സെവൻസ് ഫുട്ബോളിന്റെ ഹൃദയം തുറന്ന് സുഡാനി ഫ്രം നൈജീരിയ

സെവൻസ് ഫുട്ബോളും, സെവൻസ് ഫുട്ബോളിന് വേണ്ടി ഓടിനടക്കുന്നവരും ഇങ്ങനെ ഒരു സിനിമ അർഹിച്ചിരുന്നു എന്ന് പറയാം. ഒരു സെവൻസ് ഫുട്ബോൾ മാനേജറിലൂടെയും ഒരു നൈജീരിയൻ താരത്തിലൂടെയും നീങ്ങുന്ന കഥയ്ക്ക് മലബാറിലെ സെവൻസ് ഫുട്ബോളിന്റെ ഹൃദയം തുറക്കാനും, ആ ഹൃദയം ചെമ്പരത്തിപ്പൂവല്ല എന്ന് കാണിക്കാനും സാധിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

കളത്തിൽ രണ്ട് എതിർ ശക്തികളായ ടീമുകളുടെ തുടർച്ചയായ പോരും, ക്ലൈമാക്സിൽ ത്രില്ലർ പോലെ തിരക്കഥ എഴുതിയ ഫൈനൽ മാച്ചും ഒന്നുമുള്ള ഒരു ഫുട്ബോൾ സിനിമ അല്ല ഇത്. കളത്തിനകത്തല്ല കളത്തിന് പുറത്ത് ‘ഫുട്ബോൾ’ എങ്ങനെ ഈ ഫുട്ബോൾ പ്രേമികളുടെ ജീവിതത്തിൽ കളിക്കുന്നു എന്നതാണ് സിനിമയിലുടനീളം സംവിധായകൻ സക്കറിയ വരച്ചിട്ടിരിക്കുന്നത്. ഒരു സാമ്പത്തിക മെച്ചവുമില്ലാഞ്ഞിട്ടും ഫുട്ബോൾ മാത്രം ശ്വസിച്ച് നീങ്ങുന്ന മജീദ് എന്ന ക്ലബ് മാനേജറും ജീവിക്കാൻ ഒരു മാർഗവുമില്ലാതെ സെവൻസ് കളിക്കാൻ എത്തുന്ന സാമുവൽ, എന്ന നൂറു കണക്കിന് ആഫ്രിക്കൻ താരങ്ങളുടെ പ്രതിനിധിയായ, കളിക്കാരനിലൂടെയും നീങ്ങുന്ന സിനിമയ്ക്ക് കാല്പന്തിന്റെ താളം മാത്രമെ ഉള്ളൂ. നെയ്മാറിന്റെ പി എസ് ജിയിലേക്കുള്ള കൂടുമാറ്റം മുതൽ സെവൻസ് ലോകത്ത് അവസാന രണ്ടുവർഷമായി കണ്ടുവരുന്ന വാട്സാപ് കമന്ററികൾ വരെ ഈ സിനിമയ്ക്കൊപ്പം ഉണ്ട്.

മലബാറിന്റെ സെവൻസ് ഫുട്ബോളിനോടുള്ള സ്നേഹം ഫേസ്ബുക്ക് കൂട്ടയ്മയിലോ താരാരാധനിയിലോ അടിസ്ഥാനമാക്കിയല്ല ജീവിതത്തിൽ അലിഞ്ഞ് ചേർന്നതാണെന്ന് ഒരു കല്ലുകടിയുമില്ലാതെ പറഞ്ഞു പോകുന്ന ഒരു കൊച്ചു സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സിനിമയുടെ കൂടെ സെവൻസ് ഫുട്ബോൾ ലോകത്ത് പരിചിതമായ പല മുഖങ്ങളും കയറിവരുന്നു എന്നുള്ളതും സിനിമയെ ജീവനുള്ളതാക്കുന്നുണ്ട്. ഒരുപാട് സാമുവൽമാരെ സ്വന്തം സഹോദരങ്ങളെ പോലെ നോക്കിയ, നോക്കുന്ന മാനേജർ ബാബു തിരൂർക്കാട് ഒരു ചെറിയ വേഷത്തിലും, സെവൻസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സൂപ്പർ ബാവാക്ക സജീവമായും സിനിമയിൽ ഉണ്ട്.

സെവൻസിലെ ഏറ്റവും പേരുകേട്ട റഫറിയായ ആലിക്കോയ, താരങ്ങളായ കിംഗ്സ്ലി, അഡബയോർ, നിരവധി ക്ലബുകൾ, ഒതുക്കുങ്ങലിൽ ഈ സീസണിൽ കഴിഞ്ഞ സെവൻസ് അങ്ങനെ സെവൻസ് ലോകം ജീവനോടെ ഈ സിനിമയിൽ പറിച്ചു നട്ടിട്ടുണ്ട്. നൈജീരിയക്കാരനായ സാമുവലിനോട് ഏതു ടീമിനെയാണ് ലോകകപ്പിൽ പിന്തുണയ്ക്കുക എന്ന് ചോദിക്കുമ്പോൾ നമ്മൾ ഇന്ത്യയെ പോലെയല്ല ലോകകപ്പിൽ കളിക്കുന്നുണ്ട് എന്ന് മറുപടി ലഭിക്കുന്നതും, സെവൻസിന് ഒരു ലോകകപ്പുണ്ടേൽ അത് നമ്മൾ അടിച്ചേനെ എന്ന് തിരിച്ചടി കൊടുക്കുന്നതും, അൻസാരിയുടെ കമന്ററിയില്ലാത്ത ലോകകപ്പൊക്കെ എന്തു ലോകകപ്പാണെന്ന് പറയുന്നതും ഒക്കെ നർമ്മത്തിനൊപ്പം ഫുട്ബോൾ എന്ന ഒരു ഭാഷയും നിലവിൽ ഉള്ളത് ഓർമ്മിപ്പിക്കുന്നു. മെസ്സിയുടെ ആരാധകന് പെനാൾട്ടിയെ പേടി കാണുമെന്നു പറയുമ്പോഴും ആ ഫുട്ബോൾ ഭാഷ തന്നെയാണ് വരുന്നത്. ഫുട്ബോൾ പ്രേമികൾക്ക് മാത്രമെ ആ ഭാഷ മനസ്സിലാകു.

മലബാറിലെ ഫുട്ബോളിന്റെ സ്വാധീനം ഇത്രയേറെ നന്നായി മുമ്പ് സിനിമയിൽ വന്നിട്ടില്ല‌. ഇനി സിനിമയിൽ വരുമെന്ന് ഉറപ്പും ഇല്ല. സിനിമയിൽ ഒരു ഘട്ടത്തിൽ ബാവാക്ക പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘നമ്മള് പന്തുകളി കൊണ്ട് പൈസ ഉണ്ടാക്കുന്നത് വീണ്ടും പന്ത് കളിക്കാൻ വേണ്ടിയാണ്, അതോർക്കണം’ എന്ന്. സെവൻസ് ഫുട്ബോളിനെ അറിയുന്നവർക്ക് ആ ഒറ്റ ഡയലോഗിൽ സെവൻസ് ലോകത്തെ മുഴുവൻ ഉൾകൊള്ളിക്കാൻ പറ്റിയേക്കും.

കേരളത്തിന്റെ ഫുട്ബോൾ പ്രേമത്തിന് ഇത് നല്ല കാലമാണ്. സത്യേട്ടന്റെ കഥ പറഞ്ഞ ക്യാപ്റ്റനും, ഇപ്പോൾ സുഡാനി ഫ്രം നൈജീരിയയും… പന്തിനെയും കാലിനെയും ചേർത്തുള്ള കഥകൾ മനസ്സിന്റെ ഗോൾവല ഇനിയും നിറയ്ക്കട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓള്‍റൗണ്ട് പ്രകടനവുമായി നതാലി സ്കിവര്‍, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്
Next articleപകുതി ടീം പവലിയനിലേക്ക് മടങ്ങി, ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച