ഷൂട്ടൗട്ടിൽ വിജയിച്ച് എഫ് സി തൃക്കരിപ്പൂർ

- Advertisement -

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് കൊണ്ട് എഫ് സി തൃക്കരിപ്പൂർ സെവൻസ് സീസണിലേക്കുള്ള തങ്ങളുടെ വരവറിയിച്ചു. ഷൂട്ടൗട്ടിലാണ് ആതിഥേയരായ എ വൈ സി ഉച്ചാരക്കടവിനെ എഫ് സി തൃക്കരിപ്പൂർ മറികടന്നത്‌. കർക്കടാംകുന്നിലെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിലേക്ക് ഈ ജയത്തോടെ എഫ് സി തൃക്കരിപ്പൂർ കടന്നു. പ്രീ ക്വാർട്ടറിൽ നവംബർ ഇരുപതാം തീയതി മെട്ടമ്മൽ ബ്രദേഴ്സിന്റെ കെ എഫ് സി കാളിക്കാവിനെ നേരിടും

ആദ്യ പകുതിയിൽ മുഫസ്സിലിന്റെ ഗോളിലൂടെ ബാബു ‌കാപിച്ചാൽ പരിശീലിപ്പിക്കുന്ന എഫ് സി തൃക്കരിപ്പൂരാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് സമനില ഗോൾ നേടി ഉച്ചാരക്കടവ് ടീമായ എ വൈ സി ഉച്ചാരക്കടവ് കളിയിലേക്ക് തിരിച്ച് വന്നു. ഫോർവാർഡ് റിജുവിന്റെ ഗോളിലൂടെ രണ്ടാം പകുതിയിൽ വീണ്ടും എഫ് സി തൃക്കരിപ്പൂർ മുന്നിലെത്തിയെങ്കിലും വിവാദമായ പെനാൾട്ടി തീരുമാനത്തിലൂടെ എ വൈ സി പെനാൾട്ടി സ്പോട്ടിൽ നിന്ന് രണ്ടാം ഗോൾ കണ്ടെത്തി. നിശ്ചിത സമയത്ത് 2-2 എന്ന സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ശരത്തിന്റെ മികവിൽ എഫ് സി തൃക്കരിപ്പൂർ 3-1ന് വിജയിക്കുകയായിരുന്നു.

ഇന്നു നടക്കുന്ന ആദ്യ റൗണ്ട് മത്സരത്തിൽ അമിജാദ് അൽ മിൻഹാൻ വളാഞ്ചേരി, മമ്പാടിൽ നിന്നു വരുന്ന അബഹാ ഫിഷറീസ് സർവീസിന്റെ ഫ്രണ്ട്സ് മമ്പാടിനെ നേരിടും. മത്സരം രാത്രി 8.30ന് ആരംഭിക്കും.

Advertisement