ശാസ്താ മെഡിക്കൽസിനെ നാലു ഗോളിന് തോൽപ്പിച്ച് ജിയോണി ഉഷാ എഫ് സി ഫൈനലിൽ

കൊടകര അഖിലേന്ത്യാ സെവൻസിൽ തൃശ്ശൂർ ശക്തികളായ ജിയോണി മൊബൈൽ ഉഷാ എഫ് സിയും ജിംഖാന തൃശ്ശൂരും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ജിയോണി ഉഷ പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ ലൈനപ്പായത്. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജിയോണി ഉഷ എഫ് സി ശാസ്തയെ തകർത്തത്. ശാസ്തയുടെ ഡിഫൻസ് തുടർച്ചയായ രണ്ടാം രാത്രിയും തകർന്നടിയുകയായിരുന്നു. കഴിഞ്ഞ ദിവസം ശാസ്താ മെഡിക്കൽസ് ടോപ്പ് മോസ്റ്റ് തലശ്ശേരിക്കെതിരെ അഞ്ചു ഗോളുകൾ വഴങ്ങിയിരുന്നു. ഇന്നലെ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജിംഖാന തൃശ്ശൂർ ഫൈനൽ ഉറപ്പിച്ചത്.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിന് ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി കൊണ്ട് വിജയവഴിയിലേക്ക് തിരിച്ചുവന്നു. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കു ശേഷമാണ് ഫിഫ മഞ്ചേരി ഒരു മത്സരം ജയിക്കുന്നത്. കുട്ടനാണ് ഫിഫ മഞ്ചേരിക്കു വേണ്ടി ഗോൾ നേടിയത്.

ചാലിശ്ശേരിയിൽ നടന്ന ഒന്നാം പാദ സെമിയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ഇനി രണ്ടാം പാദത്തിൽ സമനില മതിയാകും ഫൈനലിൽ എത്താൻ. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്കു വേണ്ടി ടുട്ടുവും, അബ്ദുള്ളയും മാക്സുമാണ് വലകുലുക്കിയത്.

പാലക്കാട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ അൽ ശബാബ് തൃപ്പനച്ചി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ലിൻഷാ മെഡിക്കൽസിന്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ഒളവണ്ണയിൽ ഫ്രണ്ട്സ് മമ്പാട് ജവഹർ മാവൂരിനെ ഒന്നിനെ രണ്ടു ഗോളുകൾക്ക് മറികടന്നു. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു ഫ്രണ്ട്സ് മമ്പാടിന്റെ ജയം. എടവണ്ണപ്പാറയിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് 3-1 എന്ന സ്കോറിന് എഫ് സി മുംബൈയേയും, കോട്ടപ്പടിയിൽ മെഡിഗാഡ് അരീക്കോട് 3-2 എന്ന സ്കോറിന് ലക്കി സോക്കർ ആലുവയേയും പരാജയപ്പെടുത്തി.