റാഫി കളിച്ചു റാസിയടിച്ചു, എഫ് സി തൃക്കരിപ്പൂരിന് മിന്നും ജയം

സ്കോർ 2-2 , കളിതീരാൻ ഒരു വിസിലിന്റെ ദൂരം. പന്തു കൈക്കലാക്കി എഫ് സി തൃക്കരിപ്പൂരിന്റെ ജേഴ്സിയിൽ മുഹമ്മദ് റാസി  ശാസ്താ മെഡിക്കൽസ് ഗോൾമുഖത്തേക്ക് കുതിച്ചു. ത്വാഹ എന്ന ഗോൾകീപ്പറെ വഴിതിരിച്ച് പന്തിനെ വലയിലേക്കു വിട്ട് റാസിയുടെ ഗംഭീര ഫിനിഷ്. ഗ്യാലറി ആർത്തു വിളിച്ചു റാസിയുടെ നാമം. എഫ് സി തൃക്കരിപ്പൂർ 3-2 ശാസ്താ മെഡിക്കൽസ് തൃശ്ശൂർ

റാഫിയും റാസിയും എൻ പി പ്രദീപും എല്ലാവരും ഇറങ്ങിയിട്ടും ലയണൽ തോമസിന്റെ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ എളുപ്പം മറികടക്കാൻ വണ്ടൂരിന്റെ മണ്ണിൽ എഫ് സി തൃക്കരിപ്പൂരിനായില്ല. തുടക്കത്തിൽ റാസിയിലൂടെ എഫ് സി തൃക്കരിപ്പൂർ ലീഡ് നേടി. പക്ഷെ ശാസ്താ മെഡിക്കൽസ് പതറിയില്ല. ഓരോ പാദങ്ങളിലും ഓരോ ഗോൾ വീതമടിച്ച് ശാസ്താ 2-1 എന്ന സ്കോറിനു മുന്നിലെത്തി. ബാബു കാപിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂരിന് തോൽക്കാൻ മനസ്സില്ലായിരുന്നു, റാഫി-റാസി-പ്രദീപ് നിര നിരന്തരമായി ശാസ്താ മെഡിക്കൽസ് ഗോൾ മുഖത്തേക്ക് കുതിച്ചു. അവസാന നിമിഷം ഒരാക്രമണത്തിനൊടുവിൽ എഫ് സി തൃക്കരിപ്പൂരിനനുകൂലമായ പെനാൾട്ടി. കിക്കെടുത്ത അബ്ദുള്ളയ്ക്ക് പിഴച്ചില്ല, 2-2. പിന്നീടായിരുന്നു മുഹമ്മദ് റാസി എന്ന തൃക്കരിപ്പൂരിന്റെ അഭിമാന താരത്തിന്റെ ഫിനിഷ്. കളിയിലുടനീളം ശാസ്താ മെഡിക്കൽസ് ഗോൾകീപ്പർ താഹ മികച്ചു നിന്നു.

മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരിയും മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും നേർക്കുനേർ വന്നപ്പോൾ ഗാലറി നിറഞ്ഞു. പക്ഷെ ഇരുടീമുകളുടേയും ഗോൾവല അനങ്ങിയില്ല. വിരസമായ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഫിഫാ മഞ്ചേരി നാലാം തവണയും മുസാഫിർ എഫ് സി അൽ മദീനയെ കീഴടക്കാൻ കഴിയാതെ മടങ്ങി. ആര് ഫൈനലിലേക്ക് കടക്കുമെന്നറിയാൻ രണ്ടാം പാദ സെമിക്ക് വേണ്ടി കാത്തിരിക്കണം.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അഞ്ചാം രാത്രി ഇറങ്ങിയ ആതിഥേയരായ സിദ്രാ വെഡ്ഡിംഗ്സ് സ്കൈ ബ്ലൂ എടപ്പാൾ രണ്ടിനെതിരെ നാലു ഗോളുകൾക്ക് എഫ് സി മുംബൈയെ തകർത്തു. തുടർച്ചയായ ഏഴു പരാജയങ്ങൾ ഏറ്റു വാങ്ങി സീസണിൽ തളർന്നിരിക്കുകയായിരുന്ന സ്കൈ ബ്ലൂ എടപ്പാളിന് സ്വന്തം നാട്ടിലെ മണ്ണു തന്നെ വേണ്ടി വന്നു വിജയവഴിയിലേക്ക് തിരിച്ചു വരാൻ.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ജിയോണി മൊബൈൽ ഉഷാ എഫ് സി റീമാച്ചായിരുന്നു. ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിന് സമനില പാലിച്ചതു കൊണ്ടാണ് കളി മാറ്റിവെച്ചിരുന്നത്. പക്ഷെ റീമാച്ചിൽ മെഡിഗാഡ് അരീക്കോടിന് കാലിടറി. കഴിഞ്ഞ ദിവസം ഫിഫാ മഞ്ചേരിയെ നിലമ്പരിശാക്കിയ മെഡിഗാഡ് ആയിരുന്നില്ല ഉഷാ എഫ് സിക്കെതിരെ. എതിരില്ലാത്ത മൂന്നു ഗോളിന് ഉഷാ എഫ് സി അനായാസം മെഡിഗാഡ് അരീക്കോടിനെ മറികടന്നു.

പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അഭിലാഷ് എഫ് സി കുപ്പൂത്തിനെ പരാജയപ്പെടുത്തി. ബേക്കലിൽ എഫ് സി കൊണ്ടോട്ടി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോടിനെ കീഴടക്കി.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal