സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സ്റ്റോപ്പില്ല, തുടർച്ചയായ പത്താം ജയം

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാന തൃശ്ശൂരിനെ മറികടന്നത്. ആധിപത്യം നേടാനായിട്ടും നിരവധി അവസരങ്ങൾ കളഞ്ഞു കുളിച്ച സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ രക്ഷകനായത് മൂസയായിരുന്നു. കളി അവസാനിക്കാൻ എട്ടുമിനുട്ടു മാത്രം ശേഷിക്കേ മൂസ നേടിയ ഗോളിനാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയിച്ചു കയറിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ പത്താം വിജയമാണിത്. സീസണിൽ ആദ്യമായാണ് ഒരു ടീം പത്തു മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തി. ഡി മറിയയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു മദീനയുടെ ജയം. ഷിബിനിലൂടെ ആദ്യം മുന്നിലെത്തിയ മുസാഫിർ എഫ് സിയെ എ വൈ സി ഉജ്ജ്വല നീക്കത്തിലൂടെ 1-1ന് സമനില പിടിച്ചു. പക്ഷെ പിന്നീടങ്ങോട്ട് അൽ മദീനയുടെ തേരോട്ടമായിരുന്നു. ആൽബർട്ടും ഡി മറിയയും ഗോളുകളുമായി വന്നപ്പോൾ എ വൈ സി പരാജയം സമ്മതിക്കുകയായിരുന്നു.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ എം പി സക്കീർ അടങ്ങിയ ടൗൺ ടീം അരീക്കോടിനെ അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തി. ഐ എസ് എൽ താരം എം പി സക്കീർ അണിനിരന്ന ശക്തമായ ലൈനപ്പുണ്ടായിട്ടും ടൗൺ ടീം അരീക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തി. അവസാന നാലു മത്സരങ്ങളും പരാജയപ്പെട്ടിരുന്ന ഫ്രണ്ട്സ് മമ്പാടിന് ഈ വിജയം ആശ്വാസമാകും.

എടത്തനാട്ടുകരയിലെ പോരാട്ടം സെവൻസ് ഫുട്ബോൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത പോരാട്ടമായി മാറി. ഫിഫാ മഞ്ചേരിയും ജവഹർ മാവൂരും നേർക്കുനേർ വന്ന മത്സരത്തിൽ കുട്ടന്റേയും ഫ്രാൻസിസിന്റേയും ഗോളിൽ ഫിഫാ മഞ്ചേരി 2-0നു മുന്നിലെത്തിയെങ്കിലും ജവഹർ മാവൂർ കളിയിലേക്കു തിരിച്ചു വരാൻ ശക്തമായ ശ്രമങ്ങൾ നടത്തികൊണ്ടിരുന്നു. ജവഹർ മാവൂരിന്റെ ശ്രമം ആദ്യമായി ഗോളിലേക്കെത്തിയപ്പോൾ റഫറി ഓഫ്സൈഡ് വിളിച്ചു. ഫിഫാ മഞ്ചേരിയുടെ കളിക്കാരൻ മുന്നിൽ ഉണ്ടായിട്ടും ഓഫ് സൈഡ് വിളിച്ചതിൽ പ്രതിഷേധിച്ച് തർക്കം ഉടലെടുക്കുകയും, കളിക്കളം തികച്ചും നാടകീയ രംഗങ്ങൾക്ക് വേദിയാവുകയും ചെയ്തു. തർക്കങ്ങൾക്ക് വിരാമമിട്ട് അര മണിക്കൂറിനു ശേഷം കളി പുനരാരംഭിച്ചു എങ്കിലും വിജയം ഫിഫാ മഞ്ചേരിയോടൊപ്പം തന്നെ നിന്നു.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ മിൻഹാൽ വളാഞ്ചേരിയുടെ വിജയം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleകേരളത്തിനെതിരെ തമിഴ്നാടിനു 5 വിക്കറ്റ് ജയം
Next articleകോട്ടക്കലിൽ ഫൈനൽ തേടി ബേസ് പെരുമ്പാവൂരും ഫിഫാ മഞ്ചേരിയും