
കഴിഞ്ഞ ദിവസം കോട്ടക്കലിൽ സെമിയിൽ ബ്ലാക്കിനു മുന്നിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെട്ടപ്പോൾ അവസാനിച്ചത് ഈ സീസണിലെ ഏറ്റവും കൂടുതൽ തുടർവിജയങ്ങൾ എന്ന റെക്കോർഡ് കുതിപ്പായിരുന്നു. സീസൺ തിരക്കിനിടയിൽ ആ വിജയ തേരോട്ടം സ്മരിക്കപ്പെടാതെ പോകരുത്.
പതിനാലു മത്സരങ്ങൾക്കു മുന്നേ കോട്ടക്കലിൽ കെ ആർ എസ് കോഴിക്കോടിനെതിരെ ഇറങ്ങുമ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഫോം ആടിയുലയുന്ന ഒന്നായിരുന്നു. അതിനു മുന്നേയുള്ള ആറു മത്സരങ്ങളിൽ വെറും രണ്ടു വിജയം. മൂന്നു പരാജയങ്ങളും ഒരു സമനിലയും. സൂപ്പർ പക്ഷെ എല്ലാവരും സംശയിക്കാൻ തുടങ്ങിയെടുത്ത് നിന്ന് സൂപ്പറായി തിരിച്ചു വന്നു. കെ ആർ എസ് കോഴിക്കോടിനെതിരെ 3-1 എന്ന സ്കോറിന് വിജയിച്ചു തുടങ്ങിയ സൂപ്പറിനെ പിടിച്ചു കെട്ടാൻ പിന്നെ ആർക്കും ആയില്ല. അടുത്ത അഞ്ചു മത്സരങ്ങളിൽ ആകെ വഴങ്ങിയത് ഒരു ഗോൾ, നാലു ക്ലീൻ ഷീറ്റുകൾ. സെവൻസ് ഫുട്ബോളിൽ തുടർച്ചയായി നാലു കളികളിൽ ഗോൾ വഴങ്ങാതിരിക്കുക എന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല.
മാവൂരും മഞ്ചേരിലും കുപ്പൂത്തും എടപ്പാളും എടത്തനാട്ടുകരയിലും ഒക്കെ സൂപ്പർ വിജയക്കൊടി പറപ്പിച്ചു. തുടർച്ചയായ 13 വിജയങ്ങൾ, കോട്ടക്കലിൽ തുടങ്ങി കോട്ടക്കലിൽ ആ കുതിപ്പിൽ പരാജയപ്പെടുത്തിയ ടീമുകളും ചില്ലറക്കാറായിരുന്നില്ല. അൽ മദീന ചെർപ്പുളശ്ശേരി, ബ്ലാക്ക് & വൈറ്റ് കോഴിക്കോട്, ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്, ജിംഖാന തൃശ്ശൂർ, ജവഹർ മാവൂർ എന്നിങ്ങനെ പോകുന്നു സൂപ്പറിന്റെ മുന്നിൽ വീണ വമ്പന്മാരുടെ പേരുകൾ. തുടർച്ചയായ എട്ടു വിജയങ്ങൾ നേടിയ അൽ മദീന ചെർപ്പുളശ്ശേരിക്കായിരുന്നു ഇതിനു മുന്നേ സീസണിലെ ഏറ്റവും കൂടുതൽ വിജയങ്ങളുടെ റെക്കോർഡ്.
മറ്റു ടീമുകളെ പോലെ ഒന്നോ രണ്ടോ കളിക്കാരിൽ കേന്ദ്രീകരിച്ചല്ല സൂപ്പർ സ്റ്റുഡിയോ മലപ്പുറം കളിക്കുന്നത് എന്നതു തന്നെയാണ് സൂപ്പറിന് ഇത്ര സ്ഥിരതയോടെ വിജയങ്ങൾ ആവ്ർത്തിക്കാൻ കഴിയാനുള്ള പ്രധാന കാരണം. ഗോളുകൾ നേടുന്നത് ഇർഷാദോ പാട്രിക്കോ മാക്സോ മാത്രമാകില്ല, മൂസയും ഷാനിദും ഒക്കെ നിർണായ ഗോളുകൾ നേടാൻ വേണ്ടി അവസരത്തിനൊത്ത് ഉയരും. എടുത്തു പറയേണ്ട മറ്റൊരു താരം വല കാക്കുന്ന നാഷിദാണ്. 13 വിജയങ്ങളിൽ ആറു കളികളിലും സൂപ്പർ ഗോൾ വഴങ്ങാതെയായിരുന്നു ജയിച്ചത്.
നിർഭാഗ്യങ്ങൾ കാരണം സൂപ്പറിന് എണ്ണാൻ ഈ സീസണിൽ കിരീടങ്ങൾ ഒന്നും ഇതുവരെ കയ്യിലെത്തിയില്ലാ എങ്കിലും ബാബു തിരൂർക്കാടിന്റേയും മനുവിന്റേയും സാക്ഷാൽ സൂപ്പർ ബാവക്കയുടെയും ടീം ഈ സീസണിൽ എല്ലാ ശക്തരുടേയും ഒപ്പം തന്നെയുണ്ട്.