സൂപ്പറിന്റെ വിജയ കുതിപ്പിന് അന്ത്യം കുറിച്ച് ബ്ലാക്ക്‌ & വൈറ്റ് കോഴിക്കോട്

തുടർച്ചയായ പതിമൂന്നു വിജയങ്ങൾ എന്ന റെക്കോർഡ് ഇട്ട സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയ കുതിപ്പിന് അവസാനം കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അന്ത്യമായി. കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയത്. സൂപ്പർ വഴങ്ങിയ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ബ്ലാക്ക് & വൈറ്റിനെ അധികം താമസിയാതെ തന്നെ സമനില വഴങ്ങേണ്ടി വന്നു. പക്ഷെ രണ്ടാം പകുതിയിൽ റാഷിദും ആഷിഖ് ഉസ്മാനും ബ്ലാക്കിനു വേണ്ടി വല കുലുക്കിയപ്പോൾ സൂപ്പറിന് പതിനാലു മത്സരങ്ങൾക്കിടയിലെ ആദ്യ പരാജയം രുചിക്കേണ്ടി വന്നു.


എടപ്പാളിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയും അൽ ശബാബ് ത്രിപ്പനച്ചിയും നേർക്കുനേർ വന്ന മത്സരം ഷൂട്ടൗട്ട് വരെ എത്തി. മൈക്കളിലൂടെ മുന്നിലെത്തിയ അൽ ശബാബ് മദീനയെ ഞെട്ടിച്ചു എങ്കിലും പതിവു പോലെ ആൽബർട്ട് മദീനയുടെ രക്ഷകനായി. കളി നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 ആയി തുടർന്നു. പെനാൾട്ടിയിൽ പക്ഷെ 5-3 എന്ന സ്കോറിന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ചു.
കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ വാശിയേറിയ പോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂർ പൊരുതി ജയിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി തൃക്കരിപ്പൂർ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ എ വൈ സി ആക്രമണങ്ങൾ അഴിച്ചു വിട്ടുവെങ്കിലും ജയം എഫ് സി തൃക്കരിപ്പൂർ സ്വന്തമാക്കുകയായിരുന്നു. ഇതു രണ്ടാം തവണയാണ് സീസണിൽ എ വൈ സി ഉച്ചാരക്കടവ് എഫ് സി തൃക്കരിപ്പൂരിനു മുന്നിൽ പരാജയപ്പെടുന്നത്.
മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ജിയോണി മൊബൈൽ ഉഷാ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് ബേസ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. രണ്ടു തവണ സീസണിൽ ബേസ് പെരുമ്പാവൂരിനു മുന്നിൽ ഉഷാ എഫ് സി പരാജയപ്പെട്ടിരുന്നു. പക്ഷെ മഞ്ചേരിയിൽ ഉഷാ എഫ് സി വിട്ടു കൊടുത്തില്ല.

 

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleലോകത്തെ മുഖ്യ ഫുട്ബോൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫറുകൾ
Next articleകുപ്പൂത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ഇറങ്ങുന്നു