നാണംകെടാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ജീവിതം ഇനിയും ബാക്കി!! സൂപ്പർ കപ്പിൽ നിന്ന് പുറത്ത്

സൂപ്പർ കപ്പിലും കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രം ഫലം.യോഗ്യത റൗണ്ടിൽ തന്നെ നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായിരിക്കുകയാണ്. ഇന്ന് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ യുവനിരയായ ഇന്ത്യൻ ആരോസിനു മുന്നിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പതറിയത്. 18 വയസ്സുമാത്രം ശരാശരി പ്രായമുണ്ടായിരുന്ന ആരോസിന്റെ ടീമിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

കളിയുടെ തുടക്കം മുതൽ തന്നെ മികച്ച നിലവാരം പുലർത്തിയത് ഇന്ത്യൻ ആരോസ് ആയിരുന്നു. ക്യാപ്റ്റൻ അമർജിത് ആണ് ഇന്നത്തെ കളിയിലെ രണ്ടു ഗോളുകളും നേടിയത്. ആദ്യ പകുതി അവസാനിക്കാൻ 6 മിനുട്ടുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു ആരോസിന്റെ ആദ്യ ഗോൾ വന്നത്. ബോരിസിന്റെ പാസിൽ നി‌ന്ന് അമർജിതിന്റെ ഇടം കാലൻ സ്ട്രൈക്ക് ആണ് ധീരജിനെ കീഴ്പ്പെടുത്തി വലയിൽ എത്തിയത്.

രണ്ടാം പകുതിയിൽ പെനാൾട്ടിയിൽ നിന്നായിരുന്നു ആരോസിന്റെ രണ്ടാം ഗോൾ. ഗോളെന്ന് ഉറച്ച ആരോസിന്റെ ഒരു ശ്രമം അനസ് കൈ കൊണ്ട് തടഞ്ഞത് ആണ് പെനാൾട്ടിയിൽ എത്തിയത്. അനസിന് ആ ഫൗളിന് ചുവപ്പ് കാർഡും ലഭിച്ചു. പെനാൾട്ടി അമർജിത് സുഖമായി വലയിൽ എത്തിച്ചു. ആരോസിന്റെ ഡിഫൻഡർ ജിതേന്ദറും താമസിയാതെ ചുവപ്പ് കാർഡ് കണ്ടതോടെ ഇരുടീമുകളും പത്തു പേരായി ചുരുങ്ങി. പക്ഷെ എന്നിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചുവരാനായില്ല.

സൂപ്പർ കപ്പിലും യോഗ്യത ലഭിക്കാത്തതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ സമ്പൂർണ്ണ പരാജയമായി അവസാനിച്ചിരിക്കുകയാണ്‌.