വയനാട്ടിൽ ആരുടെ അപാരതയെന്ന് ഇന്നറിയാം, പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

- Advertisement -

വയനാട് പ്രീമിയർ ലീഗിന്റെ കലാശകൊട്ട് ഇന്ന് കല്പറ്റയിൽ നടക്കും. അവസാന അങ്കത്തിന് ഇറങ്ങുന്നത് ഒരൊറ്റ പരാജയം പോലെ അറിയാതെ മുന്നേറിയ നോവ അരപറ്റയും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പരാജയത്തിൽ നിന്നു കയറിവന്ന സാസ്ക്ക് സുഗന്ധഗിരിയും.

സെമി ഫൈനലിൽ വയനാട് എഫ് സിയെ ഇരുപാദങ്ങളിലായി 9-3 എന്ന സ്കോറിനു തകർത്താണ് നോവ അരപറ്റ ഫൈനലിലേക്ക് കടന്നത്. പെരേരയും ജോയും എതിർഗോൾ മുഖത്ത് നടത്തുന്ന മികച്ച പ്രകടനമാണ് നോവ അരപറ്റയുടെ പ്രതീക്ഷയും കരുത്തും. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് നോവ അരപറ്റ ഗ്രൂപ്പ ഘട്ടം കടന്നത്.

എ എഫ് സി അമ്പലവയലിനോട് ആദ്യ മത്സരത്തിൽ 5-0 എന്ന വമ്പൻ പരാജയമേറ്റു വാങ്ങിയ സാസ്ക് ഇങ്ങനെ തിരിച്ചടിച്ച് ഫൈനൽ വരെ എത്തുമെന്ന് ആരും കരുതിയില്ല. സെമി ഫൈനലിൽ സാസ്ക് അട്ടിമറിച്ചത് സ്ഥിരതയാർന്ന പ്രകടനവുമായി മുന്നോട്ടു പോയിരുന്ന സ്പൈസസ് മുട്ടിലിനായിരുന്നു. ഇരുപാദങ്ങളിലുമായി 5-3 എന്ന സ്കോറിനാണ് സെമിയിൽ സ്പൈസസിനെ സാസ്ക് പരാജയപ്പെടുത്തിയത്.

ഇന്നത്തെ പോരാട്ടത്തിൽ നോവ അരപറ്റയ്ക്കാണ് ഇപ്പോഴും മുൻതൂക്കം കൽപ്പിക്കുന്നത് എങ്കിലും സാസ്കിന്റെ തിരിച്ചുവരവുകൾ കണ്ടിട്ടുള്ള വയനാട്ടിലെ ഫുട്ബോൾ പ്രേമികൾ സാസ്കിനു വേണ്ടിയും ഗ്യാലറിയിൽ ആരവങ്ങൾ ഒരുക്കും.

Advertisement