മറഡോണ സാക്ഷി, ലിവർപൂളിന് സ്പർസിന്റെ വക കനത്ത പ്രഹരം

- Advertisement -

വെംബ്ലിയിൽ ക്ളോപ്പിന്റെ ലിവർപൂളിന് പൊചെറ്റിനോയുടെ സ്പർസിന്റെ വക കനത്ത പ്രഹരം. 4-1 നാണ് ടോട്ടൻഹാം ലിവർപൂളിനെ തകർത്തത്. ലിവർപൂളിന്റെ പ്രതിരോധത്തിലെ ഓരോ പിഴവും മുതലെടുത്ത സ്പർസ് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലിവർപൂളിന് ആധിപത്യം നേടാൻ സനമ്മതിച്ചില്ല. സ്പർസിനായി ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി. സ്പർസ് ക്യാപ്റ്റൻ ഗോള കീപ്പർ ഹ്യുഗോ ലോറിസിന്റെ പ്രകടനവും മത്സരത്തിൽ വേറിട്ട് നിന്നു. പൊചെറ്റിനോയുടെ നാട്ടുകാരൻ ഫുട്ബാൾ ഇതിഹാസം മറഡോണയും കളി കാണാൻ വെംബ്ലിയിൽ എത്തിയിരുന്നു.

പരിക്കേറ്റ വൈനാൽടത്തിന് പകരം ജെയിംസ് മിൽനറിനെ ക്ളോപ്പ് ടീമിലെടുത്തപ്പോൾ എറിക് ഡയറിനെ ബെഞ്ചിലിരുത്തിയ പോചെറ്റിനോ ഹാരി വിങ്ക്സിനു അവസരം നൽകി. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ സ്പർസ് ലീഡ് നേടി, ട്രിപ്പിയറിന്റെ പാസ്സ് വലയിലാക്കി ഹാരി കെയ്‌നാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഏറെ വൈകാതെ  12 ആം മിനുട്ടിൽ കെയ്‌നിന്റെ പാസ്സിൽ സോണ് ലീഡ് രണ്ടാക്കി ഉയർത്തി. സ്പർസ് നേടിയ ആദ്യ രണ്ടു ഗോളിലും ലിവർപൂൾ ഡിഫൻഡർ ലോവരെൻ വരുത്തിയ പിഴവ് നിർണായകമായി. 24 ആം മിനുട്ടിൽ സലാഹിലൂടെ ഒരു ഗോൾ മടക്കിയ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും സ്പർസ് നന്നായി പ്രതിരോധിച്ചു. 30 ആം മിനുട്ടിൽ തീർത്തും മോശം പ്രകടനം തുടർന്ന ലോവരനെ മാറ്റി ക്ളോപ്പ് ചെമ്പർലൈനെ കളത്തിലിറക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അലിയും ഗോൾ നേടിയതോടെ ആദ്യ പകുതി സ്പർസ് 3-1 ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും ലിവർപൂൾ ആക്രമണ നിരക്ക് കാര്യമായ അവസരം സ്പർസ് നൽകിയില്ല. 56 ആം മിനുട്ടിൽ കെയ്ൻ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. സീസണിലെ 8 ആം ഗോൾ നേടിയ കെയ്ൻ ലീഗ് ടോപ്പ് സ്കോററായി. രണ്ടാം പകുതിയിൽ ഏതാനും മികച്ച സേവുകൾ നടത്തി ലോറിസും സ്പർസ് വിജയത്തിൽ നിർണായക പ്രകടനം നടത്തി. തീർത്തും നിറം മങ്ങിയ ലിവർപൂൾ പ്രതിരോധം പതിവ് പോലെ ക്ളോപ്പിന് തലവേദനയായി.

20 പോയിന്റുള്ള സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓപ്പമെത്തി. എങ്കിലും പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുള്ള ലിവർപൂൾ 9 ആം സ്ഥാനത്തേക്ക് താഴ്ന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement