്യത്യാസം. ഐലീഗ് ക്ലബുകൾ സൂപ്പർ കപ്പിൽ കളിക്കുമോ ഇല്ലയോ എന്ന് ഇനിയും തീരുമാനിക്കാതെ നിൽക്കുമ്പോഴാണ് റിയൽ കാശ്മീർ സൂപ്പർ കപ്പിൽ എന്തായാലും കളിക്കും എന്ന് വ്യക്തമാക്കിയത്. ഐ ലീഗിലെ ഒമ്പത് ക്ലബുകൾ ഒരുമിച്ച് ചേർന്നായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. ഇപ്പോൾ സൂപ്പർ കപ്പിൽ കളിക്കുമെന്ന് റിയൽ കാശ്മീർ പറഞ്ഞതോടെ ഐലീഗ് ക്ലബുകൾക്ക് ഇടയിൽ തന്നെ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്‌.

ഐലീഗ് ക്ലബുകൾ പ്രതിഷേധത്തിന്റെ ഭാഗമായി സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ക്ലബുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അതുകൊണ്ട് ക്ലബുകൾ സൂപ്പർ കപ്പിൽ കളിക്കണമെന്നും എ ഐ എഫ് എഫ് ആവശ്യപ്പെട്ടിരുന്നു. യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തിയാൽ മാത്രമെ കളിക്കുകയുള്ളൂ എന്നായിരുന്നു ഐ ലീഗ് ക്ലബുകളുടെ മറുപടി. പക്ഷെ ആ തീരുമാനത്തിന് ഒപ്പം നിൽക്കാതെ സൂപ്പർ കപ്പിൽ കളിക്കും എന്ന് അറിയിച്ചിരിക്കുകയാണ് റിയൽ കാശ്മീർ.

റിയൽ കാശ്മീർ മാത്രമല്ല ഈസ്റ്റ് ബംഗാളും സൂപ്പർ കപ്പിൽ കളിക്കും എന്ന് സൂചനകൾ നൽകിയിട്ടുണ്ട്.

സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾ വീണ്ടും നടത്തണമെന്ന് ഐ ലീഗ് ക്ലബുകൾ

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ആയി ചർച്ച നടത്താൻ തയ്യാറാണെന്ന് എ ഐ എഫ് എഫിന്റെ നിലപാടിനെ ഐലീഗ് ക്ലബുകൾ സ്വാഗതം ചെയ്തു. എന്നാൽ ചർച്ചയ്ക്ക് മുന്നോടിയായി സൂപ്പർ കപ്പിലെ നടക്കാതിരുന്ന മൂന്ന് യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തണമെന്ന് ഐ ലീഗ് ക്ലബുകൾ ആവശ്യപ്പെട്ടു. നാലു യോഗ്യത മത്സരങ്ങളിൽ ഒരെണ്ണം മാത്രമെ നടന്നിരുന്നുള്ളൂ. ബാക്കി മൂന്ന് മത്സരങ്ങളിൽ വാക്ക് ഓവറിൽ ഐ ലീഗ് ക്ലബുകൾ പുറത്താവുകയും ഐ എസ് എൽ ക്ലബുകൾ പ്രീക്വാർട്ടറിൽ എത്തുകയുമായിരുന്നു.

ഐ ലീഗ് ക്ലബുകളുടെ മത്സരം വീണ്ടും നടത്തണെമെന്ന ആവശ്യം എ ഐ എഫ് എഫ് അംഗീകരിക്കില്ല. കളിയുടെ നിയമങ് നോക്കി മാത്രമെ മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് എ ഐ എഫ് എഫിന്റെ നിലപാട്. ഇതോടെ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നേരത്തെ ഐലീഗിന്റെ ഭാവി സുരക്ഷയിൽ അല്ല എന്നതിനാൽ 9 ഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിന് പരാതി നൽകുകയും സൂപ്പർ കപ്പിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതുവരെ കഴിഞ്ഞ മത്സരങ്ങൾ ഇനി നടത്തില്ല എങ്കിലും ഇനി അങ്ങോട്ട് സൂപ്പർ കപ്പിൽ ഐ ലീഗ് ക്ലബുകൾ കളിക്കണമെന്ന് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ മിനേർവ കളിച്ചില്ല, ഇന്ന് ഗോകുലവും കളിക്കില്ല, സൂപ്പർ കപ്പ് പെരുവഴിയിൽ

ഇന്നലെ ആരംഭിച്ച സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾ ഇന്ന് അവസാനിക്കേണ്ടതാണ്. എന്നാൽ നാലു യോഗ്യതാ മത്സരങ്ങളിൽ ഒന്ന് മാത്രമെ നടക്കു എന്ന അവസ്ഥയിലാണ് സൂപ്പർ കപ്പിന്റെ ഗതി. എ ഐ എഫ് എഫിന്റെ നിലപാടിൽ പ്രതിഷേധിച്ച് മിനേർവ പഞ്ചാബ് ഇന്നലെ നടക്കേണ്ടിയിരുന്ന പൂനെ സിറ്റിയുമായുള്ള മത്സരം കളിച്ചിരുന്നില്ല. ഇന്നലെ ആരോസും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം നടക്കുകയും ചെയ്തു.

ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടക്കേണ്ടത്. ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ് സി ഡെൽഹി ഡൈനാമോസിനേയും രണ്ടാം മത്സരത്തിൽ ഐസാൾ ചെന്നൈയിനേയും നേരിടണം. ഗോകുലം കേരള എഫ് സിയും ഐസാളും സൂപ്പർ കപ്പിൽ കളിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് രണ്ട് മത്സരങ്ങളും നടക്കില്ല. വാക്കോവറിൽ ഐ എസ് എൽ ക്ലബുകൾക്ക് നേരിട്ട് യോഗ്യത നൽകുമോ എന്ന കാര്യത്തിൽ എ ഐ എഫ് എഫ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഇനി പ്രീക്വാർട്ടർ മത്സരങ്ങളിലും സമാന സാഹചര്യം തന്നെ ആയിരിക്കും നിലനിൽക്കുക. റിയൽ കാശ്മീർ അല്ലാത്ത ബാക്കി എല്ലാ ഐലീഗ് ക്ലബുകളും സൂപ്പർ കപ്പിൽ കളിക്കില്ല എന്ന നിലപാടിൽ തന്നെയാണ്. അങ്ങനെയാണെങ്കിൽ ഇത് ഒരു ഐ എസ് എൽ നോക്കൗട്ട് ടൂർണമെന്റായി മാറാൻ സാധ്യതയുണ്ട്. ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്ലബുകൾ പ്രതിഷേധിക്കുന്നത്.

നാണംകെടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ജീവിതം ഇനിയും ബാക്കി!! സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രം ഫലം.യോഗ്യത റൗണ്ടിൽ തന്നെ നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരിക്കുകയാണ്. ഇന്ന് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ യുവനിരയായ ഇന്ത്യൻ ആരോസിനു മുന്നിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പതറിയത്. 18 വയസ്സുമാത്രം ശരാശരി പ്രായമുണ്ടായിരുന്ന ആരോസിന്റെ ടീമിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

കളിയുടെ തുടക്കം മുതൽ തന്നെ മികച്ച നിലവാരം പുലർത്തിയത് ഇന്ത്യൻ ആരോസ് ആയിരുന്നു. ക്യാപ്റ്റൻ അമർജിത് ആണ് ഇന്നത്തെ കളിയിലെ രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതി അവസാനിക്കാൻ 6 മിനുട്ടുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു ആരോസിന്റെ ആദ്യ ഗോൾ വന്നത്. ബോരിസിന്റെ പാസിൽ നി‌ന്ന് അമർജിതിന്റെ ഇടം കാലൻ സ്ട്രൈക്ക് ആണ് ധീരജിനെ കീഴ്പ്പെടുത്തി വലയിൽ എത്തിയത്.

രണ്ടാം പകുതിയിൽ പെനാൾട്ടിയിൽ നിന്നായിരുന്നു ആരോസിന്റെ രണ്ടാം ഗോൾ. ഗോളെന്ന് ഉറച്ച ആരോസിന്റെ ഒരു ശ്രമം അനസ് കൈ കൊണ്ട് തടഞ്ഞത് ആണ് പെനാൾട്ടിയിൽ എത്തിയത്. അനസിന് ആ ഫൗളിന് ചുവപ്പ് കാർഡും ലഭിച്ചു. പെനാൾട്ടി അമർജിത് സുഖമായി വലയിൽ എത്തിച്ചു. ആരോസിന്റെ ഡിഫൻഡർ ജിതേന്ദറും താമസിയാതെ ചുവപ്പ് കാർഡ് കണ്ടതോടെ ഇരുടീമുകളും പത്തു പേരായി ചുരുങ്ങി. പക്ഷെ എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനായില്ല.

സൂപ്പർ കപ്പിലും യോഗ്യത ലഭിക്കാത്തതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ സമ്പൂർണ്ണ പരാജയമായി അവസാനിച്ചിരിക്കുകയാണ്‌.

ആരോസിന്റെ കുട്ടികളുടെ മുന്നിലും പിടിച്ചു നിൽക്കാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സ്

സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ യോഗ്യത ഭീഷണിയിൽ എന്ന് പറയാം. ഇന്ന് യോഗ്യതാ റൗണ്ടിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ ഇന്ത്യൻ ആരോസിനു മുന്നിൽ പതറി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിന് പിറകിൽ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അടുത്ത 45 മിനുട്ടിൽ ഈ ലീഡിന് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടി നൽകിയില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ഇന്നത്തോടെ അവസാനിക്കും.

കളിയിലെ ആദ്യ പകുതിയിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയതും ഇന്ത്യൻ ആരോസ് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡിനെ പിടിച്ചു കെട്ടിയ ടാക്ടിക്സ് ആണ് പിന്റോ ഇന്ന് പുറത്തെടുത്തത്. മികച്ച പ്രസിംഗ് ഇടയ്ക്കിടയ്ക്ക് കൗണ്ടർ അറ്റാക്കുകൾ നടത്താൻ ആരോസിന് അവസരം നൽകി. ആദ്യ പകുതി അവസാനിക്കാൻ പത്തു മിനുട്ടുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു ആരോസിന്റെ ഗോൾ വന്നത്. ക്യാപ്റ്റൻ അമർജിതിന്റെ ഇടം കാലൻ സ്ട്രൈക്ക് ആണ് ധീരജിനെ കീഴ്പ്പെടുത്തിയത്.

സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ പെകൂസൺ ഇല്ല, യുവ കീപ്പർ ആയുഷിന് അവസരം

സൂപ്പർ കപ്പിൽ ഇന്ന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് വിദേശ താരം കറേജ് പെകൂസണെ ഒഴിവാക്കി. ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമെ സ്ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. അതാണ് പെകൂസണ് വിനയായത്. ഡിഫൻഡർമാരായ സിറിൽ കാലി, ലാകിച് പെസിച്, മധ്യനിര താരം നികോള, കിസിറ്റോ, അറ്റാക്കിംഗ് താരങ്ങളായ സ്റ്റഹാനോവിച്, പൊപ്ലാനിക് എന്നിവരാണ് വിദേശ താരങ്ങളായി സ്ക്വാഡിക് രജിസ്റ്റർ ചെയ്യപ്പെട്ടത്.

യുവ ഗോൾ കീപ്പറായ ആയുഷ് ദാസ് ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ എത്തുകയും ചെയ്തു. മൂന്നാം ഗോൾകീപ്പറായാണ് ആയുഷ് ദാസിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിലെ താരമായിരുന്നു ആയുഷ് ദാസ്. ഇന്ന് രാത്രി ഇന്ത്യൻ ആരോസിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ഇന്ന് വിജയിച്ചാൽ മാത്രമേ സൂപ്പർ കപ്പിന് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിനാവുകയുള്ളൂ.

സൂപ്പർ കപ്പിൽ എങ്കിലും വിജയിക്കുമോ? കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ ആരോസിനെതിരെ

രണ്ടാമത് സൂപ്പർ കപ്പിന് ഇന്ന് തുടക്കമാകും. ഐ ലീഗ് ക്ലബുകളുടെ പ്രതിഷേധം കാരണം അനിശ്ചിതാവസ്ഥയിൽ ആണെങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യോഗ്യതാ റൗണ്ട് മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ ആരോസിനെയാണ് നേരിടുന്നത്. ആരോസ് ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നില്ല. ഇന്ന് ഉദ്ഘാടന മത്സരമാകേണ്ടിയിരുന്ന പൂനെ സിറ്റിയും മിനേർവ പഞ്ചാബും തമ്മിലുള്ള മത്സരം നടക്കാൻ സാധ്യതയില്ല. മിനേർവ പഞ്ചാബ് ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.

ഭുവനേശ്വറിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്‌. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമാണ് ആരോസ്. ഈ മത്സരം വിജയിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന് യോഗ്യത നേടുകയുള്ളൂ. രാത്രി 8.30ന് ആയിരിക്കും മത്സരം നടക്കുക. ഐ എസ് എല്ലിൽ നിരാശ മാത്രമായിരുന്നു എന്നതിനാൽ സൂപ്പർ കപ്പിൽ എങ്കിലും ആരാധകർക്ക് സന്തോഷം നൽകാൻ കഴിയും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ആരോസിനെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല.

സൂപ്പർ കപ്പിൽ ടീമിനെ ഇറക്കി ഇല്ലായെങ്കിൽ നടപടി ഉണ്ടാകുമെന്ന് എ ഐ എഫ് എഫ്

നാളെ സൂപ്പർ കപ്പ് തുടങ്ങാനിരിക്കെ ക്ലബുകൾക്ക് അവസാന മുന്നറയിപ്പ് നൽകു എ ഐ എഫ് എഫ്. നാളെ ടീമിനെ ഇറക്കിയില്ലാ എങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു. നേരത്തെ ഐ ലീഗ് ക്ലബുകൾ ടൂർണമെന്റിൽ കളിക്കില്ല എന്ന് എ ഐ എഫ് എഫിനെ അറിയിച്ചിരിക്കുന്നു. എട്ടു ക്ലബുകളാണ് സംയുക്തമായി സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. ഐ ലീഗിന്റെ ഭാവിയെ കുറിച്ച് ഉറപ്പ് തന്നാൽ മാത്രമെ കളിക്കു എന്നാണ് ക്ലബുകളുടെ നിലപാട്.

എന്നാൽ ക്ലബുകളുമായി ചർച്ച നടത്താൻ വരെ എ ഐ എഫ് എഫ് ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇന്ന് മത്സരത്തിനു മുന്നോടിയായി നടത്തേണ്ട പത്ര സമ്മേളനത്തിൽ മിനേർവ പഞ്ചാബ് പങ്കെടുത്തിരുന്നില്ല. ഇതാണ് എ ഐ എഫ് എഫിനെ ഇപ്പോൾ പ്രകോപിപ്പിച്ചത്. ഇത് അസോസിയേഷനെ ബഹുമാനിക്കാത്ത നടപടി ആണെന്ന് പറഞ്ഞ എ ഐ എഫ് എഫ്, നാളെ മിനേർവ പഞ്ചാബ് ടീമിനെ ഇറക്കിയില്ല എങ്കിൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. നാളെ പൂനെ സിറ്റിയുമായാണ് മിനേർവ പഞ്ചാബ് കളിക്കേണ്ടത്.

ഈ പ്രതിഷേധത്തിൽ കേരള ക്ലബായ ഗോകുലം, കൊൽക്കത്തയിലെ വൻ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി, മുൻ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്, ഐസാൾ എന്നീ ക്ലബുകൾ ഇന്നലെ സംയുക്തമായ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇന്ന് ചർച്ചിൽ ബ്രദേഴ്സും ഈ ഏഴു ക്ലബുകൾക്ക് ഒപ്പം ചേർന്നു. ഐലീഗിനോട് എ ഐ എഫ് എഫ് സ്വീകരിക്കുന്ന സമീപനം ശരിയെല്ല എന്ന കാരണം പറഞ്ഞാണ് ക്ലബുകൾ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്.

പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമെ ഇനി കളിക്കു എന്ന് ഗോകുലം അടക്കം 7 ഐലീഗ് ക്ലബുകൾ!!

ഐ എലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും കളിക്കുന്ന സൂപ്പർ കപ്പ് അനിശ്ചിതത്വത്തിൽ തന്നെ തുടരുന്നു. ടൂർണമെന്റിന് വെറും രണ്ട് ദിവസം മാത്രം ശേഷിക്കെ 7 ഐലീഗ് ക്ലബുകളാണ് ടൂർണമെന്റിൽ കളിക്കില്ല എന്ന് എ ഐ എഫ് എഫിനെ അറിയിച്ചിരിക്കുന്നത്. ഏഴു ക്ലബുകളും സംയുക്തമായി സ്റ്റേറ്റ്മെന്റും പുറത്ത് വിട്ടിട്ടുണ്ട്‌

കേരള ക്ലബായ ഗോകുലം, കൊൽക്കത്തയിലെ വൻ ക്ലബുകളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി, മുൻ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്, ഐസാൾ എന്നീ ക്ലബുകളാണ് സംയുക്തമായ പ്രസ്താവന പുറത്തിറക്കിയത്. ഐലീഗിനോട് എ ഐ എഫ് എഫ് സ്വീകരിക്കുന്ന സമീപനം ശരിയെല്ല എന്ന കാരണം പറഞ്ഞാണ് ക്ലബുകളുടെ പിന്മാറ്റം.

റിയൽ കാശ്മീർ, ഷില്ലോങ്ങ് ലജോങ്, ചർച്ചിൽ എന്നീ ക്ലബുകൾ ആണ് ഈ പ്രതിഷേധത്തിൽ ഒപ്പമില്ലാത്ത ഐലീഗ് ക്ലബുകൾ. ഈ സീസണോടെ ഐലീഗിലെ രണ്ടാം ഡിവിഷനായി മാറ്റാൻ എ ഐ എഫ് എഫ് ഒരുങ്ങുന്ന എന്ന അഭ്യൂഹം ശക്തമായിരിക്കെ ആണ് ക്ലബുകളുടെ പ്രതിഷേധം. ഐലീഗ് ക്ലബുകൾ അടുത്ത സീസണിലും ആദ്യ ഡിവിഷനിൽ തന്നെ തുടരും എന്ന ഉറപ്പാണ് ഐലീഗ് ക്ലബുകൾക്ക് വേണ്ടത്.

എ ഐ എഫ് എഫ് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമെ തങ്ങൾ ഇനി കളത്തിൽ ഇറങ്ങുകയുള്ളൂ എന്ന് ക്ലബുകൾ പ്രസ്താവനയിൽ പറയുന്നു.

സൂപ്പർ കപ്പ് കളിക്കാൻ ഇല്ലെന്ന് ഐലീഗ് ക്ലബുകൾ!!

സൂപ്പർ കപ്പിന് വെറും മൂന്ന് ദിവസം മാത്രം ശേഷിക്കെ ഐലീഗ് ക്ലബുകൾ ടൂർണമെന്റിൽ നിന്ന് പിന്മാറി. ഐലീഫിനെ എ ഐ എഫ് എഫ് ശരിയായ രീതിയിൽ അല്ല പരിഗണിക്കുന്നത് എന്ന കാരണം പറഞ്ഞ് ഏഴു ഐലീഗ് ക്ലബുകളാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത്. കേരള ക്ലബായ ഗോകുലം കേരള എഫ് സി ഉൾപ്പെട്ടതാണ് ഏഴു ക്ലബുകൾ.

മിനേർവ പഞ്ചാബ് ഇതിനകം തന്നെ എ ഐ എഫ് എഫിന് തങ്ങൾ പിന്മാറിയതായി കത്ത് സമർപ്പിച്ചിട്ടുണ്ട്. മറ്റു ക്ലബുകളും ഇത് പോലെ പിന്മാറുമെന്ന് എ ഐ എഫ് എഫിനെ അറൊയിച്ചിട്ടുണ്ട് എന്ന് മിനേർവ ഉടമ രഞ്ജിത് ബജാജ് പറഞ്ഞു. റിയൽ കാശ്മീർ, ഷില്ലോങ്ങ് ലജോങ്, ചർച്ചിൽ എന്നീ ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഈ പ്രതിഷേധത്തിൽ ഒപ്പമുണ്ട്.

ഈ സീസണോടെ ഐലീഗിലെ രണ്ടാം ഡിവിഷനായി മാറ്റാൻ എ ഐ എഫ് എഫ് ഒരുങ്ങുന്ന എന്ന അഭ്യൂഹം ശക്തമായിരിക്കെ ആണ് ക്ലബുകളുടെ പ്രതിഷേധം. എ ഐ എഫ് എദ് ഉടൻ പരിഹാരം കണ്ടെത്തിയില്ല എങ്കിൽ സൂപ്പർ കപ്പിന്റെ നടത്തിപ്പ് അവതാളത്തിലാകും.

സൂപ്പർ കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു

രണ്ടാമത് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. കുറച്ച് ദിവസങ്ങളുടെ വിശ്രമത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മുതൽ വീണ്ടും പരിശീലനം ആരംഭിച്ചു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ആരോസാകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമാണ് ആരോസ്.

ഭുവനേശ്വറിൽ വെച്ചാകും കേരള ബ്ലാസ്റ്റേഴ്സ് ആരോസുമായി ഏറ്റുമുട്ടുക. രാത്രി 7.30ന് ആയിരിക്കും മത്സരം നടക്കുക. ഐ എസ് എല്ലിൽ നിരാശ മാത്രമായിരുന്നു എന്നതിനാൽ സൂപ്പർ കപ്പിൽ എങ്കിലും വിജയം നേടാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ കിരീടമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്ത്യൻ ടീമിൽ ഉള്ള സഹലും ധീരജ് സിംഗും ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ പങ്കെടുക്കുക.

എൻറികെ എസ്കേഡയും ക്ലബ് വിടുന്നു, സൂപ്പർ കപ്പിൽ സ്ട്രൈക്കറിതെ ഈസ്റ്റ് ബംഗാൾ

സൂപ്പർ കപ്പിനായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാളിന് വൻ തിരിച്ചടി. വിദേശ സ്ട്രൈക്കറായ എസ്കേഡ ക്ലബ് വിടാൻ തീരുമാനിച്ചതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി മികച്ച പ്രകടനം എസ്കേഡ കാഴ്ചവെച്ചിരുന്നു. ലീഗിൽ 9 ഗോളുകളും താരം നേടിയിരുന്നു. എന്നാൽ പരിശീലകനുമായുള്ള അഭിപ്രായ വ്യത്യാസം എസ്കേഡയെ ടീം വിടാൻ നിർബന്ധിതനാക്കി.

ഒപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കാൻ ആവില്ല എന്ന് എസ്കേഡ പറഞ്ഞതും ക്ലബ് താരത്തെ റിലീസ് ചെയ്യാനുള്ള കാരണമായി. സൂപ്പർ കപ്പിൽ കളിക്കാൻ ഇതോടെ ഈസ്റ്റ് ബംഗാളിൻ സ്ട്രൈക്കർ ഇല്ലാതായിരിക്കുകയാണ്. മലയാക്കി സ്ട്രൈക്കറായ ജോബി ജസ്റ്റിനും സൂപ്പർ കപ്പിനുണ്ടാവില്ല. സസ്പെൻഷനാണ് ജോബിക്ക് വിനയാവുന്നത്.

Exit mobile version