
ഗോൾ രഹിതമായ മത്സരത്തിൽ സഡൻ ഡെത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ മറികടന്ന് ജാംഷഡ്പൂർ എഫ് സിക്ക് ജയം. ഗോളുകൾ പിറക്കാതിരുന്ന മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. ഗോൾ പോസ്റ്റിനു മുൻപിൽ സഞ്ചിബാൻ ഖോഷിന്റെ മികച്ച പ്രകടനമാണ് ജാംഷഡ്പൂരിന് ജയം നേടി കൊടുത്തത്.
തുടക്കം മുതൽ ഇരുടീമുകളും ഗോൾ നേടാനുറച്ച് തന്നെയാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ ആയില്ല. എക്സ്ട്രാ ടൈമിൽ മത്സരം ജയം ഉറപ്പിക്കാനുള്ള രണ്ടു മികച്ച അവസരങ്ങൾ ചെഞ്ചോക്ക് ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ജാംഷഡ്പൂർ ജയം സ്വന്തമാക്കിയത്.
മിനർവയുടെ കിരൺ ചെംജോങ്, മൊയ്നുദ്ധീൻ ഖാൻ,ബലി ഗഗൻദ്വീപ് എന്നിവരുടെ കിക്കുകൾ ലക്ഷ്യം കാണാതിരുന്നപ്പോൾ ജാംഷഡ്പൂർ നിരയിൽ മെമോയുടെയും ബികാശ് ജൈറുവിന്റെയും പെനാൽറ്റി കിക്കുകൾ ലക്ഷ്യം കണ്ടില്ല. ജാംഷഡ്പൂർ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എഫ് സി ഗോവ – എ ടി കെ മത്സരത്തിലെ വിജയികളെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial