കേരള പോലീസ് ബൂട്ടണിയാൻ ആറു പുതിയ മിന്നും താരങ്ങൾ

ഫുട്ബോളിൽ ഇത് ട്രാൻസ്ഫർ സീസണാണ് അങ്ങ് മാഞ്ചസ്റ്റർ മുതൽ ഇങ്ങ് കേരളം വരെ എല്ലാവിടെയും പുതിയ താരങ്ങൾ പുതിയ തട്ടകങ്ങളിലേക്ക് കയറുന്ന സമയം. ഇവിടെ കേരളത്തിൽ കേരള പോലീസിലേക്ക് തങ്ങളുടെ ഫുട്ബോൾ മികവ് കൊണ്ട് എത്തിയിരിക്കുകയാണ് ആറു താരങ്ങൾ. അഖിൽജിത്, ശ്രീരാഗ് അംബാടി, വിപിൻ തോമസ്, ഹർഷിദ്, ഹരി ബയ്സൺ, സുജിൽ എൻ എസ് എന്നീ താരങ്ങളാണ് കേരള പോലീസിന്റെ ബൂട്ടണിയാൻ പോകുന്നത്.

ഈ സീസണിലെ മികച്ച പ്രകടനമാണ് ആറു താരങ്ങളെയും കേരള പോലീസിൽ എത്തിച്ചത്. അടുത്തിടെ നടന്ന കേരള പ്രീമിയർ ലീഗിൽ കേരള പോലീസ് സെമി കാണാതെ മടങ്ങേണ്ടി വന്നിരുന്നു. കേരള പോലീസ് ടീമിന്റെ ഫുട്ബോൾ മികവിനെ ശക്തിപ്പെടുത്താനുള്ള നീക്കമായി വേണം ഈ താരങ്ങളെ പോലീസിലേക്ക് എത്തിച്ചതിനെ കാണാൻ. അടുത്ത വർഷം മുതൽ അഞ്ചു മാസം നീണ്ടു നിൽക്കുന്ന പ്രീമിയർ ലീഗ് നടത്താൻ കെ എഫ് എ അണിയറയിൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

 

സുജിൽ എൻ എസ്

സുജിൽ അഥവാ കണ്ണായി. പെരുമ്പാവൂർ സ്വദേശിയാണ് കണ്ണായി. നിർമ്മല കോളേജിനും അണ്ണാമലൈ യൂണിവേഴ്സിറ്റിക്കും എം ജി യൂണുവേഴ്സിറ്റിക്കും വേണ്ടി സെന്റർ ഹാഫായി തിളങ്ങിയിട്ടുണ്ട്. ഗോവൻ ക്ലബായ വാസ്കോ ഗോവയ്ക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള കണ്ണായി മുൻ കേരള പ്രീമിയർ ലീഗ് ചാമ്പ്യൻസായ ഈഗിൾസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ജേഴ്സിയും അണിഞ്ഞു.

ശ്രീരാഗ് അമ്പാടി

ശ്രീരാഗ് അംബാടി, തൃശ്ശൂർ ചാലിശ്ശേരി സ്വദേശിയാണ്. മുൻ ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്. ഈഗിൾസ് എഫ് സിയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടിയും ശ്രീരാഗ് തിളങ്ങിയിട്ടുണ്ട്. ഇടതു വിങ് ബാക്ക് ആണ് ശ്രീരാഗിന്റെ മികച്ച പൊസിഷൻ.

വിപിൻ തോമസ്

ചാലക്കുടിക്കാരനയ വിപിൻ തോമസ് ഡിഫൻഡറാണ്. സെന്റ് തോമസ് കോളേജിലൂടെയാണ് വളർന്നു വന്നത്. ക്രൈസ്റ്റ് കോളേജിനും നിർമല കോളേജിനു വേണ്ടിയും കളിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ചാമ്പ്യൻ ടീമിൽ അംഗമായിരുന്നു. മുമ്പ് അതിഥി താരമായി കെ എസ് ബിക്കു വേണ്ടിയും പ്രതിരോധം കാത്തിട്ടുണ്ട്.

അഖിൽജിത്

തൃശ്ശൂർ പറപ്പൂര് സ്വദേശിയാണ് അഖിൽജിത്. മധ്യനിരയിലാണ് അഖിൽജിത് മികവ് തെളിയിച്ചിട്ടുള്ളത്. കേരളവർമ്മ കോളേജിലൂടെയാണ് ആദ്യം തിളങ്ങിയത്. ആൾ ഇന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യനായ ടീമിൽ അംഗമായിരുന്നു.

ഹരിബയ്സൺ

തിരുവനന്തപുരം സ്വദേശിയാണ് ഹരി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് താരമായിരുന്നു. മുമ്പ് എസ് ബി ടിക്ക് അതിഥി താരമായി കളിച്ചിട്ടുണ്ട്. റൈറ്റ് ബാക്കാണ് ഹരിയുടെ മികച്ച പൊസിഷൻ. സത്യഭാമ യൂണിവേഴ്സിറ്റിക്കു വേണ്ടിയും ഹരി കളിച്ചിട്ടുണ്ട്.

 

ഹർഷിദ്

മലപ്പുറം സ്വദേശിയാണ് ഹർഷിദ്. കണ്ണൂർ യൂണിവേഴ്സിറ്റി താരമായിരുന്നു. പയ്യന്നൂർ കോളേജിലായിരുന്നു പഠനം. ആക്രമണ നിരയിൽ ഏതു പൊസിഷനിലും കളിക്കാനുള്ള മികവുള്ള താരമാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറയലിനെ ഞെട്ടിച്ച് റൊണാൾഡോ, മാഡ്രിഡിലേക്ക് തിരിച്ചില്ല
Next articleറോബി കീൻ കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് സൂചന