മലപ്പുറത്തിന്റെ മഞ്ഞപ്പട ഫിഫാ മഞ്ചേരിയുടെ കണക്കു തീർത്തു

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പക വീട്ടി. എടത്തനാട്ടുകരയിൽ തങ്ങളെ സെമിയിൽ പുറത്താക്കിയ ഫിഫാ മഞ്ചേരിയെ മുണ്ടൂരിൽ തകർത്തുകൊണ്ടായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറം കണക്കു പറഞ്ഞത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. തുടക്കം മുതലേ ഫിഫയുടെ മേൽ ആധിപത്യം സ്ഥാപിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഗോൾ, രണ്ടു തവണയാണ് ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത്. ആദ്യ പകുതിക്കു മുന്നേ പക്ഷെ തങ്ങളുടെ പ്രകടനത്തിനുള്ള ഫലം സൂപ്പറിന് കിട്ടി, സൂപ്പർ 1-0.

രണ്ടാം പകുതിയിലും കളി സൂപ്പറിന്റെ നിയന്ത്രണത്തിൽ തന്നെ ആയിരുന്നു. ഇർഷാദിലൂടെ രണ്ടാം ഗോളു കൂടെ നേടിയ മലപ്പുറത്തിന്റെ മഞ്ഞപ്പട ഫിഫാ മഞ്ചേരിക്ക് ടൂർണമെന്റിനു പുറത്തേക്കുള്ള വഴികാട്ടി. പക്ഷെ കളി തീരാൻ വെറും അഞ്ചു മിനുട്ട് മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ ഫിഫാ മഞ്ചേരി ഉണർന്നു. ഒരു ഗോൾ മടക്കി കൊണ്ട് ഫിഫാ മഞ്ചേരി കളിയിലേക്ക് തിരിച്ചു വന്നു എങ്കിലും സമയം ഫിഫയ്ക്കെതിരായി. ഫൈനൽ വിസിൽ വീണപ്പോൾ ഫിഫ പുറത്ത്, സൂപ്പറിന് സൂപ്പർ വിജയം.

ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറി പുതിയ കഥയല്ല. ഇന്നു രണ്ടു ചുവപ്പു കാർഡുകൾ വാങ്ങിയിട്ടു വരെ ലക്കി സോക്കർ ആലുവ തളർന്നില്ല. ശക്തരായ ജിയോണി മൊബൈൽ ഉഷാ എഫ് സിയെ വളാഞ്ചേരിയുടെ തട്ടകത്തിൽ ലക്കി സോക്കർ ആലുവ തകർത്തെറിഞ്ഞു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. ഫിഫാ മഞ്ചേരിയേയും മെഡിഗാഡ് അരീക്കോടിനേയും ഇതിനു മുമ്പ് ലക്കി സോക്കർ ആലുവ ഞെട്ടിച്ചിരുന്നു.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് മികച്ച വിജയം. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുളശ്ശേരി കൊണ്ടോട്ടിയിൽ കീഴടക്കിയത്. ആൽബർട്ടിന്റെ ഇരട്ട ഗോളുകളാണ് അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം എളുപ്പമാക്കിയത്. ചെർപ്പുളശ്ശേരിയുടെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

 

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിനെ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയം. കഴിഞ്ഞ തവണ തുവ്കൂരിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞതു കൊണ്ടാണ് വീണ്ടും ഏറ്റുമുട്ടേണ്ടി വന്നത്. അഡബയോറാണ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ വിജയഗോൾ നേടിയത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement