റയലിന് ഇന്ന് ടോട്ടൻഹാമിന്റെ വെല്ലുവിളി

- Advertisement -

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങളുടെ മൂന്നാം റൗണ്ടിൽ ഇന്ന് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് ഇംഗ്ലീഷ് റണ്ണർ അപ്പുകളായ ടോട്ടൻഹാമിന്റെ വെല്ലുവിളി. സാന്റിയാഗോ ബെർണാബുവിൽ നടക്കുന്ന പോരാട്ടത്തിൽ ജയിക്കുന്നവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താവും എന്ന് ഉറപ്പുള്ളത് കൊണ്ട് പോരാട്ടം കടുത്തതാവും എന്ന് ഉറപ്പാണ്. ജർമ്മൻ വമ്പന്മാരായ ഡോർട്ട് മുണ്ട് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ അവർക്ക് ഇതുവരെ പോയിന്റ് ഒന്നും നേടാൻ ആയിട്ടില്ലെങ്കിലും 4 മത്സരങ്ങൾ എല്ലാ ടീമുകൾക്കും ബാക്കിയിരിക്കെ ആർക്കും രണ്ടാം റൌണ്ട് സാധ്യത ഉറപ്പായിട്ടില്ല. അതുകൊണ്ട് തന്നെ ഒരു ഫലം പ്രതീക്ഷിച്ചു തന്നെയാവും ബെർണാബുവിൽ ഇരു ടീമുകളും ഇറങ്ങുക. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇരു ടീമുകൾക്കും 6 പോയിന്റ് വീതമുണ്ട്.

സ്പാനിഷ് ലീഗിൽ ഗെറ്റാഫയെ 2-1 ന് തോൽപിച്ചാണ് റയലിന്റെ വരവ്. പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള സ്പർസും ബൗർന്മതിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് വരുന്നത്. ആഭ്യന്തര ലീഗിൽ മോശം തുടക്കം നേടിയ ഇരു ടീമുകളും പക്ഷെ സമീപ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ നില മെച്ചപ്പെടുത്തി. മുൻ സ്പർസ് താരം കൂടിയായ ഗരേത് ബെയ്ലിന്റെ അഭാവം തന്നെയാവും ഇന്ന് ശ്രദ്ധ നേടുക. പരിക്ക് മാറാത്ത ബെയ്ൽ ഇന്ന് കളികാനുണ്ടാവില്ല എന്ന് ഉറപ്പാണ്. പക്ഷെ മുൻ സ്പർസ് താരം ലൂക്ക മോദ്റിച് ഇന്ന് അബ്‌പഴയ ടീമിനെ നേരിടാൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. റയൽ ടീമിലേക്ക് ലെഫ്റ്റ് ബാക് മാർസെലോ, ടോണി ക്രൂസ്, തിയോ ഹെർണാണ്ടസ് എന്നിവർ മടങ്ങിയെത്തും. പക്ഷെ ഇവരിൽ ആരൊക്കെ ആദ്യ ഇലവനിൽ കളിക്കും എന്ന് ഉറപ്പില്ല. കഴിഞ്ഞ ല ലിഗ മത്സരത്തിൽ ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ, ബെൻസീമ എന്നിവർ ഫോമിലേക്കുയർന്നത് സിദാന് ആശ്വാസമാവും.
സ്പർസ് നിരയിൽ ലെഫ്റ്റ് ബാക്ക് ബെൻ ഡേവിസ് കളിക്കാൻ സാധ്യതയില്ല. ഡാനി റോസ് പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും കളിക്കാൻ സാധ്യതയില്ല. ഇത്തവണയും ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് യാൻ വേർതൊഗനെ തന്നെ പോചെട്ടിനോ നിയമിച്ചേക്കും.

റയൽ പരിശീലകൻ സിദാൻ തന്നെ പ്രശംസകൾ കൊണ്ടു മൂടിയ ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്നെ തടയുക എന്നത് തന്നെയാവും റാമോസ് അടക്കമുള്ള റയൽ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ചാംപ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ക്രിസ്ത്യാനോയെ ടോട്ടൻഹാം പ്രതിരോധം എങ്ങനെ നേരിടും എന്നതും മത്സര ഫലത്തിൽ പ്രധാന സ്വാധീനമാവും. ചരിത്രത്തിൽ റയലിനെ 4 തവണ നേരിട്ട സ്പർസ് അതിൽ 3 മത്സരങ്ങളിൽ തോൽക്കുകയും ഒരു മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. അവസാനം 7 വർഷങ്ങൾക്ക് മുൻപ് ഇരു ടീമുകളും നേരിട്ടപ്പോൾ എതിരില്ലാത്ത 4 ഗോളുകൾക്കാണ് റയൽ ജയിച്ചത്.
ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.15 നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement