സെവൻസ് ഫുട്ബോളിനെ മുന്നോട്ട് നയിച്ച് സോക്കർസിറ്റി കൂട്ടായ്മ

2016-17 സീസൺ സെവൻസ് ഫുട്ബോളിന് തിരശ്ശീല വീഴുമ്പോഴും സെവൻസ് ലോകത്തിനെ ചേർത്തുപിടിച്ച് നിർത്തി അഭിമാനം കൊള്ളുകയാണ് സോക്കർസിറ്റി എന്ന വാട്സാപ്പ് ഫുട്ബോൾ കൂട്ടായ്മ. പുതിയ കാലത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പു കൊണ്ട് ഫുട്ബോൾ ലോകത്ത് എന്തൊക്കെ വിസ്മയങ്ങളും മാറ്റങ്ങളും സൃഷ്ടിക്കാമെന്നത് കാണിച്ചുതന്നു കൊണ്ട് മലബാറിന്റെ സെവൻസ് ആവേശങ്ങളെ മുൻപന്തിയിൽ നിന്ന് നയിക്കുകയാണ് ഈ കൂട്ടായ്മ.

അമ്പതോളം ടൂർണമെന്റുകളും ആയിരത്തോളം മത്സരങ്ങളും കണ്ട 2016-17 സെവൻസ് സീസണിൽ സോക്കർസിറ്റി എന്ന വാട്സാപ്പ് ഗ്രൂപ്പ് എന്തൊക്കെ ചെയ്തു എന്നത് അത്ഭുതകരമാണ്. സെവൻസ് ലോകത്ത് ആദ്യ ലൈവ് കമന്ററി മുതൽ ആദ്യ റാങ്കിംഗ് വരെ ഒരോ ചുവടും മുന്നോട്ടേക്ക് എന്ന രീതിയിലായിരുന്നു ഈ സീസണിൽ സോക്കർസിറ്റിയുടെ‌ പ്രയാണം. സീസൺ ഒന്നാം ദിവസം മുതൽ ആരംഭിച്ച ലൈവ് കമന്ററി സെവൻസ് ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കുക ആയിരുന്നു. ടൂർണമെന്റുകൾ നടന്ന അമ്പതോളം ഗ്രൗണ്ടുകളിലും സോക്കർസിറ്റി പ്രതിനിധികൾ തത്സമയം റിപ്പോർട്ടുമായി എത്തിയപ്പോൾ അത് കമന്ററിയാക്കി ഫുട്ബോൾ പ്രേമികളിൽ എത്തിച്ചുകൊണ്ട് സെവൻസിന്റെ ഷൈജു ദാമോദരനായും മാർട്ടിൻ ടൈലറായും സോക്കർസിറ്റി അഡ്മിൻ റുജീഷ് തിരൂർ തിളങ്ങി. ഒട്ടും പിറകിലല്ലാതെ ഹിഫ്സു മാവൂരും റഹ്മതുള്ള അരീക്കോടും ബാബു കാപിച്ചാലും കമന്ററിബോക്സിൽ ആവേശമായി. വിദേശ രാജ്യങ്ങളിൽ അടക്കം സെവൻസിന്റെ ആവേശം കമന്ററികളിലൂടെ എത്തിയത് തന്റെ വിദേശ സഞ്ചാരത്തിൽ കാണാനായെന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ ബാവാക്ക അനുഭവം പങ്കുവെച്ചിരുന്നു.

സെവൻസ് ഫുട്ബോളിൽ ആദ്യമായി റാങ്കിംഗ് സിസ്റ്റം കൊണ്ടു വരാനും ഇത്തവണ സോക്കർസിറ്റി കൂട്ടായ്മയ്ക്കായി. കൂടാതെ വിവിധ ടൂർണമെന്റുകളിൽ ട്രോഫികളായും മികച്ച കളിക്കാരെ അംഗീകരിക്കാനും സോക്കർസിറ്റി മുന്നിട്ടിറങ്ങി.

മങ്കട ഇൻഡിപെൻഡൻസ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച കളിക്കാരനുള്ള പുരസ്കാരമായിരുന്നു സോക്കർസിറ്റി നൽകിയത്. അത് മെഡിഗാഡ് അരീക്കോട് താരം ശിഹാബിനു ലഭിച്ചു. വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ സോക്കർസിറ്റി നൽകിയ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡ് കോയിനും ട്രോഫിയും സബാൻ കോട്ടക്കലിന്റെ വലകാത്ത പ്രവീൺ നേടി. കൊണ്ടോട്ടിയിൽ സോക്കർസിറ്റിയുടെ മികച്ച ഗോൾ കീപ്പർ പുരസ്കാരം ഫിഫാ മഞ്ചേരിയുടെ കാവൽ മാലാഖ സലാമിനായിരുന്നു ലഭിച്ചത്. കുപ്പൂത്തിൽ മികച്ച സ്റ്റോപ്പർ ബാക്ക് പുരസ്കാരമായിരുന്നു സോക്കർസിറ്റി നൽകിയത്. ആ പുരസ്കാരത്തിൽ അൽ മദീനയുടെ പ്രതിരോധ ഭടൻ ഹൈദർ അർഹനായി.

മഞ്ചേരി റോയൽ സെവൻസിൽ മികച്ച ഗോൾ കീപ്പർ പുരസ്കാരം സോക്കർസിറ്റി നൽകിയത് കെ എഫ് സി കാളിക്കാവിന്റെ വലകാത്ത സഫ്വാനായിരുന്നു. കൊളത്തൂരിൽ മികച്ച കളിക്കരനുള്ള പുരസ്കാരം മെഡിഗാഡ് അരീക്കോട് താരം നാസിൽ കൊണ്ടുപോയി. വളാഞ്ചേരി വി എഫ് എ ഒരുക്കിയ ടൂർണമെന്റിലെ മികച്ച വിദേശ താരത്തിനുള്ള പുരസ്കാരം അൽ മദീനയുടെ വിദേശ താരം ഡി മറിയയുടെ കൈകളിൽ എത്തി. ഇത്രയും പുരസ്കാരങ്ങൾ കൂടാതെ മാവൂർ അഖിലേന്ത്യാ സെവൻസിലെ വിന്നേഴ്സ് ട്രോഫിയും സോക്കർസിറ്റിയുടെ വക ആയിരുന്നു. സീസൺ കണ്ട ഏറ്റവും വലിയ ട്രോഫിയാണ് സോക്കർ സിറ്റി മാവൂരിലെ ചാമ്പ്യന്മാരായ കെ എഫ് സി കാളിക്കാവിന് സമ്മാനിച്ചത്.

ഈ സീസണിൽ 184 ദിവസം പ്രവചന മത്സരങ്ങൾ നടത്തി ഫുട്ബോൾ പ്രേമികളെ സജീവമായി നിർത്താനും സോക്കർസിറ്റിക്ക് സാധിച്ചു. ഹോട്ടൽ ഹന്നത്ത് വെന്നിയൂർ, എക്സലന്റ് മംഗലം, ജവഹർ മാവൂർ, ബാബുമോൻ പള്ളിശ്ശേരി, ഓസ്കാർ കാക്കത്തടം, ടൗൺ ഫുട്ബോൾ അക്കാദമി വണ്ടൂർ, അത്തിമണ്ണിൽ ഗോൾഡ് ആർട്ട് ജ്വല്ലറി മഞ്ചേരി തുടങ്ങിയ പ്രമുഖർ പ്രവചന മത്സരത്തിന് സ്പോൺസർമാരായി എത്തി.

മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുന്ന സോക്കർസിറ്റി മൂന്നു വർഷവും സെവൻസ് ലോകത്ത് ഫിക്സ്ചറുകളും റിസൾട്ടുകളും എത്തിക്കുന്നതിൽ ഏറ്റവും മികവ് കാണിക്കുന്നവരാണ്. എഡിറ്റിംഗ് ഡെസ്കിൽ പ്രവർത്തിക്കുന്ന ഹസൻ പൊന്നൂസ്, ഷംസീർ നിരോല്പാലം, ഷഫീഖ് മുട്ടിപ്പാലം, ബാരിഹ് കണ്ണിയൻ എന്നിവർ നടത്തുന്ന പ്രവർത്തങ്ങളുടെ ഫലമാണ് ഇത്.

സോക്കർസിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെ വൈറലായ സോക്കർസിറ്റി അംഗം മുഹമ്മദ് അൻസാരിയും ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അനൗൺസ്മെന്റ് രംഗത്ത് സജീവമായ മുഹമ്മദ് അൻസാരിയെ ദുബൈയിലുള്ള റേഡിയോ ഏഷ്യ അതിഥിയായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ഫുട്ബോളിനപ്പുറം രണ്ടാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കലാപരിപാടികളും സോക്കർസിറ്റി അണിയിച്ചൊരുക്കി. ആ വാർഷിക പരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ കല്പകഞ്ചേരി എ പി അസ്ലം കമ്മിറ്റി സമ്മാനങ്ങൾ നൽകി ആദരിച്ചു. കല്പകഞ്ചേരി സെവൻസ് മൈതാനത്ത് കമിറ്റി ഭാരവാഹികളായ സയ്യിദ് ഹസൻ തങ്ങൾ, ലത്തീഫ് കല്പകഞ്ചേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെച്ച് റോയൽ ട്രാവൽസ് എം ഡി മുസ്തഫ സമ്മാനങ്ങൾ വിതരണം ചെയ്തു. സോക്കർസിറ്റി അഡ്മിന്മാരായ റുജീഷ് തിരൂരും അൻവർ തിരൂരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഫുട്ബോൾ ആരാധകർ മാത്രമല്ല, സെവൻസ് ലോകത്തുള്ള എല്ലാവരും അണിനിരയ്ക്കുന്ന കൂട്ടായ്മയാണ് സോക്കർസിറ്റി. മാനേജർമാർ, കളിക്കാർ, ടൂർണമെന്റ് കമിറ്റി ഭാരവാഹികൾ, റെഫറിമാർ, അനൗൺസ്മെന്റ് ചെയ്യുന്നവർ തുടങ്ങി സെവൻസ് ലോകത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ സോക്കർസിറ്റിക്ക് ഒപ്പം നിർദേശങ്ങളും വിലയേറിയ അഭിപ്രായങ്ങളുമായി സെവൻസ് ലോകത്തിലെ ഇതിഹാസം ഇപ്പോഴത്തെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ ബാവാക്കയും ഉണ്ട്.

ഈ‌ കഴിഞ്ഞ സീസണും ഒരു പടി മുകളിൽ സെവൻസ് ലോകത്ത് തരംഗമാവാനും സെവൻസ് ലോകത്ത് പുത്തൻ കാഴ്ചകൾ അവതരിപ്പിക്കാനും സോക്കർസിറ്റിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സെവൻസ് ലോകവും ഫുട്ബോൾ പ്രേമികളും.