ഗോൾ വേട്ടയിൽ റൂണിയെ മറികടന്നു, ഛേത്രിക്കു മുന്നിൽ ഇനി മെസ്സിയും റൊണാൾഡോയും

അന്താരാഷ്ട്ര മത്സരങ്ങളിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന വിരമിക്കാത്ത കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ഇന്ത്യയുടെ സ്വന്തം സുനിൽ ഛേത്രി നാലാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്. ഇന്നലെ കിർഗിസ്ഥാനെതിരെ നേടിയ ഗോളോടെ ഗോളെണ്ണത്തിൽ സാക്ഷാൽ വെയിൻ റൂണിയെ മറികടന്നാണ് ഛേത്രി നാലാം സ്ഥാനത്തേക്ക് എത്തിയത്.

ഇന്നലത്തെ ഗോളോടെ സുനിൽ ഛേത്രിക്ക് അന്തരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി 54 ഗോളുകളായി. റൂണിക്ക് 53 ഗോളുകളാണ് ഉള്ളത്. ഇപ്പോഴും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന മൂന്നു താരങ്ങൾ മാത്രമേ ഇനി സുനിൽ ഛേത്രിക്കു മുന്നിൽ ഉള്ളൂ. ആ പേരുകൾ കേട്ടാൽ ഞെട്ടിയേക്കാം. 56 ഗോളുകളുള്ള യു എസ് എ താരം ഡെംപ്സി, 58 ഗോളുകൾ അർജന്റീനയ്ക്കു വേണ്ടി നേടിയ മെസ്സി, 73 ഗോളുകൾ പോർച്ചുഗലിനു വേണ്ടി നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് സുനിൽ ഛേത്രിക്കു മുന്നിൽ ഉള്ള വിരമിക്കാത്ത താരങ്ങൾ.

ഇന്ത്യയ്ക്കു വേണ്ടി കളിച്ച് ഇത്രയും ഗോളുകൾ നേടിക്കൂട്ടിയ സുനിൽ ഛേത്രി ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക് അഭിമാനം തന്നെയാണ്. 2013ൽ ബൂട്ടിയയുടെ 42 ഗോളുകൾ എന്ന ഇന്ത്യൻ ടോപ് സ്കോറർ റെക്കോർഡ് സുനിൽ ഛേത്രി മറികടന്നിരുന്നു.

ലോകത്ത് രാജ്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരെ എടുത്താൽ ഇതിഹാസ താരങ്ങളായ അർജന്റീനയുടെ ബാറ്റിസ്റ്റ്യൂട്ടയോടും ക്യാമറൂണിന്റെ സാമുവൽ എറ്റുവിനുമൊപ്പം 28ാം സ്ഥാനത്താണ് സുനിൽ ഛേത്രി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യൻ ജയം ആഘോഷിക്കാൻ മറക്കാതെ പത്രങ്ങൾ
Next articleആഷിഖ് കുരുണിയന് ഇന്ന് പിറന്നാൾ