ചാലിശ്ശേരിയിൽ ഉയർത്തെഴുന്നേറ്റ് ജവഹർ മാവൂർ

കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ നടന്ന മറക്കാൻ ശ്രമിക്കുന്ന ദിവസത്തിൽ നിന്ന് ജവഹർ മാവൂർ ചാലിശ്ശേരിയിൽ ഉയർത്തെഴുന്നേറ്റു. കൊടുവള്ളിയിൽ വിവാദങ്ങൾ കളിച്ചെങ്കിൽ ചാലിശ്ശേരിയിൽ പന്തുകളി തന്നെ നടന്നു. എഫ് സി പെരിന്തൽമണ്ണയ്ക്കെതിരെ ഇറങ്ങിയ ജവഹർ ആദ്യമൊന്നു പതറിയെങ്കിലും ശക്തമായ വിജയം തന്നെ ചാലിശ്ശേരിയിൽ നേടി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. ഇന്ന് ചാലിശ്ശേരിയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൊടുവള്ളി കഴിഞ്ഞ് പാലത്തിങ്ങൽ ഇറങ്ങിയ ഫിഫാ മഞ്ചേരിയെ അവിടെയും വിവാദം പിന്തുടർന്നു. ഹിറ്റ് വെൽ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തി എങ്കിലും മത്സരത്തിൽ റഫറി ഫിറ്റ് വെൽ താരത്തിനു കൊടുത്ത ചുവപ്പ് കാർഡ് കളിയെ വിവാദത്തിലേക്ക് കൊണ്ടെത്തിക്കുക ആയിരുന്നു. മത്സരം സംഘർഷം കാരണം കുറച്ചു സമയം നിർത്തി വെക്കേണ്ടി വന്നു. ഫിഫയ്ക്ക് വേണ്ടി കുട്ടനും ഫ്രാൻസിസും ഇന്ന് ഗോൾ കണ്ടെത്തി. ജയത്തോടെ ഫിഫ തുടർച്ചയായ പതിനൊന്ന് വിജയങ്ങൾ എന്ന മികച്ച കുതിപ്പ് തുടരുന്നു.