ലാഭം 20 ലക്ഷം, കണക്കുകൾ പുറത്തുവിട്ട് മാതൃകയായി വണ്ടൂർ സെവൻസ് കമ്മിറ്റി

വണ്ടൂർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി പല കമ്മിറ്റികളും കാണിക്കാൻ മടിക്കുന്ന കണക്ക് പുറത്തു വിട്ടിരിക്കുന്നു. കഴിഞ്ഞ മാസം അവസാനിച്ച ടൂർണമെന്റിലെ മുഴുവൻ കണക്കും ഒരു രൂപ തെറ്റാതെ‌ ഫുട്ബോൾ പ്രേമികളുടെ മുന്നിൽ വെച്ച് മാതൃകയായിരിക്കുകയാണ് വണ്ടൂർ സെവൻസ് കമ്മിറ്റി.

അമ്പതു ലക്ഷത്തോളം രൂപ വരവ് വന്ന ടൂർണമെന്റിൽ ചിലവുകൾ കഴിച്ച് ലാഭം ഇരുപതു ലക്ഷത്തോളമാണ്. അൽ മദീന ചെർപ്പുളശ്ശേരി, ഫിഫാ മഞ്ചേരി, സൂപ്പർ സ്റ്റുഡിയോ മലപ്പുറം തുടങ്ങി പല പ്രമുഖ ടീമുകൾക്കും കാലിടറിയിട്ടും ടൂർണമെന്റിൽ ടിക്കറ്റിൽ നിന്നു മാത്രം 40 ലക്ഷത്തോളം വരുമാനമുണ്ടായി. 26 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കെ ആർ എസ് കോഴിക്കോടും ഹയർ സബാൻ കോട്ടക്കലും തമ്മിലായിരുന്നു വണ്ടൂരിൽ ഫൈനൽ നടന്നിരുന്നത്. കെ ആർ എസ് കോഴിക്കോട് ക്വാർട്ടറിൽ ഫിഫാ മഞ്ചേരിയെ 3-0 എന്ന സ്കോറിന് മറിച്ചിട്ടിരുന്നു. പല ടൂർണമെന്റുകളും മോശം റഫറയിംഗ് കാരണം പഴി കേൾക്കുന്നെടുത്താണ് ‘കളിക്കുന്നവർ ജയിക്കട്ടെ എന്ന മുദ്രാവാക്യം’ വണ്ടൂർ ടൂർണമെന്റ് കമ്മിറ്റി ഉയർത്തി പിടിച്ചത്. ഹയർ സബാൻ കോട്ടക്കലായിരുന്നു വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ചാമ്പ്യന്മാരായത്.

വരവ് ചിലവ് എല്ലാവർക്കും മുന്നിൽ വ്യക്തമാക്കി കൊണ്ട് വണ്ടൂർ കമ്മിറ്റിയെ മറ്റുള്ള ടൂർണമെന്റുകളേക്കാൾ ഒരു ചുവട് മുന്നിലെത്തിയിരിക്കുകയാണ്. പല ടൂർണമെന്റ് കമ്മിറ്റിയും കണക്കുകൾ പുറത്തുവിടാൻ മടിക്കുമ്പോഴാണ് വണ്ടൂരിലെ ഈ ധീരമായ നടപടി.

ടൗൺ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ വണ്ടൂരിലും പരിസരത്തുമുള്ള എട്ടു ക്ലബുകൾ ചേർന്നാണ് ടൂർണമെന്റ് നടത്തിയത്. പരസ്യത്തിൽ നിന്നു ആറര‌ലക്ഷവും സീസൺ ടിക്കറ്റും വളണ്ടിയർ ബാഡ്ജുമായി 9.5 ലക്ഷവും അടക്കം 15 ലക്ഷം രൂപ ടൂർണമെന്റിനു പന്തുരുളും മുന്നേ വരവിലെത്തിക്കാൻ കഴിഞ്ഞത് വണ്ടൂർ കമ്മിറ്റിയുടെ‌ നേട്ടമായി. ഇത് ടൂർണമെന്റുകളുടെ വിജയത്തിനായി മറ്റു ടൂർണമെന്റുകൾക്കും മാതൃകയാക്കാവുന്നതാണ്.

ലാഭമായി കിട്ടിയ തുക നാടിന്റെ സേവനത്തിനായിരിക്കും ഉപയോഗിക്കുക. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും പാലിയേറ്റീവിനും നാട്ടിലെ നിർധനരായവർക്കു ഭക്ഷണവും മരുന്നും എത്തിച്ചു കൊടുത്ത് പരിരക്ഷ നൽകാനുമാണ് കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ തവണ ടൂർണമെന്റ് നടന്നപ്പോൾ കിട്ടിയ ലാഭം കൊണ്ട് പാലിയേറ്റീവിന് 12 ലക്ഷം രൂപാ വിലവരുന്ന വാഹനം വാങ്ങികൊടുത്ത് സഹായിച്ചിരുന്നു.

നോട്ട് പ്രതിസന്ധി രൂക്ഷമായതും മറ്റു നിയമപ്രശ്നങ്ങ്ങളും ടൂർണമെന്റിനു വെല്ലുവിളിയായിട്ടും അതൊക്കെ തരണം ചെയ്തു നാട്ടുകാരുടെ പിന്തുണ നേടി വൻ വിജയം നേടിയ ടൂർണമെന്റ് കമ്മിറ്റി അഭിനന്ദനം അർഹിക്കുക തന്നെ ചെയ്യുന്നു.

Previous articleടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ്
Next articleമുംബൈയെ തകർത്ത് മിനേർവക്ക് ആദ്യ വിജയം