ജിയോണിയെ വീഴ്ത്തി സൂപ്പർ സ്റ്റുഡിയോ ചാവക്കാട് ഫൈനലിൽ

ചാവക്കാട് അഖിലേന്ത്യാ സെവൻസ് ഫൈനലിലേക്ക് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ. ജിയോണി മൊബൈൽ ഉഷാ എഫ് സിയെ ഇരു പാദങ്ങളിലുമായി 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ സീസണിലെ തങ്ങളുടെ രണ്ടാം ഫൈനലിലെത്തിയത്. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം.ആദ്യ പാദം 2-2 എന്ന സ്കോറിന് അവസാനിച്ചിരുന്നു. ഉഷാ എഫ് സിക്ക് ഈ പരാജയം വിജയമില്ലാത്ത തുടർച്ചയായ ഒമ്പതാം മത്സരമാണ് സമ്മാനിച്ചത്.

മങ്കടയിൽ ഏറ്റ പരാജയം ഫിഫാ മഞ്ചേരിക്ക് താങ്ങാനാവുന്നതായിരുന്നില്ല. അന്ന് ശാസ്താ മെഡിക്കൽസിനോടേറ്റ തോൽവിക്ക് ഫിഫാ മഞ്ചേരി ഷൊർണ്ണൂരിൽ സെമിഫൈനലിൽ കണക്കു തീർത്തിരിക്കുന്നു. ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ശാസ്താ മെഡിക്കൽസിനെ ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. വിജയത്തോടെ ഫിഫാ മഞ്ചേരി സീസണിലെ തങ്ങളുടെ രണ്ടാം ഫൈനലുറപ്പിച്ചു. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ജൂനിയർ ഫ്രാൻസിസും ഉസ്മാനും ഓരോ ഗോൾ വീതം നേടി ഫിഫാ മഞ്ചേരിയുടെ വിജയ ശില്പികളായി.

കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് തകർത്തത്. ജവഹർ മാവൂരിന്റെ സീസണിലെ ഏറ്റവും വലിയ പരാജയമാണിത്. കുന്നമംഗലത്ത് തങ്ങളുടെ മൂന്നാം അംഗവും വിജയിച്ചു കയറിയ ബ്ലേക്ക് & വൈറ്റ് ഇതോടെ കുന്നമംഗലത്ത് സെമി ഫൈനലിൽ എത്തി. ബ്ലേക്ക് & വൈറ്റ് കോഴിക്കോടിനു വേണ്ടി അഡബയോർ ഇരട്ടഗോളുമായി തിളങ്ങി.

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ന്യൂകാസിൽ ലക്കി സോക്കർ ആലുവയെ പരാജയപ്പെടുത്തി. ലക്കി സോക്കർ ആലുവയായിരുന്നു വണ്ടൂരിൽ ആദ്യ ഗോൾ നേടിയത്. ആൽബർട്ടിലൂടെ മുസാഫിർ എഫ് ഐ താമസിയാതെ സമനില പിടിച്ചു. ജാക്സണിലൂടെ 2-1നു കളിയിൽ മുന്നിലേക്കുവന്ന അൽ മദീന ചെർപ്പുളശ്ശേരിക്ക് പക്ഷെ കളിയിൽ നിർണ്ണായകമായത് ശ്രീജിത് നേടിയ മൂന്നാം ഗോളായിരുന്നു. വിവാദ ഫ്രീകിക്ക് ഗോൾ അനുവദിച്ചതിനെ തുടർന്നു കളി താൽകാലികമായി നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ച ഉടനെ രണ്ടാം ഗോളടിച്ച് 2-3 എന്ന സ്കോറിലേക്ക് ലക്കി സോക്കർ ആലുവ തിരിച്ചുവന്നു. പക്ഷെ സമനില ഗോൾ നേടാൻ ലക്കി സോക്കർ ആലുവയ്ക്ക് വണ്ടൂരിൽ സമയം ഉണ്ടായിരുന്നില്ല.

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് അവരുടെ രണ്ടാം മത്സരത്തിലും വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കെ എഫ് സി കാളിക്കാവ് പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം വിജയത്തിലൂടെ സീസൺ തുടക്കത്തിലെ ഫോമിലേക്ക് മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് തിരിച്ചുവരുന്നതാണ് കാണുന്നത്. എ വൈ സി ഉച്ചാരക്കടവ് ആകട്ടെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അവർ പരാജയപ്പെടുന്നത്.

കണിമംഗലം സെവൻസിൽ നാലാം രാത്രി ആതിഥേയരായ ജിംഖാന തൃശ്ശൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ തകർത്തു. കെ കെ സാർ പരിശീലിപ്പിക്കുന്ന സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിന്റെ സീസണിലെ ആദ്യ ജയമാണിത്. ജിംഖാന തൃശ്ശൂരിന്റെ ആവട്ടെ സീസണിലെ തുടർച്ചയായ നാലാം പരാജയവും. കണിമംഗലത്ത് ആതിഥേയർ പരാജയപ്പെട്ടെങ്കിൽ മണ്ണാർക്കാട് ആതിഥേയരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് വിജയക്കൊടി പറത്തി. അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കീഴടക്കിയത്. രണ്ടു ദിവസം മുന്നേ വണ്ടൂർ നടന്ന മത്സരത്തിലും ലിൻഷാ മെഡിക്കൽസ് ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal