വളാഞ്ചേരിയിലെ നിർത്തിവെച്ച മത്സരം നാളെ നടക്കും, റഫറിയുടെ തെറ്റ് തിരുത്തി

- Advertisement -

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിലെ വിവാദ മത്സരത്തിന്റെ ബാക്കി നാളെ നടക്കും. സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ലക്കി സോക്കർ ആലുവയും തമ്മിലുള്ള മത്സരം കഴിഞ്ഞ ദിവസം റഫറി നജീബിന്റെ തെറ്റായ തീരുമാനം കാരണം നിർത്തിവെച്ചിരുന്നു. ലക്കി സോക്കറിന് പെനാൾട്ടി അനുവദിക്കാത്തതായിരുന്നു പ്രശ്നം. ലക്കി സോക്കറിന് പെനാൾട്ടി അനുവദിച്ച് കൊണ്ട് ബാക്കി പത്തു മിനുട്ട് കളിക്കാനാണ് ഇപ്പോൾ കമ്മിറ്റിയും ടീമുകളും തീരുമാനിച്ചിരിക്കുന്നത്. അമപ്തു മിനുട്ട് പിന്നിട്ടിരുന്ന കളിയിൽ സൂപ്പർ സ്റ്റുഡിയോ 2-0 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുകയായിരുന്നു. വിവാദ തീരുമാനമെടുത്ത റഫറി നജീബിന് സംഘർഷത്തിൽ പരിക്കേറ്റതിനാൽ നാളെ മത്സരത്തിനുണ്ടാകില്ല.

വളാഞ്ചേരിയിൽ ആദ്യ മത്സരത്തിനു ശേഷം നടക്കുന്ന രണ്ടാം മത്സരത്തിൽ ഹയർ സബാൻ കോട്ടക്കലും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഏറ്റുമുട്ടും. അവസാനം കൊണ്ടോട്ടിയിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ദുരനുഭവം മറക്കാനാകും സബാൻ കോട്ടക്കൽ ബൂട്ടു കെട്ടുക. കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത അഞ്ചു ഗോളിന്റെ പരാജയമാണ് സബാൻ കോട്ടക്കലിന് ഏറ്റു വാങ്ങേണ്ടി വന്നത്. ഡി മറിയയുടെ ഹാട്രിക്കായിരുന്നു അന്ന് മദീനയുടെ വിജയം എളുപ്പമാക്കിയത്.

Advertisement