Picsart 24 12 20 02 46 23 746

7 ഗോളുകൾ!! തീപ്പാറിയ ത്രില്ലർ!! മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് സ്പർസ് സെമി ഫൈനലിൽ

കരബാവോ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ടോട്ടനം സെമി ഫൈനലിൽ. ഇന്ന് ലണ്ടണിൽ നടന്ന ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സ്പർസിന്റെ വിജയം. 3-0ന് പിറകിൽ പോയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 4-3 എന്നാക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

ഇന്ന് പല മാറ്റങ്ങളുമായാണ് റുബെൻ അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. മത്സരത്തിന്റെ 15ആം മിനുട്ടിൽ ഗോൾ കീപ്പർ ബയിന്ദറിന്റെ പിഴവിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഗോൾ വഴങ്ങിയത്. ബയിന്ദർ ഒരു ഷോട്ട് തടഞ്ഞത് നേരെ സോളങ്കിയുടെ കാലിലേക്കാണ് വന്നത്. സോളങ്കെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ പാസോ ഗോളോ വന്നില്ല‌. ആദ്യ പകുതി സ്പർസ് 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ ആരംഭിച്ച് സെക്കൻഡുകൾക്ക് അകം ലീഡ് ഇരട്ടിയാക്കാൻ സ്പർസിനായി. കുളുസവേസ്കി ആണ് സ്പർസിനായി രണ്ടാം ഗോൾ നേടിയത്. 54ആം മിനുട്ടിൽ സൊളാങ്കെയിലൂടെ സ്പർസ് മൂന്നാം ഗോളും നേടി. കളി സ്പർസ് ജയിച്ചു എന്ന് കരുതിയ സ്ഥലത്ത് നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു.

രണ്ട് ഗോൾ കീപ്പർ പിഴവുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. സ്പർസ് ഗോൾ കീപ്പർ ഫ്രേസർ ഫോസ്റ്ററിന്റെ പാസ് തട്ടിയെടുത്ത് ബ്രൂണോ നൽകിയ പാസ് സിർക്സി വലയിൽ എത്തിച്ചു. സ്കോർ 3-1

70ആം മിനുട്ടിൽ അമദ് ദിയാലോയുടെ പ്രസിംഗും ഫോസ്റ്ററിന് പ്രശ്നമായി. ഫോസ്റ്ററിന്റെ ക്ലിയറൻസ് അമദ് തടഞ്ഞപ്പോൾ പന്ത് നേരെ വലയിൽ. സ്കോർ 3-2. കളി ആവേശകരമായ അന്ത്യ നിമിഷങ്ങളിലേക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം സമനില ഗോളിനായി നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അവർ ആഗ്രഹിച്ച ആ ഗോൾ വന്നില്ല.

88ആം മിനുട്ടിൽ ഹ്യുങ്മിൻ സോൺ ഒരു കോർണറിൽ നിന്ന് നേരെ ഒളിമ്പിൽ ഗോൾ നേടിയതോടെ സ്പർസ് 4-2 മുന്നിൽ. 94ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. എവാൻസ് ആണ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടിയത്. സ്കോർ 4-3. പിന്നെ കളി അവസാനിക്കാൻ വെറും 2 മിനുട്ട് മാത്രം. യുണൈറ്റഡിന് നാലാമതൊരു ഗോൾ നേടാൻ ആ സമയം മതിയായില്ല. ഫൈനൽ വിസിൽ വന്നപ്പോൾ സ്പർസ് സെമി ഫൈനൽ ഉറപ്പിച്ചു.

ആഴ്സണൽ, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവരാണ് കരാബാവോ കപ്പിൽ സെമി ഫൈനലിൽ എത്തിയ ബാക്കി മൂന്നു ടീമുകൾ.

Exit mobile version