സുധീഷ് മുട്ടത്ത്, ഇന്ത്യൻ ഫുട്ബോളിലെ പരിചിത മുഖം

സുധീഷ് മുട്ടത്ത്, അധികം ആർക്കും പരിചയപ്പെടുത്തലുകൾ വേണ്ടാത്ത താരം. കാസർഗോഡ് ജില്ലയിൽ തന്നെ ഇത്രയധികം പ്രൊഫഷണൽ ക്ലബുകളിൽ ദേശീയ തലത്തിൽ കളിച്ച താരം വേറെയുണ്ടാകില്ല. കാസർഗോഡിന്റെ ഫുട്ബോൾ ഗ്രാമമായ എടാറ്റുമ്മൽ കേരള ഫുട്ബോളിന് സംഭാവന ചെയ്ത താരങ്ങൾക്ക് കണക്കുണ്ടാവില്ല. ആ ഗ്രാമം തന്നെയാണ് സുധീഷ് മുട്ടത്തിന്റേയും ഗ്രാമം.

ഇന്ത്യയ്ക്കു വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള കേരള മണ്ണിന്റെ അഭിമാനതാരം എം സുരേഷ് എന്ന പ്രതിരോധഭടന്റെ അനുജനാണ് സുധീഷ് മുട്ടത്ത്. കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായ എം ആർ സി കൃഷ്ണന്റെ മക്കൾ. എം ആർ സി കൃഷ്ണേട്ടൻ തന്നെയായിരുന്നു സുധീഷിന്റെ ആദ്യ കാല കോച്ചും. സ്റ്റോപ്പർ ബാക്കായും ഡിഫൻസീവ് മിഡായും കളിക്കുന്ന സുധീഷ് 2004ൽ വി പി സത്യന്റെ കീഴിൽ ഇന്ത്യൻ ബാങ്കിനു വേണ്ടി തിളങ്ങി കൊണ്ടാണ് ദേശീയ ശ്രദ്ധ നേടി തുടങ്ങുന്നത്. ഇന്ത്യൻ ബാങ്കിനു വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനം സുധീഷിനെ ചെന്നൈയിൽ നിന്ന് കൊൽക്കത്തയിൽ എത്തിച്ചു. 2006ൽ മൊഹമ്മദൻസിൽ എത്തിയ സുധീഷ് 2007-08 സീസണിൽ വമ്പന്മാരായ മോഹൻ ബഗാന്റെ തട്ടകത്തിൽ എത്തി.

 

ബഗാൻ കളിച്ചുകൊണ്ടിരിക്കെ, ആ സമയത്ത് ഈസ്റ്റ് ബംഗാൾ ഇതിഹാസമായി മാറികൊണ്ടിരുന്ന, ചേട്ടൻ സുരേഷിനെതിരെ കൊൽക്കത്താ ഡർബിയിൽ നേർക്കുനേർ സുധീഷ് ഇറങ്ങിയത് എടാറ്റുമ്മലിന്റെ ഫുട്ബോൾ ചരിത്രത്തിലെ പ്രധാന ഏടാണ്. ബഗാനിൽ നിന്ന് പിന്നീട് 2008-09 സീസണിൽ ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ പ്രതീക്ഷ ആയി വന്ന പൂനെ എഫ് സിയിലും തുടർന്ന് വാസ്കോ ഗോവയയിലും സുധീഷ് ബൂട്ടുകെട്ടി.

2012-13 സീസണിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിലും ഈ എടാറ്റുമ്മൽ സ്വദേശി ഉണ്ടായിരുന്നു. 2012ൽ തന്നെ കേരളത്തിന്റെ ക്ലബായ ഈഗിൾസ് എഫ് സിയിൽ എത്തിയ സുധീഷ് ഈഗിൾസിന്റെ ക്യാപ്റ്റൻ ആം ബാൻഡും ധരിച്ചു. ഈഗിൾസിൽ നിന്ന് വീണ്ടും ഗോവയിലേക്ക് തിരിച്ച സുധീഷ് ചർച്ചിൽ ബ്രദേഴ്സിലും ബൂട്ടു കെട്ടി. ഇപ്പോൾ അവസാനമായി 2016-17 സീസണിൽ വാസ്കോ ഗോവയ്ക്കു വീണ്ടും ഡിഫൻസിലും മിഡ്ഫീൽഡിലിം സുധീഷ് ഇറങ്ങി.

പുതിയ സീസണിൽ ക്ലബുകളുമായി കരാറിൽ എത്തിയിട്ടില്ല എങ്കിലും ദേശീയ തലത്തിൽ തന്നെ പുതിയ സീസണിലും സുധീഷ് ഉണ്ടാകും. ഐ ലീഗും ഐ എസ് എല്ലുമൊക്കെ പുതിയ മുഖത്തിൽ എത്തുമ്പോൾ സുധീഷിന്റെ പരിചിത മുഖവും ദേശീയ ഫുട്ബോളിന്റെ ഭാഗമായി തന്നെയുണ്ടാകും എന്നാണ് ഫുട്ബോൾ പ്രേമികൾ നിരീക്ഷിക്കുന്നത്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുഗുറുസക്ക് വിംബിൾഡൺ കിരീടം
Next articleകാസർഗോഡിന്റെ ഫുട്ബോൾ മാണിക്യങ്ങൾ തൃക്കരിപ്പൂരിൽ