കൂത്തുപറമ്പിനെ ഗോളിൽ മുക്കി ടൗൺ ടീം അരീക്കോട്

ആദ്യം അൽ മദീന ചെർപ്പുള്ളശ്ശേരി മിനിഞ്ഞാന്ന് ശാസ്താ മെഡിക്കൽസ് ഇന്നലെ ഹണ്ടേഴ്സ് കൂത്തുപറമ്പ്.. മൂന്നു മത്സരങ്ങൾ ടൗൺ ടീം അരീക്കോട് അടിച്ചു കയറ്റിയത് 13 ഗോളുകൾ. തങ്ങൾ അർഹിച്ച വിജയങ്ങൾ അവസാനം ടൗൺ ടീം അരീക്കോടിനെ തേടി വരികയാണ്. ചാലിശ്ശേരിയിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ ഇറങ്ങിയ ടൗൺ ടീം അരീക്കോട് അറുപതു മിനുട്ടുകൾക്കിടയിൽ കൂത്തുപറമ്പിന്റെ വലയിലേക്ക് ആറു ഗോളുകളാണ് കൊണ്ടെത്തിച്ചത്. 6-2ന്റെ തകർപ്പൻ വിജയം. ഇന്ന് ചാലിശ്ശേരിയിൽ ലിൻഷാ മെഡിക്കൽസ് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

കൊടുവള്ളിയിൽ മാത്രമല്ല പൊന്നാനിയിലും മെഡിഗാഡ് അരീക്കോടിന് ഇന്നലെ പിഴച്ചു. സ്കൈ ബ്ലൂ എടപ്പാളിനെതിരെ ഇറങ്ങിയ മെഡിഗാഡ് രണ്ടിനെതിരെ നാലു ഗോളുകളുടെ പരാജയമാണ് ഇന്നലെ ഏറ്റുവാങ്ങിയത്. മമ്പാട് അഖിലേന്ത്യാ സെവൻസിൽ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവ മൂന്നിനെതിരെ നാലു ഗോളുകൾക്ക് എഫ് സി പെരിന്തൽമണ്ണയെ പരാജയപ്പെടുത്തി. മമ്പാട് നാളെ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി അഭിലാഷ് എഫ് സി കുപ്പൂത്ത് പോരാട്ടമാണ്.

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ചു. കാഞ്ഞങ്ങാട് നടന്ന മത്സരത്തിൽ എഫ് സി തൃക്കരിപ്പൂരിനെ ടോപ്പ് മോസ്റ്റ് തലശ്ശേരി സഡൻ ഡെത്തിലാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിക്കുകയായിരുന്നു.

Previous articleനായകന്റെ മികവിൽ പുണെക്ക് ഉജ്വല ജയം
Next articleആഷിഖ് ഉസ്മാന്റെ മാന്ത്രിക ഫ്രീ കിക്ക്, കൊയപ്പയിൽ ബ്ലാക്ക് & വൈറ്റിനു ജയം