അണ്ടർ 21 യൂറോ : പോർച്ചുഗലിനെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ

അണ്ടർ 21 യൂറോ കപ്പിൽ പോർചുഗലിനെ 3 – 1 ന് തോൽപ്പിച്ച് സ്പെയിൻ സെമിയിൽ പ്രവേശിച്ചു.  സ്പെയിനിനു വേണ്ടി സൗൾ നിഗ്‌സും സാൻഡ്രോ റാമിറെസും ഇനാക്കി വില്യംസും ഗോൾ നേടിയപ്പോൾ പോർച്ചുഗലിന്റെ ആശ്വാസ ഗോൾ ബ്രൂമയുടെ വകയായിരുന്നു. ഗ്രൂപ്പ് ബി യിൽ ഒന്നാം സ്ഥാനക്കാരായാണ് സ്പെയിൻ സെമിയിൽ പ്രവേശിച്ചത്. അതെ സമയം മികച്ച രണ്ടാം സ്ഥാനക്കാരെന്ന നിലക്ക് പോർച്ചുഗൽ സെമി സാധ്യത നിലനിർത്തി.

മികച്ച തുടക്കമാണ് മത്സരത്തിൽ പോർച്ചുഗലിന് ലഭിച്ചത്. പക്ഷെ അതെല്ലാം ഗോളാക്കുന്നതിൽ പോർച്ചുഗൽ താരങ്ങൾ പരാജയപ്പെടുകയായിരുന്നു. ഡാനിയേൽ പോഡെൻസിന്റെ മികച്ചൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയതും പോർച്ചുഗലിന് വിനയായി. അതെ സമയം സ്പെയിനിനു കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി സ്പെയിൻ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.  പോർച്ചുഗൽ പ്രധിരോധ നിരയെ കബളിപ്പിച്ച് അത്ലറ്റികോ മാഡ്രിഡ് താരം സൗൽ ആണ് സ്പെയിനിനു വേണ്ടി ഗോൾ നേടിയത്.

ഗോൾ നേടിയതോടെ മത്സരത്തിൽ ആധിപത്യം നേടിയ സ്പെയിൻ അസെൻസിയോയിലൂടെയും റാമിറെസിലൂടെയും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വിട്ടുനിന്നു. സ്പെയിൻ നിരയിൽ അസെൻസിയോ നിരന്തരം പോർച്ചുഗൽ ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല. എന്നാൽ 64ആം മിനുട്ടിൽ സാൻഡ്രോ റാമിറെസിലൂടെ സ്പെയിൻ ലീഡ് ഇരട്ടിയാക്കി. ഡെലോഫുവിന്റെ ക്രോസിൽ നിന്നാണ് റാമിറെസ് ഗോൾ നേടിയത്.

77ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ബ്രൂമ പോർച്ചുഗലിന് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും  ഇഞ്ചുറി ടൈമിൽ വില്യംസിന്റെ ഗോളോടെ സ്പെയിൻ സെമി ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial