സോക്കർ അക്കാദമി പുത്തലം, സൗഹൃദങ്ങളുടെ ഒരു ഫുട്ബോൾ സ്വപ്നം

ഫുട്ബോൾ അക്കാദമികൾക്ക് പഞ്ഞമില്ലാത്ത മണ്ണായി കേരളം മാറാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. കാല്പന്തു കളിയെ സ്നേഹിക്കുന്നവർ അതൊരു നല്ലമാറ്റമായാണ് കരുതുന്നത്. കേരളത്തിലെ നൂറോളം അക്കാദമികളിൽ നിന്ന് സോക്കർ അക്കാദമി പുത്തലത്തെ എന്താണ് വേറിട്ടു നിർത്തുന്നത്? അഞ്ചു സുഹൃത്തുക്കളുടെ ഫുട്ബോളിനോടുള്ള സ്നേഹം മാത്രമാണ് സോക്കർ അക്കാദമി പുത്തലത്തിന് പിന്നിലുള്ളത്.

മലപ്പുറത്തെ ഏതു ചെറിയ ഗ്രാമത്തിലും കാണുന്നതു പോലെയുള്ള ഒരു കോച്ചിംഗ് ക്യാമ്പിൽ നിന്നാരംഭിച്ച് റെസിഡൻഷ്യൽ അക്കാദമി എന്ന കടമ്പയ്ക്ക് അടുത്തെത്തിയിരിക്കുന്ന സോക്കർ അക്കാദമി പുത്തലം മലയാളികളുടെ ഫുട്ബോൾ പ്രേമത്തിന്റെ മറ്റൊരു ഉദാഹരണമാണ്. പുത്തലത്തെ അഞ്ചു യുവാക്കൾ നാട്ടിലെ കുട്ടികൾക്ക് വൈകുന്നേരങ്ങളിലും പുലർച്ചയിലും പരിശീലനം നൽകിയും അവരെ ഒരുമിച്ച് ടീമാക്കി പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുപ്പിച്ചു തുടങ്ങുമ്പോൾ അക്കാദമി എന്നൊരു ആശയമൊന്നും ആരുടെ മനസ്സിലും ഉണ്ടായിരുന്നില്ല.

16 കുട്ടികൾക്ക് ക്യാമ്പ് നൽകി കൊണ്ട് തുടങ്ങിയ ആ ഫുട്ബോൾ സ്നേഹം ഇന്ന് നൂറിലധികം കുട്ടികൾക്ക് പന്തുകളിയുടെ ആദ്യ പാഠങ്ങൾ നൽകുന്ന കെ എഫ് എ അംഗീകൃത അക്കാദമിയായി മാറിയിരിക്കുന്നു. കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിന്റെ വല കാക്കുന്ന റാഷിദ് നാലകത്ത്, സുഹൃത്തുക്കളായ നിഷാദ് ടി ടി, ഫർഷാദ് ടി ടി, പ്രജീഷ് ഡി, മെഹ്ബൂബ് സി പി എന്നിവരാണ് നാളെയുടെ പ്രതീക്ഷയായ സോക്കർ അക്കാദമി പുത്തലത്തിന്റെ അണിയറയിലെ ആ അഞ്ചു ഫുട്ബോൾ പ്രേമികൾ.

ഇവരുടെ പരിശീലന ക്യാമ്പുകൾക്ക് കിട്ടിയ സ്വീകാര്യതയും അതിനെ തുടർന്ന് രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും കൂടുതൽ അന്വേഷണം ഉണ്ടായതുമാണ് ഒരു അക്കാദമിയായി തുടങ്ങുക എന്ന ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 20 കുട്ടികളെ വെച്ചാണ് അക്കാദമി ആരംഭിച്ചത്. കെ എഫ് എയുടെ അക്കാദമി രജിസ്ട്രേഷനു മൂന്നു ബാച്ചുകൾ വേണം എന്നുള്ളതു കൊണ്ട് നാലു ബാച്ചുകളിലായി അക്കാദമി വിപുലീകരിച്ചു. അണ്ടർ 13, അണ്ടർ 14, അണ്ടർ 17, അണ്ടർ 18 എന്നീ നാലു ബാച്ചുകളിലായി 107 കുട്ടികൾ ഇപ്പോൾ സോക്കർ അക്കാദമി പുത്തലത്തിൽ ഉണ്ട്.

തുടക്കത്തിൽ ഈ അഞ്ചു പേർ ചേർന്നായിരുന്നു പരിശീലനം നൽകിയിരുന്നത്. പിന്നീട് കുട്ടികൾക്ക് പ്രൊഫഷണൽ രീതിയിലുള്ള കോച്ചിംഗ് ഉറപ്പിക്കണമെന്ന് തീരുമാനിച്ചപ്പോൾ സഹായവുമായി മുൻ മഹീന്ദ്രാ യുണൈറ്റഡ് താരമായ അനീസ് കട്ടാട്ടിൽ എത്തി. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടേയും മുത്തൂറ്റ് അക്കാദമിയിലേയും കോച്ചായ അദ്ദേഹം ഒഴിവു സമയം കണ്ടെത്തി ഈ യുവാക്കളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി. യാതൊരു ഫീസും വാങ്ങാതെയാണ് അനീസ് കട്ടാട്ടിൽ സോക്കർ അക്കാദമി പുത്തലത്തിലെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന് സഹായവുമായി സഹോദരൻ ഹസീം കട്ടാട്ടിലുമുണ്ട്. ചെന്നൈ കസ്റ്റംസിൽ ജോലി ചെയ്യുന്ന മുൻ ഈസ്റ്റ് ബംഗാൾ താരമായിരുന്ന ഹസീം കട്ടാട്ടിലും ഇപ്പോൾ കുട്ടികൾക്ക് കോച്ചിംഗ് നൽകുന്നുണ്ട്.

കൂടാതെ സി ലൈസൻസ് കോച്ച് മുഹമ്മദ് അനാസിൽ കുട്ടികൾക്ക് ക്യാമ്പ് ഒരുക്കിയും, മറ്റൊരു സി ലൈസൻസ് കോച്ചായ ഷാഹനവാസ് അരീക്കോട് അണ്ടർ 13 , അണ്ടർ 14 വിഭാഗം കുട്ടികളെ പരിശീലിപ്പിച്ചും സോക്കർ അക്കാദമി പുത്തലത്തിന് ഒപ്പം തന്നെ ഉണ്ട്.

മറ്റു അക്കാദമികളിൽ നിന്ന് വ്യത്യസ്തമായി ദിവസേന ട്രെയിനിംഗ് കൊടുത്താണ് സോക്കർ അക്കാദമി പുത്തലം ഇപ്പോൾ മുന്നോട്ട് പോകുന്നത്. അണ്ടർ 18 കുട്ടികൾക്ക് ആഴ്ചയിൽ ഒരു ജിം സെഷനും അക്കാദമി നൽകുന്നുണ്ട്. അക്കാദമിയിൽ കുട്ടികൾക്ക് ഫുട്ബോളിന് പുറമെ അവരുടെ പാഠ്യപദ്ധതിക്ക് അനുസരിച്ച് ട്യൂഷനും കുട്ടികളെ നല്ല പൗരന്മാരായി വാർത്തെടുക്കാൻ ഉതകുന്ന ഭൗതിക ക്ലാസുകളും ഒരുക്കുന്നുണ്ട്. അരീക്കോട് എസ് ഐയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസുകളും അക്കാദമിയിലൂടെ കുട്ടികൾക്ക് കൊടുക്കുന്നു.

അക്കാദമിയുടെ പ്രവർത്തനത്തിൽ ഈ അഞ്ചു പേരുടെ കൂടെ ആറാമനായി എടുത്തു പറയേണ്ട വ്യക്തിത്വമാണ് എം പി ബി ഷൗക്കത്ത്. ഈ ചെറുപ്പക്കാരുടെ ശ്രമത്തെക്കുറിച്ചറിഞ്ഞ് എല്ലാ വിധ സഹായ സഹകരണങ്ങളുമായി എം പി ബി ഷൗക്കത്തലിയും അക്കാദമിയുടെ ഒപ്പം തന്നെയുണ്ട്. അക്കാദമിയുടെ രക്ഷാധികാരി സ്ഥാനം വഹിച്ച് പ്രവർത്തനങ്ങളിൽ പങ്ക് ചേരുന്നവരിൽ പ്രധാനികളാണ്  ഡി എഫ് എ പ്രസിഡന്റായ കാഞ്ഞിരാല കുഞ്ഞു മുഹമ്മദും യു ഷറഫലിയും. ഫുട്ബ ഇതിഹാസമായ യു ഷറഫലി ഈ യുവാക്കൾക്ക് പ്രചോദനം നൽകുകയും അക്കാദമിയിലെ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്യുന്നുണ്ട്.

അക്കാദമിയുടെ അമരക്കാരിൽ റാഷിദ് നാലകത്ത് മാത്രമാണ് ഫുട്ബോൾ കരിയറായി സ്വീകരിച്ചതായുള്ളൂ, ബാക്കി നാലു പേരും വിവിധ തൊഴിലുകൾ ചെയ്യുന്നതിനിടെ വലിയ സമയം മാറ്റിവെച്ച് അക്കാദമിക്കായി പ്രവർത്തിക്കുന്നവരാണ്. അഞ്ചു പേരിൽ മുതിർന്ന വ്യക്തിയായ നിഷാദ് ടി ടിയുടെ അക്കാദമിക്കായുള്ള സമർപ്പണം എടുത്തു പറയേണ്ടതാണ്. റാഷിദ് നാലകത്തിന്റെ ഫുട്ബോൾ കരിയറിലെ ഗുരുസ്ഥാനത്ത് നിന്ന് പ്രവർത്തിച്ചതും നിഷാദ് ടി ടി ആയിരുന്നു. അക്കാദമിയുടെ പ്രധാന ഊർജ്ജവും നിഷാദ് ടിടിയാണ്. റാഷിദ് കഴിഞ്ഞാൽ ഫുട്ബോളിൽ ഈ കൂട്ടത്തിൽ മുന്നേറിയിട്ടുള്ളത് പ്രജീഷ് ഡിയാണ്. അദ്ദേഹം മുമ്പ് കേരള അണ്ടർ 16 ടീമിൽ അംഗമായിരുന്നു. ഫർഷാദ് ടി ടി അക്കൗണ്ടന്റായും മെഹ്ബൂബ് സി പി ഫാർമസിസ്റ്റായും ജോലി ചെയ്യുകയാണ്. എല്ലാവരും ജോലിക്കും കരിയറിനും കുടുംബത്തിനും മുകളിൽ സമയം കണ്ടെത്തി ഈ അക്കാദമിക്ക് വേണ്ടിയും ഫുട്ബോളിനു വേണ്ടിയും പ്രവർത്തിക്കുന്നവരാണ്. അക്കാദമിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട  ചിലവുകൾ ഇവർ അഞ്ചു പേരും ഒപ്പം എം പി ബി ഷൗക്കത്തലിയും ചേർന്നാണ് വഹിക്കുന്നത്. നാട്ടുകാരുടെ എല്ലാ വിധ പിന്തുണയും സഹകരണവും ഇവർക്കൊപ്പം ഉണ്ട്.

എല്ലാവരേയും മികച്ച കളിക്കാരാക്കി മാറ്റാൻ ആവില്ല എങ്കിലും എല്ലാവർക്കും മികച്ച അവസരങ്ങൾ ഒരുക്കി കൊടുക്കാൻ സാധിക്കുന്നു എന്ന സംതൃപ്തിയാണ് ഇവരെ നയിക്കുന്നത്. പ്രാദേശിക ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വക്കാറുള്ള അക്കാദമിയിലെ കുട്ടികൾക്ക് കുറച്ചുകൂടെ വലിയ വേദികളിൽ പരിശീലന മത്സരങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സോക്കർ അക്കാദമി പുത്തലം. ഐ ലീഗ് ക്ലബായിരുന്ന ഡി എസ് കെ ശിവജിയൻസിന്റെ അക്കാദമി ടീമുമായി അടുത്തു തന്നെ ഒരു സൗഹൃദ മത്സരം സോക്കർ അക്കാദമി കളിക്കും. പൂനെ എഫ് സി അക്കാദമിയുമായും ബെംഗളൂരു എഫ് സിയുടെ അക്കാദമിയുമായും പരിശീലന മത്സരങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഈ വർഷത്തെ അണ്ടർ 18 ഐ ലീഗിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടവരിൽ  സോക്കർ അക്കാദമി പുത്തലത്തിന്റെ താരങ്ങളായ നവാസ്, നാഫിഹ്, അഭിജിത്, ഷെൻവിൻ എന്നിവരുമുണ്ട്. വരും വർഷങ്ങളിൽ അണ്ടർ 19 ഐ ലീഗും സുബ്രതോ കപ്പും റെസിഡൻഷ്യൽ അക്കാദമിയും ഒക്കെ സോക്കർ അക്കാദമി പുത്തലത്തിന്റെ പ്രതീക്ഷകളിൽ ഉണ്ട്. അതിനായുള്ള പരിശ്രമങ്ങളിലാണ് ഈ യുവാക്കൾ ഇപ്പോൾ.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial