സോളിന്റെ ഹാട്രിക്കിൽ സ്പെയിൻ ഫൈനലിൽ

- Advertisement -

സോൾ നിഗിസിന്റെ ഹാട്രിക്കിൽ ഇറ്റലിയെ 3 – 1 ന് തോൽപ്പിച്ച് സ്പെയിൻ അണ്ടർ 21 യൂറോ കപ്പിന്റെ ഫൈനലിൽ കടന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച ജർമനിയാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 53ആം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഡാനിയേൽ സെബല്ലോസിന്റെ പാസിൽ നിന്നാണ് ഗോൾ കീപ്പർ ഡോണാറുമ്മയെ മറികടന്ന് സോൾ ഗോൾ നേടിയത്.

അഞ്ചു മിനിറ്റിനു ശേഷം ഗഗലിയാർഡിനി രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തു പോയതോടെ 10 പേരായി ചുരുങ്ങിയ ഇറ്റലിയുടെ നിര പരുങ്ങലിലായി. എന്നാൽ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി ഇറ്റലി ഗോൾ മടക്കി മത്സരം സമനിലയിലാക്കി. ബെർണാർഡെഷിയുടെ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നുള്ള അടി ഗോൾ കീപ്പർ കെപക്കു ഒരു അവസരവും കൊടുക്കാതെ വല കുലുക്കി.

65 ആം മിനുട്ടിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മനോഹരമായ ഗോൾ നേടി സോൾ സ്പെയിനിനു വീണ്ടും ലീഡ് നേടി കൊടുത്തു. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്തുവിട്ട ഇടം കാലൻ ഷോട്ട് ഇറ്റാലിയൻ വല കുലുക്കുകയായിരുന്നു. 74ആം മിനുട്ടിൽ അസെൻസിയോയുടെ പാസിൽ നിന്ന് സോൾ മൂന്നാമത്തെ ഗോൾ നേടി തന്റെ ഹാട്രിക്ക് തികച്ചു.

വെള്ളിയാഴ്ച്ചനടക്കുന്ന ഫൈനലിൽ സ്പെയിൻ ജർമനിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement