സൂപ്പറിൽ സൂപ്പറായി സ്റ്റുഡിയോ, തുടർച്ചയായ ഒമ്പതാം വിജയം

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത നാലു ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ തകർത്തു. ഏകപക്ഷീയമായ മത്സരത്തിൽ നാലു ഗോളുകളും ആദ്യ പകുതിയിൽ തന്നെ സൂപ്പർ സ്റ്റുഡിയോ നേടി. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനു വേണ്ടി മാക്സ് ഇരട്ട ഗോളുകൾ നേടി. പാട്രികും ഇർഷാദുമാണ് ബാക്കിയുള്ള രണ്ടു ഗോളുകൾ നേടിയത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ തുടർച്ചയായ ഒമ്പതാം ജയമാണിത്.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ബേസ് പെരുമ്പാവൂർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ പരാജയപ്പെടുത്തി. ബേസ് പെരുമ്പാവൂരിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ പരാജയപ്പെടുത്തിയ ബേസ് ഇന്ന് അനായാസമായാണ് അൽ മിൻഹാൽ വളാഞ്ചേരിയെ മറികടന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി വിജയ വഴിലേക്ക് തിരിച്ചു വന്നു. കിംഗ്സ് ലീ ഇല്ലാതെ ഇറങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന്റെ‌ വിജയം. അഡബയോർ രണ്ടു ഗോളുകൾ നേടിയപ്പോൾ ആഷിഖ് ഉസ്മാനും ഏലിയാസും ഓരോ ഗോൾ വീതം നേടി.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകൾ മടക്കി എ വൈ സി ഉച്ചാരക്കടവ് വൻ തിരിച്ചുവരവ് നടത്തി. കെ ആർ എസ് കോഴിക്കോടിനെതിരെ അവസാന നിമിഷങ്ങളിലായിരുന്നു എ വൈ സി ഉച്ചാരക്കടവിന്റെ അവിസ്മരണീയ പോരാട്ടം. കളി 2-1 എന്ന സ്കോറിന് എ വൈ സി വിജയിച്ചു.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും കെ എഫ് സി കാളിക്കാവും തമ്മിലുള്ള മത്സരം ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. കളിയിലെ വിജയികളെ തീരുമാനിക്കാൻ വേണ്ടി ഇരു ടീമുകളും മാവൂരിൽ ഒരുതവണ കൂടി ഏറ്റുമുട്ടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleഗോകുലം എഫ് സി യാത്ര തുടങ്ങി
Next articleഇന്നു ഫിഫാ മഞ്ചേരിയെ തടയാൻ ജവഹർ മാവൂർ