ഫൈനൽ കാണണമെങ്കിൽ സൂപ്പർ സ്റ്റുഡിയോക്കും മുസാഫിർ എഫ് സി അൽ മദീനക്കും തിരിച്ചടിച്ചേ പറ്റൂ

അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം, മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി, സെവൻസ് ഫുട്ബോളിലെ ഈ രണ്ടു വമ്പന്മാർക്കും ഇന്നു മരണപോരാട്ടങ്ങളാണ്. എടപ്പാൾ അഖിലേന്ത്യാ സെവൻസ് സെമി രണ്ടാം പാദ മത്സരത്തിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ഇന്നിറങ്ങുകയാണ്. ആദ്യ പാദ മത്സരത്തിൽ 2-0തിനു വിജയിച്ച ശാസ്താ മെഡിക്കൽസ് തൃശ്ശൂരിന് സമനില മതിയാകും തങ്ങളുടെ സീസണിലെ ആദ്യ ഫൈനൽ കാണാൻ. സൂപ്പറിനാകട്ടെ ജയിച്ചാലും എക്സ്ട്രാ ടൈമിലോ പെനാൾട്ടിയിലോ ശാസ്തയേ മറികടക്കേണ്ടി വരും ഫൈനലിനെത്താൻ. സൂപ്പർ സ്റ്റുഡിയോ മലപ്പുറം സീസണിൽ ആദ്യമായി മോശം പ്രകടനങ്ങളിലൂടെ കടന്നു പോവുകയാണിപ്പോൾ.

അൽ മദീന ചെർപ്പുളശ്ശേരി ഇന്നിറങ്ങുന്നത് എ വൈ സി ഉച്ചാരക്കടവിനെതിരെയാണ്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ രണ്ടാം പാദത്തിന്. അൽ മദീന ചെർപ്പുളശ്ശേരി കഴിഞ്ഞ ദിവസം ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എ വൈ സി ഉച്ചാരക്കടവിനോട് പരാജയം അറിഞ്ഞിരുന്നു. ഇന്നു ഫൈനൽ കാണണമെങ്കിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് ജയിച്ചേ മതിയാവൂ. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ടാണ് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി വരുന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആവേശ പോരാട്ടമാണ്. കരുത്തരായ ഹയർ സബാൻ കോട്ടക്കലും മികച്ച ഫോം കണ്ടെത്താൻ വിഷമിക്കുന്ന ബ്ലാക്ക് & വൈറ്റ് കോഴിക്കോടും തമ്മിലാണ് മഞ്ചേരിയിൽ മത്സരം. ബ്ലാക്കിനെതിരെ പട്ടാമ്പിയിൽ ഹയർ സബാൻ കോട്ടക്കൽ ഏറ്റുമുട്ടിയപ്പോൾ വിവാദ ഗോളിൽ ബ്ലാക്ക് ജയിച്ചിരുന്നു. ആ പരാജയത്തിന്റെ കണക്കു തീർക്കാൻ കൂടിയാകും സബാൻ കോട്ടക്കൽ ഇന്നിറങ്ങുക.

മറ്റു മത്സരങ്ങളിൽ തുവ്വൂരിൽ കെ ആർ എസ് കോഴിക്കോടും ബേസ് പെരുമ്പാവൂരിനെ നേരിടും. കുപ്പൂത്ത് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജിയോണി മൊബൈൽ ഉഷാ എഫ് സിയും മെഡിഗാഡ് അരീക്കോടും തമ്മിൽ ഏറ്റുമുട്ടും. കൊണ്ടോട്ടിയിൽ എ വൈ സി ഉച്ചാരക്കടവും സ്കൈ ബ്ലൂ എടപ്പാളും തമ്മിലാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal